
ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തില്‍ ഓസ്ട്രിയയെ കീഴടക്കി തുര്‍ക്കി ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് തുര്‍ക്കിയുടെ ജയം. രണ്ട് ഗോളുകള്‍ നേടിയ മെറിഹ് ഡെമിറലാണ് തുര്‍ക്കിയ്ക്കായി തിളങ്ങിയത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സാണ് തുര്‍ക്കിയുടെ എതിരാളികള്‍.
മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ റാള്‍ഫ് റാഗ്നിക്കിന്റെ സംഘത്തിന് പ്രഹരമേറ്റു. ഒന്നാം മിനിറ്റില്‍ തന്നെ തുര്‍ക്കി വലകുലുക്കി. മെറിഹ് ഡെമിറലാണ് തുര്‍ക്കിക്കായി ലക്ഷ്യം കണ്ടത്. കോര്‍ണറിലൂടെയാണ് ഗോള്‍ പിറന്നത്. ബോക്‌സിനുള്ളില്‍ നിന്ന് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഓസ്ട്രിയന്‍ താരങ്ങള്‍ക്ക് പിഴച്ചു. പന്ത് കിട്ടിയ ഡെമിറൽ വേഗത്തില്‍ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഒരു ഗോള്‍ വീണതിന് പിന്നാലെ ഓസ്ട്രിയ മികച്ച മുന്നേറ്റങ്ങള്‍ നടത്തി.
സാബിറ്റ്‌സറും അര്‍ണാടോവിക്കും തുര്‍ക്കി ബോക്‌സില്‍ അപകടം വിതച്ചുകൊണ്ടേയിരുന്നു. എന്നാല്‍ തുര്‍ക്കി പ്രതിരോധം ശക്തമായി നിന്നു. തുര്‍ക്കി താരങ്ങള്‍ പല തവണ ഓസ്ട്രിയന്‍ ബോക്‌സിലേക്ക് ആക്രമണങ്ങൾ നടത്തി. അതോടെ മത്സരം കടുത്തു. എന്നാല്‍ പിന്നീട് ടീമുകള്‍ക്ക് ഗോള്‍ നേടാനായില്ല. ആദ്യ പകുതി തുര്‍ക്കി മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഓസ്ട്രിയന്‍ മുന്നേറ്റം മികച്ചുനിന്നു. തുടക്കത്തില്‍ തന്നെ സമനിലഗോളിനായി നിരവധി ഷോട്ടുകൾ അവർ ഉതിർത്തു. എന്നാല്‍ തുര്‍ക്കി ഗോളിയുടെ മികച്ച സേവുകളാണ് ടീമിന്റെ രക്ഷയ്ക്കായെത്തിയത്. അതിനിടയില്‍ തുര്‍ക്കി രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ ഓസ്ട്രിയ പ്രതിരോധത്തിലായി. ഇത്തവണയും മെറിഹ് ഡെമിറലാണ് ലക്ഷ്യം കണ്ടത്. കോര്‍ണറില്‍ നിന്ന് മികച്ച ഹെഡറിലൂടെയാണ് താരം ഗോളടിച്ചത്.
തിരിച്ചടിക്കാന്‍ നിരനിരയായി ആക്രമണങ്ങള്‍ നടത്തിയ ഓസ്ട്രിയ ഒടുവില്‍ ലക്ഷ്യം കണ്ടു. 66-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പകരക്കാരനായെത്തിയ മൈക്കല്‍ ഗ്രഗറിറ്റ്‌സാണ് വലകുലുക്കിയത്. കോര്‍ണറില്‍ നിന്ന് സ്റ്റീഫന്‍ പോഷിന്റെ ഹെഡറില്‍ നിന്ന് കിട്ടിയ പന്ത് ഗ്രഗറിറ്റ്‌സ് വലയിലാക്കി. സമനില ഗോളിനായി ഓസ്ട്രിയ വീണ്ടും മുന്നേറി. അവസാന നിമിഷം തുര്‍ക്കി ഗോളിയുടെ കിടിലന്‍ സേവ് രക്ഷക്കെത്തിയതോടെ ഓസ്ട്രിയയെ വീഴ്ത്തി തുർക്കി ക്വാര്‍ട്ടറിലേക്ക് മുന്നേറി.