
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ ഇന്ത്യയുടെ ലെജൻഡുകളായ സച്ചിൻ്റേയും കോഹ്ലിയുടേയും റെക്കോർഡ് മറികടന്ന് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റിൽ എട്ട് സെഞ്ചുറികൾ കുറിക്കുന്ന പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗുർബാസ് എത്തിയത്. 22 വയസും 349 ദിവസവുമാണ് ഗുർബാസിന്റെ പ്രായം.
പട്ടികയിൽ മുന്നിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിൻ്റൺ ഡീകോക്കാണ്. 22 വയസും 312 ദിവസവും പ്രായമുള്ളപ്പോഴാണ് ഡീക്കോക്ക് 8 സെഞ്ചുറി നേടിയത്. ഏകദിന ക്രിക്കറ്റിൽ 8 സെഞ്ചുറി നേടുമ്പോൾ സച്ചിന് 22 വയസും 357 ദിവസവുമായിരുന്നു പ്രായം. വിരാട് കോഹ്ലി ഈ നേട്ടം സ്വന്തമാക്കുമ്പോൾ 23 വയസും 27 ദിവസവുമായിരുന്നു പ്രായം. പാക് താരം ബാബർ അസം 23 വയസും 280 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ 120 പന്തിൽ നിന്ന് അഞ്ച് ഫോറും ഏഴ് സിക്‌സും സഹിതം 101 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്. മത്സരത്തിൽ വിജയിച്ച അഫ്ഗാൻ പരമ്പര സ്വന്തമാക്കി.