മുഖംമൂടി അഴിച്ചുവെക്കാൻ 'റേ മിസ്റ്റീരിയോ'; റെസ്‌ലിങ് റിംഗിനോട് വിടപറയാനൊരുങ്ങി ഇതിഹാസം

2027 ജൂൺ 12ന് മെക്സിക്കോ സിറ്റിയിലെ വിഖ്യാതമായ എസ്റ്റാഡിയോ ബനോർട്ടെ വേദിയിൽ വെച്ചായിരിക്കും തന്റെ കരിയറിലെ അവസാന അങ്കമെന്ന് താരം ഔദ്യോഗികമായി അറിയിച്ചു
റേ മിസ്റ്റീരിയോ
റേ മിസ്റ്റീരിയോphoto|WWE
Published on: 
Updated on: 

ഹ്യൂസ്റ്റൺ: പ്രൊഫഷണൽ ഗുസ്തി ലോകത്തെ ഇതിഹാസ താരവും ഡബ്ല്യു.ഡബ്ല്യു.ഇ (WWE) ഹാൾ ഓഫ് ഫെയിമറുമായ റേ മിസ്റ്റീരിയോ മത്സരരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഹ്യൂസ്റ്റണിലെ ഡെയ്കിൻ പാർക്കിൽ നടന്ന 'സർവൈവർ സീരീസ്: വാർഗെയിംസ്' പോരാട്ടത്തിന് ശേഷമുള്ള അഭിമുഖത്തിലായിരുന്നു ആരാധകരെ വികാരാധീനരാക്കിയ പ്രഖ്യാപനം. 2027 ജൂൺ 12ന് മെക്സിക്കോ സിറ്റിയിലെ വിഖ്യാതമായ എസ്റ്റാഡിയോ ബനോർട്ടെ വേദിയിൽ വെച്ചായിരിക്കും തന്റെ കരിയറിലെ അവസാന അങ്കമെന്ന് താരം ഔദ്യോഗികമായി അറിയിച്ചു.

റേ മിസ്റ്റീരിയോ
റെസ്‌ലിങ് ഇതിഹാസം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

2027 തനിക്ക് ഏറെ സവിശേഷമായ വർഷമായിരിക്കുമെന്നും സ്വന്തം നാട്ടുകാർക്ക് മുന്നിൽ വെച്ച് കായികജീവിതത്തിന് വിരാമമിടാൻ സാധിക്കുന്നത് വലിയ അഭിമാനമാണെന്നും മിസ്റ്റീരിയോ വ്യക്തമാക്കി. സർവൈവർ സീരീസിൽ അമേരിക്കൻ സംഘത്തിനെതിരെ മെക്സിക്കൻ പടയെ വിജയത്തിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ. പ്രഖ്യാപനത്തിന് പിന്നാലെ വേദിയിലുണ്ടായിരുന്ന ആരാധകർ വിരമിക്കരുതെന്നാവശ്യപ്പെട്ട് ആർത്തുവിളിച്ചെങ്കിലും, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഐതിഹാസിക യാത്ര അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ അമ്പത്തിയൊന്നുകാരൻ ഉറച്ചുനിൽക്കുകയായിരുന്നു.

1989-ൽ പ്രൊഫഷണൽ ഗുസ്തിയിൽ അരങ്ങേറ്റം കുറിച്ച മിസ്റ്റീരിയോ, എ.എ.എ (AAA), ഡബ്ല്യു.സി.ഡബ്ല്യു (WCW) എന്നിവയിലൂടെ ശ്രദ്ധേയനായ ശേഷം 2002ലാണ് ഡബ്ല്യു.ഡബ്ല്യു.ഇ.യുടെ ഭാഗമാകുന്നത്. തന്റെ തനതായ '619' അടവുകളിലൂടെയും അസാമാന്യമായ മെയ്‌വഴക്കത്തിലൂടെയും വായുവിലുയർന്നുള്ള അഭ്യാസങ്ങളിലൂടെയും ലോകമെമ്പാടുമുള്ള കായികപ്രേമികളുടെ പ്രിയങ്കരനായി അദ്ദേഹം മാറി. 2006-ലെ റോയൽ റംബിൾ ജേതാവും ഒന്നിലധികം തവണ ലോക ജേതാവുമായ മിസ്റ്റീരിയോയെ ലോകം, 2023-ൽ WWE ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി ആദരിച്ചിരുന്നു.

1970, 1986 ഫിഫ ലോകകപ്പ് കലാശപ്പോരാട്ടങ്ങൾക്ക് വേദിയായ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ബനോർട്ടെയിൽ നടക്കുന്ന വിടവാങ്ങൽ മത്സരത്തിൽ ആരായിരിക്കും എതിരാളിയെന്ന് WWE ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മകൻ ഡൊമിനിക് മിസ്റ്റീരിയോ അല്ലെങ്കിൽ മുൻ ലോക ജേതാവ് ഗുന്തർ എന്നിവരിൽ ഒരാളാകാൻ സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മിസ്റ്റീരിയോയുടെ വിടവാങ്ങൽ പര്യടനത്തിലെ മറ്റ് പോരാട്ടങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് കരുതുന്നത്.