തടസങ്ങള്‍ നീങ്ങി; ഇനി സഞ്ജുവിന്റെ സമയം

പ്രതിഭകളുടെ ധാരാളിത്തമുള്ള ഇന്ത്യയില്‍ ബിസിസിഐയുടെ ലോകകപ്പ് വിളിക്കായി സഞ്ജുവിന് ഒമ്പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നത്തില്‍ അതിശയിക്കേണ്ടതില്ല.
തടസങ്ങള്‍ നീങ്ങി; ഇനി സഞ്ജുവിന്റെ സമയം
Published on

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം' അത്രമേല്‍ അവഗണന നേരിട്ടൊരു മനുഷ്യന്‍റെ ഉയര്‍ത്തെഴുനേല്‍പ്പിന് സാക്ഷ്യം വഹിക്കാന്‍ ക്രിക്കറ്റ് ലോകത്തിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. സ്ഥിരതയില്ലാത്ത പ്രകടനം എന്ന വിമര്‍ശനത്തിലുടക്കി പലവട്ടം തഴയപ്പെട്ടപ്പോഴും ആ മനുഷ്യന്‍ ആരെയും കുറ്റപ്പെടുത്തിയില്ല. തനിക്കുള്ള അവസരം എത്തിച്ചേരും വരെ അയാള്‍ ക്ഷമയോടെ കാത്തിരുന്നു.കുറ്റപ്പെടുത്തിയവര്‍ക്ക് കളി മൈതനാത്ത് ബാറ്റുകൊണ്ട് അയാള്‍ മറുപടി നല്‍കി. ഇനിയും അയാളെ മാറ്റി നിര്‍ത്താനാവില്ല കാരണം അയാളുടെ കരുത്ത് എത്രത്തോളമാണെന്ന് ഇതിനോടകം അയാള്‍ തെളിയിച്ചു കഴിഞ്ഞു.2024 ഐസിസി ട്വന്‍റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ നീലക്കുപ്പായത്തില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കൊപ്പം മലയാളികളുടെ സ്വന്തം സഞ്ജു സാസണും ഉണ്ടാകും.

പ്രതിഭകളുടെ ധാരാളിത്തമുള്ള ഇന്ത്യയില്‍ ബിസിസിഐയുടെ ലോകകപ്പ് വിളിക്കായി സഞ്ജുവിന് ഒമ്പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നത്തില്‍ അതിശയിക്കേണ്ടതില്ല. പരിക്ക് മാറി ഋഷഭ് പന്തിന്റെ തിരിച്ചുവന്നതും  ഓള്‍റൗണ്ടർമാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന തീരുമാനവും ബാറ്റിങ് പൊസിഷനുമടക്കം ഇത്തവണയും സഞ്ജുവിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെ ഉണ്ടായിരുന്നു. എന്നാല്‍ മുന്‍പ് പലതവണ സെലക്ഷന്‍ കമ്മിറ്റി ചെയ്തതുപോലെ കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയുന്നതായിരുന്നില്ല ഈ ഐപിഎല്ലിലെ സഞ്ജുവിന്റെ പ്രകടനം.

ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആരെ പരിഗണിക്കണമെന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെയും മറ്റ് വിദേശ ടീമുകളുടെയും മുതിര്‍ന്ന താരങ്ങള്‍ ഒന്നടങ്കം പറഞ്ഞ പേരായിരുന്നു സഞ്ജുവിന്‍റെത്. പ്രകടനത്തിന്‍റെ മാറ്റുരച്ച് നോക്കിയാല്‍ കൂടെ പരിഗണിച്ചിരുന്നവരെക്കാള്‍ ഒരുപണതൂക്കം മുന്നില്‍ തന്നെയായിരുന്നു സഞ്ജുവിന്‍റെ സ്ഥാാനം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ബാറ്റുകൊണ്ടും വിക്കറ്റിന് പിന്നിലും മുന്നേറുന്നതിനിടയില്‍ അവസാനം ആ വിളിയെത്തി. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പ്, അധ്വാനം, ഉറ്റവരുടെയും ആരാധകരുടെയും പ്രാര്‍ത്ഥന. ഒടുവില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ശ്രീശാന്തിന് പിന്‍ഗാമിയായി മറ്റൊരു മലയാളി സാന്നിധ്യം കൂടി.രാജസ്ഥാന്‍ ആരാധകര്‍ക്ക് സഞ്ജു അവരുടെ പ്രിയപ്പെട്ട 'ചേട്ടന്‍'ആണ്.മലയാളികള്‍ക്കൊപ്പം സഞ്ജുവിന്‍റെ ലോകകപ്പ് പ്രവേശനത്തിലായി അവരും ആഗ്രഹിച്ചിരുന്നു.

2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരെയാണ് സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യിൽ അരങ്ങേറിയത്. ഇതുവരെ 25 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 374 റൺസ് താരം നേടിയിട്ടുണ്ട്.സ്ഥിരതയില്ല, അവസരം മുതലാക്കുന്നില്ല എന്നിവയാണ് സഞ്ജുവിനെതിരെ വിരമിച്ച സീനിയര്‍ താരങ്ങള്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം.ബോള്‍ കണ്ടാല്‍ വലിച്ചടിക്കാന്‍ തോന്നും എന്ന് പറഞ്ഞിരുന്ന സഞ്ജുവില്‍ നിന്ന് പക്വതയുള്ള ശ്രദ്ധയോടെ ബാറ്റുവീശുന്ന സഞ്ജുവിലേക്കുള്ള മാറ്റമാണ് താരത്തിന് ലോകകപ്പ് ടീമിലേക്കുള്ള വഴിയൊരുക്കിയത്.ഐപിഎല്ലില്‍ രാജസ്ഥാന്‍റെ മുന്‍നിര ബാറ്ററായ സഞ്ജുവിനെ ലോകകപ്പ് ടീമില്‍ കാത്തിരിക്കുന്ന സ്ഥാനം സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്.രോഹിതും വിരാട് കോലിയും അടക്കുള്ള പരിചയ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം യശസ്വി ജയ്സ്വാള്‍ കൂടി ചേരുന്നതാകും ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍. അങ്ങനെയെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യക്കും ശിവം ദുബെക്കും സൂര്യ കുമാര്‍ യാദവിനുമൊപ്പം മധ്യനിരയില്‍ കളിയുടെ ഗതിമാറ്റേണ്ട നിര്‍ണായക റോളിലാകും സഞ്ജുവിന് സ്ഥാനം ലഭിക്കുക.അതുമല്ലെങ്കില്‍ ആറാമനായോ ഏഴാമനായോ ഇറങ്ങി കളി വരുതിയിലാക്കേണ്ട ഒരു ഫിനിഷറുടെ റോളിലോ സഞ്ജുവിനെ കണ്ടേക്കാം.ലോകകപ്പ് മത്സരങ്ങളില്‍ അവസാന ഓവറുകളില്‍ ബാറ്റര്‍ക്ക് മേല്‍ ഉണ്ടാകുന്ന സമ്മര്‍ദത്തെ അതിജീവിക്കാന്‍ സാധിക്കണമെന്നതും താരത്തിന് മുന്നിലെ വെല്ലുവിളിയാണ്.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തും മത്സരിക്കുന്നുണ്ടെങ്കിലും അവിടെയും പ്രകടനം വിലയിരുത്തിയാല്‍ സഞ്ജുവിന് തന്നെയാണ് മേല്‍ക്കൈ.ധോണിയുടെ ക്വിക് മൈന്‍ഡും ഗില്‍ ക്രിസ്റ്റിന്‍റെ അനായാതയും ഒത്തുചേരുന്നതാണ് വിക്കറ്റ് കീപ്പര്‍ എന്ന നിലയിലെ താരത്തിന്‍റെ സമീപകാല പ്രകടനങ്ങള്‍.ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്‍റ് വിജയിക്കണമെങ്കില്‍ രോഹിത് ശര്‍മ്മയെ പോലെ സ്വന്തം സ്കോര്‍ നോക്കാതെ ടീമിന് വേണ്ടി സെല്‍ഫ് ലെസായി കളിക്കുന്ന താരങ്ങള്‍ ടീമില്‍ വേണം.ഇവിടെയാണ് സഞ്ജു സാംസണ്‍ ഒരു മികച്ച ഓപ്ഷനായി മാറുന്നത്.കൂറ്റനടികള്‍ക്ക് മുതിരാതെ സാഹചര്യം മുതലെടുത്ത് റണ്‍സ് കണ്ടെത്തുന്ന ശൈലിയാണ് സഞ്ജു ഇത്തവണ ഐപിഎല്ലില്‍ സ്വീകരിച്ചത്.അന്തിമ ഇലവനില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ ഇതൊക്കെ തന്നെ ധാരാളമാണ്.എന്നാല്‍ അപ്രതീക്ഷിതമായ തീരുമാനങ്ങള്‍ ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്ന ആശങ്കയും ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com