
പാരീസ് ഡയമണ്ട് ലീഗിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ റെക്കോർഡിട്ട് ഇന്ത്യൻ താരം അവിനാഷ് സാബ്ലെ. മൂവായിരം മീറ്ററിലെ തൻ്റെ തന്നെ ദേശീയ റെക്കോർഡാണ് താരം തിരുത്തി കുറിച്ചത്. എട്ട് മിനിറ്റ് പതിനൊന്ന് സെക്കൻഡ് എന്ന താരത്തിൻ്റെ തന്നെ മുൻ റെക്കോർഡ്, എട്ട് മിനിറ്റ് ഒൻപത് സെക്കൻഡ് ആക്കി തിരുത്തി കുറിക്കുകയായിരുന്നു അവിനാഷ് സാബ്ലെ. നിലവിലെ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് കൂടിയാണ് അവിനാഷ്.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മണ്‍ഡ്വാ ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് വരുന്ന താരം, ഇത് പത്താം തവണയാണ് ദേശീയ റെക്കോർഡ് തിരുത്തുന്നത്. മത്സരത്തില്‍ എത്യോപ്യയുടെ അബ്രഹാം സൈമാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്. എട്ട് മിനിറ്റ് രണ്ട് സെക്കന്‍ഡിലായിരുന്നു താരത്തിന്‍റെ ഫിനിഷിങ്. വെള്ളി നേടിയത് കെനിയൻ താരം അമോസ് സെറമിനാണ്.