
സിംബാബ്‌വെക്കെതിരായ മൂന്നാം ടി ട്വന്‍റിയില്‍ ഇന്ത്യക്ക് 23 റണ്‍സിന്‍റെ ജയം. മലയാളി താരം സഞ്ജു സാംസണ്‍ ഉപനായകനായി ഇറങ്ങിയ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയുടെ പോരാട്ടം നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സില്‍ അവസാനിച്ചു.അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്‌സ് സിംബാബ്‌വെയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(2-1).
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്‌സുകളാണ് തുണയായത്. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റെടുത്തു. ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.ആദ്യ ഇന്നിങ്സില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 182 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.
ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർധ സെഞ്ചറി നേടി. 49 പന്തുകൾ നേരിട്ട ഗിൽ 66 റണ്‍സെടുത്തു പുറത്തായി. 28 പന്തുകളിൽനിന്ന് ഋതുരാജ് ഗെയ്ക്‌വാദ് 49 റൺസെടുത്തു. യശസ്വി ജയ്സ്വാൾ 27 പന്തിൽ 36 റൺസും സ്വന്തമാക്കി.ഓപ്പണിങ് വിക്കറ്റിൽ 67 റൺസിന്റെ കൂട്ടുകെട്ടാണ് യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ഇന്ത്യയ്ക്കായി ചേർത്തത്. ഒന്‍പതാം ഓവറിൽ സിക്കന്ദർ റാസയുടെ പന്തിൽ ബ്രയാന്‍ ബെന്നറ്റ് ക്യാച്ചെടുത്ത് ജയ്സ്വാളിനെ പുറത്താക്കി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ അഭിഷേക് ശർമയ്ക്ക് ഇത്തവണ തിളങ്ങാനായില്ല. ഒൻപതു പന്തുകൾ നേരിട്ട താരം 10 റൺസ് മാത്രമെടുത്താണു പുറത്തായത്. സിക്കന്ദർ റാസയുടെ പന്തിൽ മറുമനി ക്യാച്ചെടുത്തായിരുന്നു അഭിഷേകിനെ മടക്കിയത്.
തകർപ്പൻ ബൗണ്ടറികളുമായി ഗില്ലിനൊപ്പം ഋതുരാജ് ഗെയ്ക്‌വാദും തിളങ്ങിയതോടെ 12.4 ഓവറിൽ ഇന്ത്യ 100 പിന്നിട്ടു. സ്കോർ 153 ൽ നിൽക്കെ ശുഭ്മൻ ഗില്ലിനെ സിക്കന്ദർ റാസ ക്യാച്ചെടുത്തു പുറത്താക്കി. അവസാന ഓവറിൽ മുസരബനിയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ െവസ്‍ലി മാഥവരെ ക്യാച്ചെടുത്ത് ഗെയ്ക്‌വാദിനെ മടക്കി. മലയാളി താരം സഞ്ജു സാംസൺ ഏഴു പന്തിൽ 12 റൺസെടുത്തു പുറത്താകാതെ നിന്നു. സിംബാബ്‍വെയ്ക്കായി ക്യാപ്റ്റൻ സിക്കന്ദർ റാസയും ബ്ലെസിങ് മുസരബനിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.