

ശൈത്യകാല ഒളിംപിക്‌സിനൊപ്പം ശ്രദ്ധനേടുകയാണ് ഇറ്റലിയിലെ ബോര്‍മിയോ എന്ന ഗ്രാമം. തനതായ ശൈലിയിലെ കായികാവേശവുമായി ഗ്രാമവാസികള്‍ തെരുവിലിറങ്ങിയപ്പോള്‍ സ്റ്റെല്‍വിയോ താഴ്‌വര ഉത്സവലഹരിയിലായി.
മഞ്ഞ് പുതഞ്ഞ ബോര്‍മിയോയില്‍ ഇത് ആഘോഷങ്ങളുടെ കാലമാണ്. രാജ്യത്തിന്റെ നായകരാകാന്‍ ഒളിംപിക്‌സില്‍ താരങ്ങള്‍ പോരാടുമ്പോള്‍ ബോര്‍മിയോയിലെ മറ്റൊരു ആവേശ പോരാട്ടത്തില്‍ പ്രാദേശിക താരങ്ങള്‍ തെരുവിലിറങ്ങി. വര്‍ഷംതോറും നടക്കാറുള്ള പാലിയോ ഡെല്ലെ കോണ്‍ട്രാഡെ എന്ന സ്‌കീയിംഗ് മത്സരം തെരുവിനെ ആഘോഷ രാവാക്കി.
അഞ്ച് ടീമുകളായി തിരിഞ്ഞാണ് ഗ്രാമവാസികള്‍ ഈ സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. കൗതുകകരമായ കാര്യം, പലരും തടിയില്‍ തീര്‍ത്ത പഴയകാല സ്‌കീയിംഗ് പാദുകങ്ങള്‍ ഉപയോഗിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത് എന്നതാണ്. പുരാതന വസ്ത്രങ്ങള്‍ ധരിച്ച് പഴയ നഗരത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ അവര്‍ കുതിച്ചുനീങ്ങിയപ്പോള്‍ ബോര്‍മിയോ ഒരു ചരിത്രപുസ്തകം പോലെ തോന്നിപ്പിച്ചു...
ചിലര്‍ വിനോദത്തിനായി വേഷം കെട്ടി എത്തിയപ്പോള്‍, മറ്റുചിലര്‍ ജയത്തിനായി കഠിനമായി പോരാടി. ഒളിംപിക്‌സ് സ്ലാലോം മത്സരങ്ങള്‍ നടക്കുന്ന പ്രസിദ്ധമായ സ്റ്റെല്‍വിയോ താഴ്‌വാരത്തില്‍, ഗ്രാമവാസികളുടെ ആര്‍പ്പുവിളികള്‍ക്കിടയിലായിരുന്നു പോരാട്ടം. ഒളിംപിക്‌സ് ആവേശം ഗ്രാമത്തിലെ സാധാരണക്കാരിലേക്ക് എത്രത്തോളം ഇറങ്ങിച്ചെന്നിരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഈ മത്സരം.
ഒളിംപിക്‌സ് എന്ന മഹാമേളയ്ക്ക് നടുവിലും സ്വന്തം പാരമ്പര്യം മുറുകെപ്പിടിക്കുന്ന ബോര്‍മിയോയിലെ ഈ മനുഷ്യര്‍ കായിക ലോകത്തിന് നല്‍കുന്നത് വലിയൊരു പാഠമാണ്.