
പാരിസ് ഒളിംപിക്‌സിൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഫുട്ബോളിൽ അർജൻ്റീനയും സ്പെയിനും ഇന്നിറങ്ങും. 206 രാജ്യങ്ങൾ ഏറ്റുമുട്ടുന്ന ഒളിംപിക്‌സിൻ്റെ പുരുഷ ഫുട്ബോൾ കളത്തിൽ ആറ് വൻകരകളിലെ 16 രാജ്യങ്ങൾക്കാണ് ഇത്തവണ അവസരം. കോപ്പ അമേരിക്ക ചാംപ്യന്മാരായ അർജൻ്റീനയും യൂറോകപ്പിലെ ചാംപ്യനായ സ്പെയിനും മൂന്നാം സ്ഥാനത്തുള്ള ഫ്രാൻസുമാണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. അണ്ടർ 23 ടീമിനാണ് ഒളിംപിക്‌സിൽ അവസരമെങ്കിലും മൂന്ന് സീനിയർ താരങ്ങളെയും ടീമുകൾക്ക് കളിപ്പിക്കാം.
അർജൻ്റീനയ്ക്കൊപ്പം നാല് കിരീടങ്ങൾ സ്വന്തമാക്കിയ നിക്കോളാസ് ഓട്ടമെൻ്റിക്കാണ് ഇത്തവണ കോപ്പ അമേരിക്ക ചാംപ്യന്മാരെ നയിക്കാനുള്ള ചുമതല. മുന്നേറ്റത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ ആൽവരസും ടീമിൽ സീനിയർ താരമെന്ന പകിട്ടിൽ കളിക്കും. ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും ഫിനലിസിമയും നേടിയ കരുത്തോടെയാണ് അർജൻ്റീനയുടെ പടയിറങ്ങുന്നത്. മുൻതാരം ഹാവിയർ മഷെറാനോയാണ് ടീമിൻ്റെ പരിശീലകൻ.
ആദ്യമത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണ് അർജൻ്റീനയുടെ എതിരാളികൾ. യുവതാരങ്ങളുടെ കരുത്തിൽ യൂറോകപ്പിൽ കിരീടം നേടിയ സ്പെയിൻ തുടർച്ചയായ രണ്ടാം ഫൈനലാണ് ലക്ഷ്യമിടുന്നത്. ബ്രസീലിന് മുന്നിൽ ഫൈനലിൽ വീണ സ്പെയിൻ കഴിഞ്ഞ തവണ നേടിയ വെള്ളി ഇത്തവണ സ്വർണമാക്കാനുള്ള മോഹവുമായാണ് ഇറങ്ങുന്നത്. ഉസ്ബെക്കിസ്ഥാനാണ് സ്പെയിനിൻ്റെ ആദ്യ എതിരാളികൾ. രണ്ടാം ഒളിംപിക് സ്വർണം ലക്ഷ്യമിടുന്ന ആതിഥേയരായ ഫ്രാൻസിനും കരുത്തുറ്റനിരയാണുള്ളത്. മുൻ ആഴ്സനൽ താരം അലക്സാണ്ട്രെ ലെകാസെറ്റാണ് ടീമിനെ നയിക്കുന്നത്. ഇതിഹാസ താരം തിയറി ഒൻറിയാണ് ടീമിന്റെ പരിശീലകൻ.
നിലവിലെ സ്വർണമെഡൽ ജേതാക്കളായ ബ്രസീലിന് ഇത്തവണ ഒളിംപിക് യോഗ്യതയില്ല. നാല് ഗ്രൂപ്പുകളിൽ നിന്നുമുള്ള രണ്ട് ടീമുകൾ വീതം ക്വാർട്ടറിലേക്ക് മുന്നേറും. ഓഗസ്റ്റ് 9നാണ് സ്വർണ മെഡൽ ഉറപ്പിക്കുന്ന ഫൈനൽ പോരാട്ടം. അമേരിക്ക, ബ്രസീൽ, ജർമ്മനി, ജപ്പാൻ, സ്പെയിൻ, ഫ്രാൻസ് തുടങ്ങി 16 ടീമുകൾ വനിതാ ഫുട്ബോളിലും മാറ്റുരയ്ക്കും.
റഗ്ബി മത്സരങ്ങൾക്കും ഒളിംപിക്‌സിൽ ഇന്ന് തുടക്കമാകും. നാളെ അമ്പെയ്ത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം.