
ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. മിഡില്‍ ഓഡര്‍ ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവിന്‍റെ മികച്ച ഇന്നിങ്സിന്‍റെ ബലത്തിലാണ് ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയത്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചും സൂര്യ തന്നെയായിരുന്നു. ഇതോടെ വിരാട് കോഹ്ലിയുടെ ഒരു റെക്കോര്‍ഡിനൊപ്പം അതിവേഗത്തില്‍ എത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.
ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‍ലിക്കൊപ്പം ഇപ്പോള്‍ സൂര്യ ഒന്നാമതാണ്. തന്‍റെ പതിനഞ്ചാമത് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡായിരുന്നു അദ്ദേഹം സ്വന്തമാക്കിയത്. തന്‍റെ 64ാമത് മത്സരത്തിലാണ് സൂര്യ ഈ മൈല്‍സ്റ്റോണില്‍ എത്തിയത്. എന്നാല്‍ വിരാട് കോഹ്‍ലിക്കാകട്ടെ, ഈ നേട്ടം കരസ്ഥമാക്കാന്‍ 113 മത്സരങ്ങള്‍ വേണ്ടി വന്നു. വിരാടിനും സൂര്യയ്ക്കും പിറകിലായി ഈ പട്ടികയിലുള്ളത് 14 പ്ലെയര്‍ ഓഫ് ദി മാച്ചുകളുമായി മലേഷ്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരന്ദീപ് സിങ്ങും സിംബാവെ താരം സിക്കന്ദര്‍ റാസയും അഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബിയുമാണ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിട്ടും ടോപ്പ് ഓഡര്‍ ബാറ്റ്സ്മാന്മാരായ വിരാട് കോഹ്‍ലിയെയും രോഹിത് ശര്‍മ്മയെയും റിഷഭ് പന്തിനെയും എട്ട് ഓവര്‍ പിന്നിടും മുന്നേ ഇന്ത്യയ്ക്ക് നഷ്ടമായി. ഏഴാം ഓവറില്‍ സ്ട്രൈക്കില്‍ എത്തിയ സൂര്യകുമാര്‍ ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയെയും കൂട്ട് പിടിച്ച് ഇന്ത്യക്കായി അതിവേഗത്തില്‍ റണ്‍സ് കണ്ടെത്തിക്കൊണ്ടിരുന്നു. 28 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സറുകളും പായിച്ച് സൂര്യ നേടിയത് 53 റണ്‍സാണ്. ഫസല്‍ഹഖ് ഫാറൂഖിയുടെ പന്തില്‍ പതിനേഴാം ഓവറില്‍ സൂര്യ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 150ല്‍ എത്തിയിരുന്നു. നിശ്ചിത 20 ഓവറില്‍ ഇന്ത്യ നേടിയ 181 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് 134 റണ്‍സ് നേടാനേ കഴിഞ്ഞിരുന്നുള്ളൂ. ജസ്പ്രിത് ബുംറ നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷദീപ് സിങ്ങും മൂന്ന് വിക്കറ്റുകള്‍ നേടി ഇന്ത്യന്‍ വിജയം എളുപ്പത്തിലാക്കി.