പാരിസ് പാരാലിംപിക്സിന് സമാപനം; മെഡല്‍ പട്ടികയില്‍ ഒന്നാമത് ചൈന; 29 മെഡലുകളുമായി ഇന്ത്യ

ഏഴ് സ്വർണവും ഒമ്പത് വെള്ളിയും പതിമൂന്ന് വെങ്കലവുമടക്കം പാരിസ് പാരാലിംപിക്‌സിൽ ഇന്ത്യയുടെ നേട്ടം 29 മെഡലുകളാണ്
പാരിസ് പാരാലിംപിക്സിന് സമാപനം; മെഡല്‍ പട്ടികയില്‍ ഒന്നാമത് ചൈന; 29 മെഡലുകളുമായി ഇന്ത്യ
Published on

ലോകമെമ്പാടുമുള്ള പാരാ അത്‌ലറ്റുകളുടെ ആവേശകരമായ പ്രകടനങ്ങൾക്കൊടുവിൽ പാരാലിംപിക്സിന് സമാപനം. ഗെയിംസിൻ്റെ സമാപന സമ്മേളനം പാരിസിലെ സ്‌റ്റേഡ് ഡി ഫ്രാൻസിൽ നടന്നു. പാരാലിംപിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ടയുടെ തിളക്കവുമായി ഇന്ത്യൻ താരങ്ങൾ.

ജാസ് പിയാനിസ്റ്റായ മാത്യു വിറ്റേക്കർ, വയലിനിസ്റ്റും ഗായകനും ഗാനരചയിതാവുമായ ഗെയ്‌ലിൻ ലിയ, റാപ്പറും ഗാനരചയിതാവും അത്‌ലറ്റുമായ ഗാർനെറ്റ് സിൽവർ-ഹാൾ, പെർഫോമിംഗ് ആർട്ടിസ്റ്റ് ആൻഡേഴ്‌സൺ എന്നിവർ ചേർന്നൊരുക്കിയ സംഗീതരാവ് കാണികളെ ആവേശത്തിലാക്കി. ഫ്രഞ്ച് ഇലക്ട്രോണിക് സംഗീത രംഗത്തെ 24 കലാകാരന്മാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

അടുത്ത സമ്മർ പാരാലിംപിക് ഗെയിംസ് 2028ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലോസ് ഏഞ്ചൽസിൽ നടക്കും. പതാക കൈമാറൽ ചടങ്ങിൽ നടി അലി സ്ട്രോക്കർ യുഎസ് ദേശീയ ഗാനം ആലപിച്ചു. പരേഡുമായി അണിനിരന്ന രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ പതാകയേന്തിയത് അമ്പെയ്ത്ത് താരം ഹർവിന്ദറും സ്പ്രിൻ്റർ പ്രീതി പാലും ചേർന്നാണ്. 2024ലെ പാരിസ് പാരാലിംപിക്സ് പ്രസിഡൻ്റ് ടോണി എസ്റ്റാൻഗ്വെറ്റ് കാണികളുടെ കയ്യടികളുടെ അകമ്പടിയിൽ കായിക താരങ്ങൾക്ക് നന്ദി പറഞ്ഞു.

ALSO READ: 'സിന്നര്‍ ദി വിന്നര്‍'; യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം യാനിക് സിന്നറിന്

94 സ്വർണമടക്കം 220 മെഡലുകളോടെ ചൈനയാണ് ഇത്തവണ പാരാലിംപിക്സില്‍ ഒന്നാം സ്ഥാനത്ത്. 49 സ്വർണം നേടി ബ്രിട്ടൻ രണ്ടാം സ്ഥാനത്തും 36 സ്വർണത്തോടെ അമേരിക്ക മൂന്നാം സ്ഥാനത്തുമാണ്. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും പതിമൂന്ന് വെങ്കലവുമടക്കം പാരീസ് പാരാലിംപിക്‌സിൽ ഇന്ത്യയുടെ നേട്ടം 29 മെഡലുകളാണ്. ഒരു പാരാലിംപിക്സ് എഡിഷനിൽ ഇന്ത്യ നേടുന്ന ഏറ്റവും കൂടുതൽ മെഡൽ എന്ന റെക്കോർഡാണ് ഇത്തവണ കുറിച്ചിരിക്കുന്നത്. മെഡൽ വേട്ടയിൽ മാത്രമല്ല, സ്വർണം നേടുന്നതിലും പാരിസിൽ ഇന്ത്യൻ പാരാ താരങ്ങൾ ചരിത്രം കുറിച്ചു. ഏഴ് സ്വർണമാണ് ഇന്ത്യൻ താരങ്ങൾ ഇത്തവണ പാരിസിൽ നേടിയത്.

പുരുഷ – വനിതാ വിഭാഗങ്ങളിലായി 84 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരിസ് പാരാലിംപിക്‌സിൽ പങ്കെടുത്തത്. വനിതാ ഷൂട്ടിങ്ങിൽ അവനി ലേഖ്‌റ, ബാഡ്മിന്‍റൺ പുരുഷ സിംഗിൾസില്‍ എസ്.എൽ. നിതീഷ് കുമാർ, പുരുഷ ജാവലിൻ ത്രോ എഫ് 64ൽ സുമിത് അന്‍റിൽ, ക്ലബ് ത്രോ എഫ് 51ൽ ധരംബീർ നൈൻ, പുരുഷ ഹൈജംപ് ടി64ൽ പ്രവീൺ കുമാർ, ജാവലിൻ ത്രോ എഫ് 41ൽ നവദീപ് സിങ്, അമ്പെയ്ത്തിൽ ഹർവിന്ദർ സിങ്, എന്നിവരാണ് പാരിസ് പാരാലിംപിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com