ക്രൊയേഷ്യയെ തകര്‍ത്ത് സ്‌പെയിന്‍; മൂന്ന് ഗോളുകള്‍ക്ക് ജയം

യൂറോ കപ്പില്‍ കളിക്കുന്ന എറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടം സ്പാനിഷ് താരം ലാമിന്‍ യമാലിന് സ്വന്തം.
ക്രൊയേഷ്യയെ തകര്‍ത്ത് സ്‌പെയിന്‍; മൂന്ന് ഗോളുകള്‍ക്ക് ജയം
Published on

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ തോല്‍പ്പിച്ചുകൊണ്ട് സ്‌പെയിന്‍ യൂറോ കപ്പ് യാത്ര തുടങ്ങി. കളിയുടെ ആദ്യ പകുതിയില്‍, അല്‍വാരോ മൊറാട്ട (28), ഫാബിയന്‍ റൂയിസ് (32) എന്നിവരുടെ മൂന്ന് മിനിറ്റ് വ്യത്യാസത്തിലുള്ള രണ്ട് ഗോളുകള്‍. ആദ്യ പകുതി അവസാനിക്കും മുന്‍പ് ലാമിന്‍ യമാലിന്റെ പാസിലൂടെ ഡാനി കര്‍വജാല്‍ (47) വീണ്ടും ക്രൊയേഷ്യന്‍ വല കുലുക്കി. 3-0 നായിരുന്നു സ്പെയിനിന്റെ വിജയം.

ആദ്യ പകുതിയിലെ ലീഡ്, രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങാതെ സ്‌പെയിന്‍ നിലനിര്‍ത്തി. 80-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്രൊയേഷ്യ ഗോളാക്കിയെങ്കിലും റഫറി ഗോള്‍ നിഷേധിച്ചു. 78-ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ താരം പെരിസിച്ചിനെ റോഡ്രി ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. പെറ്റ്‌കോവിച്ച് എടുത്ത കിക്ക് സ്പാനിഷ് ഗോളി തട്ടിമാറ്റിയെങ്കിലും റീബൗണ്ടിലൂടെ പെരിസിച്ച് ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍, പെറ്റ്‌കോവിച്ച് കിക്കെടുക്കുമ്പോള്‍ ക്രൊയേഷ്യന്‍ കളിക്കാര്‍ ബോക്‌സിനുള്ളിലേക്ക് കയറി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റഫറി ഓഫ് സൈഡ് വിളിച്ചു.

ഈ മത്സരത്തോടെ യൂറോ കപ്പില്‍ കളിക്കുന്ന എറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന നേട്ടം സ്പാനിഷ് താരം ലാമിന്‍ യമാലിന് ലഭിച്ചു. 16 വര്‍ഷവും 338 ദിവസവുമാണ് യമാലിന്റെ പ്രായം. പോളണ്ടിന്റെ കാസ്പര്‍ കൊസ്ലോവ്‌സ്‌കിയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. 17 വര്‍ഷവും 246 ദിവസവുമാണ് 2020 യൂറോ കപ്പില്‍ സ്പെയിനിനെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ കൊസ്ലോവ്‌സ്‌കിയുടെ പ്രായം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com