
ഫ്രാൻസിനെതിരായ കൊളോണിയലിസ്റ്റ് രാജ്യമെന്നും അവിടുത്തെ ജനങ്ങളെ കാപട്യക്കാരെന്നും വിളിച്ച വൈസ് പ്രസിഡന്റ് വിക്ടോറിയ വിയ്യാറുവലിന്റെ നടപടിയിൽ ഫ്രാൻസിനോട് ക്ഷമാപണം നടത്തി അർജന്റീന. അർജന്റീന ഫുട്‌ബോൾ താരങ്ങൾ ഉൾപ്പെട്ട വംശീയാധിക്ഷേപ വിവാദത്തിൽ എൻസോ ഫെർണാണ്ടസിനെ പിന്തുണച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു വിക്ടോറിയയുടെ വിവാദ പരാമർശം.
വിക്ടോറിയ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രസ്താവന തീർത്തും വ്യക്തിപരമാണെന്ന് വിശദീകരിക്കാൻ ഫ്രഞ്ച് എംബസിയിലേക്ക് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ അയച്ചതായി പ്രസിഡന്റ് ഹാവിയർ മിലിയുടെ ഓഫീസ് അറിയിച്ചു.
കോപ്പ അമേരിക്ക കിരീടം നേടിയ ശേഷമുള്ള വിജയാഘോഷത്തിനിടെ കിലിയൻ എംബാപ്പെയേയും ഫ്രാൻസ് ദേശീയ ടീമിനെയും അർജന്റീന താരങ്ങൾ വംശീയമായി അധിക്ഷേപിച്ചതിനെ സംബന്ധിച്ചായിരുന്നു വിവാദം. അർജന്റീന താരം എൻസോ ഫെർണാണ്ടസ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലുള്ള ചാന്റിലായിരുന്നു എംബാപ്പെയ്ക്കും ടീമിലെ മറ്റ് ആഫ്രിക്കൻ വംശജർക്കുമെതിരേ അധിക്ഷേപ പരാമർശം ഉണ്ടായത്. സംഭവം വിവാദമായതിനു പിന്നാലെ എൻസോ ഈ വീഡിയോ പിൻവലിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു. പിന്നാലെ ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫ ഈ വിഷയത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു.
ഇതിനു പിന്നാലെയാണ് വിക്ടോറിയ വിയ്യാറുവൽ, എൻസോ ഫെർണാണ്ടസിന് പിന്തുണയുമായി രംഗത്തെത്തിയത്.
''ഒരു പാട്ടിന്റെ പേരിലോ അവർക്ക് അംഗീകരിക്കാൻ സാധിക്കാത്ത കാര്യങ്ങൾ പറഞ്ഞതിനോ ആരും ഞങ്ങളെ ഭയപ്പെടുത്താൻ വരണ്ട. അർജന്റീന പരമാധികാരമുള്ളതും സ്വതന്ത്രവുമായ രാജ്യമാണ്. ഞങ്ങൾക്ക് ഒരിക്കലും കോളനികളോ രണ്ടാംതരം പൗരന്മാരോ ഇല്ല. ഞങ്ങളുടെ ജീവിതരീതി ഞങ്ങൾ ആരുടെമേലും അടിച്ചേൽപ്പിച്ചിട്ടുമില്ല.'' വിക്ടോറിയയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു.