

ഡൽഹി: ലോക ബാഡ്‌മിൻ്റൺ ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് നിരാശ. വനിതാ വിഭാഗം ഡബിൾസ് സെമിയിൽ ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് സഖ്യത്തിന് തോൽവി. ചൈനയുടെ ലോക ഒന്നാം നമ്പർ സഖ്യത്തോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം തോറ്റത്. സ്കോർ: 18-21, 21-13, 21-8
ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ഇന്ത്യൻ സഖ്യത്തിൻ്റെ തോൽവി. തോൽവി വഴങ്ങിയെങ്കിലും സഖ്യത്തിന് വെങ്കല മെഡൽ ലഭിക്കും. ആദ്യ ഗെയിം 21-18 ന് ട്രീസയും ഗായത്രിയും വിജയിച്ചതിന് ശേഷം, ചൈനീസ് ജോഡി ശക്തമായി തിരിച്ചടിച്ച് 21-13 ന് രണ്ടാം ഗെയിം നേടി. തുടർന്ന് 21-8 മൂന്നാം ഗെയിമും നിർണായക വിജയവും നേടി ചൈനീസ് സഖ്യം ഫൈനലിലേക്ക് മുന്നേറി.
ലോക ബാഡ്‌മിൻ്റൺ ചാംപ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഇന്ത്യയുടെ 15 വർഷത്തെ കാത്തിരിപ്പിനാണ് ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും വിരാമമിട്ടത്. ഡൽഹിയിൽ സെമി ഫൈനലിൽ എത്തിയതോടെ, ഈ ജോഡി വെങ്കല മെഡൽ ഉറപ്പാക്കിയിരുന്നു. 2011ൽ ലണ്ടനിൽ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം നേടിയതിനു ശേഷം ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഡബിൾസ് ജോഡിയായി അവർ മാറി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ മുൻനിര ഡബിൾസ് കോമ്പിനേഷനുകളിൽ ഒന്നായി സ്ഥിരമായി വളർന്ന ട്രീസയ്ക്കും ഗായത്രിക്കും ഈ നേട്ടം മറ്റൊരു പ്രധാന നാഴികക്കല്ലാണ്.