സെമി കടക്കാനാകാതെ അരീന സെബലെങ്ക; വിംബിള്‍ഡണ്‍ വനിതാ സെമിയില്‍ വമ്പന്‍ അട്ടിമറി

സെമിയില്‍ രണ്ട് മണിക്കൂര്‍ 37 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് അമാന്‍ഡയ്ക്ക് മുന്നില്‍ സെബലങ്ക അടിയറവ് പറഞ്ഞത്
Image: X
Image: X
Published on

വിംബിള്‍ഡണ്‍ വനിതാ സെമി ഫൈനലില്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം അരീന സെബലെങ്കയെ തോല്‍പ്പിച്ച് അമേരിക്കയുടെ അമാന്‍ഡ അനിസിമോവ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ രണ്ട് മണിക്കൂര്‍ 37 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് അമാന്‍ഡയ്ക്ക് മുന്നില്‍ സെബലങ്ക അടിയറവ് പറഞ്ഞത്. സ്‌കോര്‍: 6:4, 4:6, 6:4.

പുല്‍ കോര്‍ട്ടില്‍ സെബലെങ്കയുടെ വിധി തുടരുകയാണെന്ന് വേണം പറയാന്‍. ഇത് മൂന്നാം തവണയാണ് വിംബിള്‍ഡണ്‍ സെമിഫൈനലില്‍ സെബലെങ്ക പുറത്താകുന്നത്. നേരത്തെ, 2021 ചെക് താരം കരോളീന പ്ലിസ്‌കോവയോടും 2023 ല്‍ ടുണീഷ്യന്‍ താരം ഓന്‍സ് ജാബിറിനോടും താരം പരാജയപ്പെട്ടിരുന്നു. 2025 ലും സമാനവിധി സെബലെങ്കയെ തേടിയെത്തിയിരിക്കുകയാണ്.

ടൂര്‍ണമെന്റില്‍ 13ാം സീഡ് കാരിയാണ് അമാന്‍ഡ. കരിയറില്‍ ആദ്യത്തെ വിംബിള്‍ഡണ്‍ ഫൈനലിലേക്കാണ് 23 കാരിയായ അമാന്‍ഡ പ്രവേശിച്ചിരിക്കുന്നത്. 2019 ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനല്‍ വരെ അമാന്‍ഡ എത്തിയിരുന്നു.

ഫൈനല്‍ പ്രവേശനത്തോടെ മറ്റൊരു റെക്കോര്‍ഡും അമാന്‍ഡ സ്വന്തമാക്കി. 2004 ല്‍ സെറീന വില്യംസിന് ശേഷം വിംബിള്‍ഡണ്‍ സിംഗിള്‍സ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കന്‍ വനിതയായി അമാൻഡ മാറി. അന്ന് ഫൈനലില്‍ മരിയ ഷറപോവയോട് സെറീന പരാജയപ്പെട്ടിരുന്നു.

രണ്ട് മണിക്കൂര്‍ 37 മിനുട്ട് നീണ്ട സെമി പോരാട്ടത്തില്‍ പലപ്പോഴും അമാന്‍ഡയുടെ കരുത്തിനു മുന്നില്‍ സെബലെങ്ക പതറി. ആദ്യ സെറ്റില്‍ ഒമ്പതാം ഗെയിമില്‍ അമാന്‍ഡയുടെ സെര്‍വ് ഭേദിക്കാന്‍ സബലെങ്കയ്ക്ക് നാല് അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെക്കാന്‍ ബെലാറൂസ് താരത്തിന് കഴിഞ്ഞില്ല. അതിന്റെ വിലയും നല്‍കേണ്ടി വന്നു. 6:4 ന് അമാന്‍ഡ സെറ്റ് നേടി. രണ്ടാം സെറ്റ് സെബലെങ്ക തിരിച്ചു പിടിച്ചെങ്കിലും മൂന്നാം സെറ്റും കളിയും നേടി അമാന്‍ഡ ഫൈനല്‍ ഉറപ്പിച്ചു.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ പോളിഷ് എട്ടാം സീഡ് ഇഗ സ്വിയാറ്റെക്കിനെയോ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ലോക നമ്പര്‍ 35 ാം റാങ്കുകാരി ബെലിന്‍ഡ ബെന്‍സിക്കിനെയോ ആയിരിക്കും അമാന്‍ഡയുടെ എതിരാളി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com