
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് സമനില. ആവേശം അവാസന നിമിഷം വരെ നീണ്ടു നിന്ന മത്സരത്തിൽ ജയം ആർക്കൊപ്പവും നിന്നില്ല. നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് ഇന്നിങ്സ് പ്രതീക്ഷകൾ നൽകിയിരുന്നെങ്കിലും ഇന്ത്യയെ ലങ്കൻ ബൗളേഴ്സ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. രണ്ടോവറുകള്‍ ബാക്കിനില്‍ക്കേ, ഒരു റണ്‍സ് മാത്രം വേണ്ടിയിരുന്നിടത്ത്, അര്‍ഷ്ദീപ് സിങ് കൂറ്റനടിക്ക് ശ്രമിച്ചതാണ് ഇന്ത്യയെ വിജയത്തിൽ നിന്നും അകറ്റി നിര്‍ത്തിയത്. ഒരു ഘട്ടത്തിൽ പതറിനിന്ന ഇന്ത്യയെ ശിവം ദുബെയാണ് സമനിലയിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 47.5 ഓവറില്‍ 230ല്‍ അവസാനിച്ചു.
നായകൻ രോഹിത് ശര്‍മ മികച്ച തുടക്കം ടീമിന് നൽകിയിട്ടും അതിന് ശേഷം വന്ന ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതാണ് ഇന്ത്യൻ ജയത്തിന് വെല്ലുവിളിയായത്. ആദ്യ നാല് ഓവറില്‍ത്തന്നെ ടീം 40 കടന്നു. 75 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് അവസാനിച്ചത് ശുഭ്മാന്‍ ഗില്ലിന്റെ പുറത്താകലോടെയാണ്. പിന്നാലെ 15-ാം ഓവറില്‍ രോഹിത് ശര്‍മയും പുറത്തായി. 47 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും ചേര്‍ന്ന് 58 റണ്‍സാണ് രോഹിത് നേടിയത്. പിന്നാലെ വാഷിങ്ടണ്‍ സുന്ദര്‍ (5), വിരാട് കോഹ്‍ലി (24), ശ്രേയസ് അയ്യര്‍ (23) എന്നിവരും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ശേഷം ശിവം ദുബെയും അക്സർ പട്ടേലും കെ.എൽ. രാഹുലുമെല്ലാം ശ്രമിച്ചെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കാനായില്ല.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, ഇന്ത്യക്കു മുന്നില്‍ 231 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് ശ്രീലങ്കയുടെ സമ്പാദ്യം. ഓപ്പണര്‍ പത്തും നിസ്സങ്കയുടെയും (56) ദുനിത് വെല്ലലഗെയുടെയും (67*) അര്‍ധ സെഞ്ചുറികളാണ് ലങ്കയെ വലിയ തകർച്ചയിൽ നിന്നും രക്ഷിച്ചത്. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടി.