കാൾസൻ യുഗം അവസാനിക്കുന്നോ? വീഴ്ത്താൻ ഇന്ത്യൻ കൗമാരനിര

ഒരു ദശാബ്ദത്തിലേറെയായി കാൾസൻ ഇരിപ്പുറപ്പിച്ച സിംഹാസനത്തിന് അടുത്ത കാലത്തായി കുലുക്കമൊക്കെ അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ ഫിഡെ റാങ്കിങ് പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും.
Magnus carlsen vs Indian Chess Players
മാഗ്നസ് കാൾസൻ, ഡി. ഗുകേഷ്, വിശ്വനാഥൻ ആനന്ദ്Source: X/ Magnus carlsen, D Gukesh
Published on

ലോക ചെസ്സ് ചരിത്രത്തിൽ തുടരെ 14 വർഷങ്ങൾ ഫിഡെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഗ്നസ് കാൾസൻ്റെ തേരോട്ടം സമാനതകളില്ലാത്തൊരു ഏടാണ്. കാൾസൻ്റെ കരിയർ ബെസ്റ്റായ 2882 റേറ്റിംഗ് പോയിൻ്റ്, ചെസ്സ് ലോകത്ത് ഇന്നേവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്നതാണ്. ചെസ്സ് നിയമങ്ങളെക്കുറിച്ചുള്ള കാൾസൻ്റെ ആഴത്തിലുള്ള ധാരണ, തന്ത്രപരമായ നീക്കങ്ങൾ, എൻഡ്‌ ഗെയിമിലെ കൗശലം എന്നിവയെല്ലാം ലോകത്തെ ഏറ്റവും മികച്ചതാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യവുമാണ്. ഒരു ദശാബ്ദത്തിലേറെയായി കാൾസൻ ഇരിപ്പുറപ്പിച്ച സിംഹാസനത്തിന് അടുത്ത കാലത്തായി കുലുക്കമൊക്കെ അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ ഫിഡെ റാങ്കിങ് പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും.

എന്തുകൊണ്ട് കാൾസൻ ഇപ്പോഴും നമ്പർ വൺ?

ചെസ്സ് ബോർഡിലെ കരുനീക്കങ്ങളെക്കുറിച്ചുള്ള അസാധാരണമായ അറിവ്, സ്ഥിരതയുള്ള പ്രകടനം, സമസ്ത ഫോർമാറ്റുകളിലേയും ആധിപത്യം എന്നിവ കാരണമാണ് മാഗ്നസ് കാൾസൺ ലോക ചെസ്സിലെ നമ്പർ വൺ റാങ്കുകാരനായി ഇപ്പോഴും തുടരുന്നത്. ക്ലാസിക്കൽ ലോക ചാംപ്യൻഷിപ്പിൽ നിന്ന് പിന്മാറിയെങ്കിലും, റാപ്പിഡ്, ബ്ലിറ്റ്സ് ചെസ്സ് ഫോർമാറ്റുകളിലെ മികവുമായി കാൾസൻ ചെസ്സ് ലോകത്തെ അപ്രമാദിത്തം തുടരുകയാണ്. ക്ലാസിക്കല്‍ ചെസ്സ് കളിച്ചിരുന്ന കാള്‍സന്‍ പൊടുന്നനെയാണ് ഫ്രീസ്റ്റൈല്‍ ചെസ്സിൻ്റെ വക്താവായത്.

കാൾസന് നിലവിൽ 2839 റാങ്കിങ് പോയിൻ്റുകളാണുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ യുഎസുകാരായ ഹികാരു നകാമുറയും (2807), ഫാബിയാനോ കര്വാനയുമാണ് (2784). നാല് മുതൽ ആറ് വരെ സ്ഥാനങ്ങളിൽ ഇന്ത്യക്കാരായ കൗമാര താരങ്ങളാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇവരിൽ മുന്നിൽ ആർ. പ്രഗ്യാനന്ദയാണ് (2779). അഞ്ചും ആറും സ്ഥാനങ്ങളിലുള്ള അർജുൻ എരിഗൈസിക്കും ദൊമ്മരാജു ഗുകേഷിനും 2776 പോയിൻ്റ് വീതമാണുള്ളത്.

കാൾസൻ യുഗം അസ്തമിക്കാറായോ?

കഴിഞ്ഞ ഏതാനും നാളുകളായി 34കാരനായ ചെസ്സ് ഇതിഹാസത്തിൻ്റെ സമഗ്രാധിപത്യം അവസാനിക്കുന്നതിൻ്റെ സൂചനകളാണ് കാണാനാകുന്നത്. 2839 റാങ്കിങ് പോയിൻ്റുകളുള്ള കാൾസന് അമേരിക്കൻ, ഇന്ത്യൻ താരങ്ങളുടെ വെല്ലുവിളിയേറെയാണ്. ഇന്ത്യന്‍ കൗമാരക്കാരായ ഗുകേഷ്, പ്രഗ്യാനന്ദ, അര്‍ജുന്‍ എരിഗൈസി എന്നിവരും, കേരളത്തില്‍ നിന്നുള്ള മറ്റൊരു കൗമാര പ്രതിഭയായ നിഹാല്‍ സരിനും ഇടയ്‌ക്കിടെ മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നത് പതിവായിരിക്കുകയാണ്.

ഏത് ടൂര്‍ണമെന്‍റിലേയും ആദ്യ റൗണ്ട് തോല്‍വികളിൽ നിന്ന് തിരിച്ചുവരാനുള്ള കാള്‍സൻ്റെ കഴിവ് അപാരമാണ്. നോര്‍വ്വെ ചെസ്സില്‍ ഗുകേഷിനോട് രണ്ട് തവണ തോറ്റിട്ടും കാള്‍സന് കിരീടം നേടാനായിരുന്നു. പിന്നീട് നടന്ന സൂപ്പര്‍ യുണൈറ്റഡ് ചെസിലും ഗുകേഷ് കാള്‍സനെ തോല്‍പിച്ചിരുന്നു. എന്നാൽ ഈ ടൂര്‍ണമെന്‍റിലും കാള്‍സന്‍ പിന്നീട് തകർപ്പൻ തിരിച്ചുവരവ് നടത്തി ജേതാവായി.

അടുത്തിടെ നടന്ന ഓണ്‍ലൈന്‍ ബ്ലിറ്റ്സ് ചെസ്സില്‍ രണ്ട് തവണയാണ് കേരളത്തിൻ്റെ ഗ്രാൻഡ് മാസ്റ്ററായ നിഹാല്‍ സരിന്‍ കാള്‍സനെ തോല്‍പിച്ചത്. ചൊവ്വാഴ്ചകളില്‍ നടക്കുന്ന ടൈറ്റില്‍‍ഡ് ട്യൂസ്ഡേ ചെസ് ടൂര്‍ണമെന്‍റില്‍ നിഹാല്‍ ഒരു തവണ ചാംപ്യനുമായി.

ചെസ്സ് ബോർഡിൽ കാൾസൻ തളരുന്നോ?

ലാസ് വെഗാസില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പ്രഗ്യാനന്ദയോട് തോറ്റ മാഗ്നസ് കാള്‍സന്‍ ഈ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായിരിക്കുകയാണ്. പ്രഗ്യാനന്ദയോട് പരാജയപ്പെട്ട കാള്‍സന്‍ പിന്നീട് യുഎസിൻ്റെ വെസ്ലി സോയോടും തോറ്റു. ഒടുവില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാനുള്ള ടൈബ്രേക്കറില്‍ രണ്ട് കളികളിലും അമേരിക്കന്‍ ഗ്രാൻഡ് മാസ്റ്റര്‍ ലെവോണ്‍ ആരോണിയനോട് തോറ്റു.

നിലവിൽ കാള്‍സൻ്റെ ഫോം കുറഞ്ഞുവരുന്നുവെന്നാണ് ചെസ്സ് ലോകം വിലയിരുത്തുന്നത്. തുടര്‍ച്ചയായി ടൂര്‍ണമെന്‍റുകളില്‍ മത്സരിക്കുന്നതിൻ്റെ അമിത മാനസികസമ്മര്‍ദ്ദം താരത്തിൻ്റെ പ്രതിഭയെ തളർത്തുകയാണെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. ചെസ്സിൽ മാഗ്നസ് കാൾസൻ്റെ അപ്രമാദിത്തം ഇനി അധികനാൾ തുടരുകയില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

നോര്‍വെ ചെസ്സില്‍ ഗുകേഷിനോടേറ്റ പരാജയത്തിനൊടുവിൽ അമര്‍ഷത്തോടെ മേശയിലിടിച്ച് ചെസ് കരുക്കള്‍ തെറിപ്പിച്ച കാള്‍സൻ്റെ പെരുമാറ്റം വിമർശിക്കപ്പെട്ടിരുന്നു. താരത്തിൻ്റെ അഹന്തയ്ക്കേറ്റ പ്രഹരമാണ് ഇത്തരമൊരു പ്രതികരണത്തിലേക്ക് നയിച്ചതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

കാൾസനെ നശിപ്പിക്കുന്നത് ഫ്രീസ്റ്റൈല്‍ ചെസ്സോ?

ക്ലാസിക്കല്‍ ചെസ്സ് മടുത്തുവെന്നും ഫ്രീസ്റ്റൈല്‍ ചെസ്സാണ് താന്‍ കൂടുതലായി ഇഷ്ടപ്പെടുന്നതെന്നും മാഗ്നസ് കാള്‍സന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. 10 മിനിറ്റിൽ തീരുന്ന 'ഫ്രീ സ്റ്റൈല്‍ ചെസ്സ്' ക്ലാസിക്കല്‍ ചെസ്സിനെ വിഴുങ്ങുമോയെന്ന ആശങ്കയിലാണ് ഫിഡെ. ക്ലാസിക്കല്‍ ചെസ്സില്‍ 40 കരുനീക്കങ്ങള്‍ക്ക് ഒന്നര മണിക്കൂറാണ് അനുവദിക്കുക. പക്ഷെ ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ പത്ത് മിനിറ്റേ ഒരു ഗെയിമിന് അനുവദിക്കൂ.

ഫ്രീ സ്റ്റൈല്‍ പ്രോത്സാഹിപ്പിക്കാനായി രൂപീകരിച്ച സംഘടനയുടെ തലപ്പത്തുള്ളയാളാണ് കാള്‍സന്‍. ഇതിലൂടെ ദിവസം ചെല്ലുന്തോറും അയാൾ കൂടുതല്‍ ധനികനായി മാറുകയാണ്. ഫിഡെയെ വെല്ലുവിളിച്ച് ഫ്രീ സ്റ്റൈല്‍ ചെസ്സ് ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കുന്നതിനാല്‍... കാള്‍സനും ഫിഡെയും തമ്മില്‍ ഉരസലുകൾ പതിവായിട്ടുണ്ട്. ക്ലാസിക്കല്‍ ചെസ്സ് നിയന്ത്രിക്കുന്നത് ഫിഡെ എന്ന ആഗോള ചെസ്സ് ഫെഡറേഷനാണ്. ഇന്ത്യക്കാരനായ വിശ്വനാഥന്‍ ആനന്ദ് നിലവിൽ ഫിഡെയുടെ വൈസ് പ്രസിഡന്‍റാണ്. പലപ്പോഴും ആനന്ദിനെ കടുത്ത വാക്കുകൾ കൊണ്ട് വിമർശിക്കാനും അയാൾ ഒരുമ്പെട്ടിട്ടുണ്ട്. എന്നാൽ, പരസ്യമായി ഇതിനോടെല്ലാം പ്രതികരിക്കാൻ മടിക്കുന്ന ആനന്ദ് താൻ വളർത്തിയെടുത്ത കൗമാര ചെസ്സ് ചാംപ്യന്മാരിലൂടെ കാൾസൻ്റെ ഉറക്കം കെടുത്തുന്നുണ്ട്. അതാണ് സ്പോർട്മാൻ സ്പിരിറ്റ്.

ചെസ്സിലെ ഇളയതലമുറക്കാരോട് മാഗ്നസ് കാൾസൻ തോൽക്കുന്നുവെന്ന വാർത്തയ്ക്ക് ഇപ്പോൾ പുതുമ നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു... 1990ൽ നോർവെയിലെ ടൺസ്ബർഗിൽ, ഹെൻറിക് ആൽബർട്ട് കാൾസൺ-സിഗ്രൺ ദമ്പതികളുടെ മകനായി ജനിച്ച കാൾസന് ഇപ്പോൾ പ്രായം 34 ആയിട്ടുണ്ട്.

അതേസമയം, ഇന്ത്യക്കാരായ പ്രഗ്യാനന്ദയ്‌ക്ക് 19, ഗുകേഷിന് 18, അര്‍ജുന്‍ എരിഗൈസിക്ക് 21, നിഹാല്‍ സരിന് 21 എന്നിങ്ങനെയാണ് പ്രായം... 'ദി വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ്സ് അക്കാദമി'യിലൂടെ ഉയര്‍ന്നുവരുന്ന ഒട്ടേറെ കൗമാര ചെസ്സ് പ്രതിഭകള്‍ ഇന്ത്യയിൽ ഇനിയുമേറെയുണ്ട്. പ്രതിഭയ്ക്ക് മങ്ങലേറ്റു തുടങ്ങിയ ലോക ഒന്നാം നമ്പർ താരത്തിന് ഇനി ഇവരുടെയൊക്കെ മുന്നിൽ എങ്ങനെ പിടിച്ചുനിൽക്കാനാകുമെന്ന് കണ്ടറിയണം...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com