

വിരമിക്കല്‍ സ്ഥിരീകരിച്ച് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ . മുട്ടിലെ പരിക്ക് മൂലം രണ്ട് വര്‍ഷമായി മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. ഒരു പോഡ്കാസ്റ്റിലാണ് ബാഡ്മിന്റണില്‍ നിന്നും വിരമിച്ച കാര്യം സൈന സ്ഥിരീകരിച്ചത്.
2012 ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍ സമ്മാനിച്ച താരമാണ് സൈന നെഹ്‌വാള്‍. വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മുന്നണി പോരാളിയായിരുന്നു. 2023 ലെ സിങ്കപ്പൂര്‍ ഓപ്പണിലാണ് സൈന അവസാനമായി മത്സരിച്ചത്. അതിനു ശേഷം മത്സര രംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നെങ്കിലും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ല.
രണ്ട് വര്‍ഷം മുമ്പ് തന്നെ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയതായി സൈന പറഞ്ഞു. ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഇന്ത്യന്‍ താരം പറഞ്ഞു.
സ്വന്തം തീരുമാന പ്രകാരമാണ് ബാഡ്മിന്റണിലേക്ക് വന്നത്, ഇപ്പോള്‍ സ്വന്തം തീരുമാനത്തില്‍ ഉപേക്ഷിക്കുന്നു. അത് പ്രത്യേകമായി പ്രഖ്യാപിക്കേണ്ടതായി തോന്നുന്നില്ല. മത്സരിക്കാനുള്ള ശാരീരിക ക്ഷമത ഇല്ലെങ്കില്‍, പിന്നെ വേറൊന്നും ചെയ്യാനില്ലെന്നും സൈന പറഞ്ഞു.
കാല്‍മുട്ടിലെ ബലക്ഷയം മൂലം കഠിനമായ പരിശീലനങ്ങള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി എന്നും താരം പറഞ്ഞു. ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടതായി തോന്നുന്നില്ലെന്നും സൈന പറഞ്ഞു. മെല്ലെ മെല്ലെ താന്‍ മത്സരിക്കുന്നില്ലെന്ന് ആളുകള്‍ മനസ്സിലാക്കും എന്നായിരുന്നു മറുപടി.
കാല്‍മുട്ടിലെ പരിക്കു മൂലം ചെറിയ രീതിയിലുള്ള പരിശീലനം പോലും അസാധ്യമായിരിക്കുകയാണ്. കാല്‍മുട്ടിലെ തരുണാസ്ഥി പൂര്‍ണമായി നശിച്ചു. ആര്‍ത്രൈറ്റിസ് (വാതം) ഉണ്ട്. ഈ അവസ്ഥയില്‍ പരിശീലനം നടത്താന്‍ സാധ്യമല്ല.
ലോകത്തിലെ ഏറ്റവും മികച്ച ആളാകാന്‍ എട്ട്, ഒമ്പത് മണിക്കൂര്‍ പരിശീലനം നടത്തണം. ഇപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂറില്‍ മുട്ട് തളരും. വളരെ ബുദ്ധിമുട്ടായതിനാല്‍ മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും സൈന പറഞ്ഞു.
വനിതാ ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യന്‍ താരമാണ് സൈന നെഹ്‌വാള്‍.