സ്വർണമെഡൽ ജേതാവിന് പാകിസ്ഥാൻ നൽകിയത് കാറും പണവും പോത്തും; എന്നാൽ അർഷാദിന് വേണ്ടത് മറ്റൊന്ന്!

വ്യക്തിഗത സമ്മാനങ്ങൾക്കപ്പുറം, രാജ്യത്തെ മുഴുവൻ കായികമേഖലയെയും പരിപോഷിപ്പിക്കുന്ന മാറ്റങ്ങൾ വരണമെന്ന ആഗ്രഹമാണ് അർഷാദ് മുന്നോട്ട് വെക്കുന്നത്
സ്വർണമെഡൽ ജേതാവിന് പാകിസ്ഥാൻ നൽകിയത് കാറും പണവും പോത്തും; എന്നാൽ അർഷാദിന് വേണ്ടത് മറ്റൊന്ന്!
Published on



1984ന് ശേഷം പാകിസ്ഥാനിലേക്ക് ആദ്യ ഒളിംപിക് സ്വർണവുമായെത്തിയ അർഷാദ് നദീമിന് രാജ്യം കാത്തുവെച്ചത് വലിയ സ്വീകരണമായിരുന്നു. 8 കോടിയിലധികം( ഏകദേശം 280 മില്ല്യൺ പാകിസ്ഥാൻ രൂപ) രൂപയും കാറുകളും മറ്റ് നിരവധി സമ്മാനങ്ങളും നൽകിയാണ് രാജ്യം അർഷാദ് നദീമിനെ വരവേറ്റത്. പഞ്ചാബ് ഗവർണർ സമ്മാനിച്ച രണ്ട് ലക്ഷം രൂപയും കാറുമാണ് ലിസ്റ്റിൽ അവസാനം.

എന്നാൽ വ്യക്തിഗത സമ്മാനങ്ങൾക്കപ്പുറം, രാജ്യത്തെ മുഴുവൻ കായികമേഖലയെയും പരിപോഷിപ്പിക്കുന്ന മാറ്റങ്ങൾ വരണമെന്ന ആഗ്രഹമാണ് അർഷാദ് മുന്നോട്ട് വെക്കുന്നത്. പാകിസ്ഥാൻ വനിതാ അത്‌ലറ്റുകൾക്ക് ഉയർന്ന തലത്തിൽ പ്രകടനം നടത്താൻ കഴിയുന്ന തരത്തിലുള്ള ആധുനിക സൗകര്യങ്ങൾ നൽകണമെന്ന് അർഷാദ് നദീം പറയുന്നു. നവീകരിച്ച ട്രാക്ക് ആൻഡ് ഫീൽഡ് സ്റ്റേഡിയവും സ്ത്രീകൾക്കായി തൻ്റെ ജന്മനാടായ മിയാൻ ചന്നുവിൽ ഒരു സർവകലാശാലയും വേണമെന്ന അഭ്യർത്ഥന സർക്കാർ നിറവേറ്റുമെന്ന പ്രതീക്ഷയും നദീം മുന്നോട്ടുവെക്കുന്നുണ്ട്.

“ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഞങ്ങളുടെ പ്രദേശത്തെ സ്ത്രീകൾക്കും പുരുഷന്മാർക്കും സൗകര്യങ്ങൾ ആവശ്യമാണ്, ഇന്നത്തെ യുവ കായികതാരങ്ങൾക്ക് മികച്ച സൗകര്യങ്ങളും നൽകേണ്ടതുണ്ട്” പ്രദേശിക വാർത്താ ചാനലായ എആർവൈക്ക് നൽകിയ അഭിമുഖത്തിൽ നദീം പറഞ്ഞു.

ഭാര്യാ പിതാവ് സമ്മാനമായി നൽകിയ പോത്തിനെ കുറിച്ചുള്ള ചോദ്യത്തിന് പരിഹാസരൂപേണയായിരുന്നു നദീമിൻ്റെ മറുപടി. "ഈ പ്രഖ്യാപനത്തിൽ ഞാൻ അൽപ്പം ആശ്ചര്യപ്പെട്ടു, എൻ്റെ ഭാര്യാപിതാവ് വളരെ പണക്കാരനും ധാരാളം ഭൂമിയുള്ളവനുമാണ്. അതിനാൽ എരുമയ്ക്ക് പകരം 4-5 ഏക്കർ കൃഷിഭൂമി അദ്ദേഹം എനിക്ക് നൽകുമെന്നായിരുന്നു പ്രതീക്ഷ" നദീം പറഞ്ഞു.

അതേസമയം കായിക മേഖലയിലെ രാഷ്ട്രീയം പാകിസ്ഥാൻ അത്‌ലറ്റുകളെ വലയ്ക്കുകയാണ്. ജാവ്ലിൻ ത്രോയിലെ സ്വർണമെഡലിൻ്റെ ക്രെഡിറ്റ് സ്വന്തമാക്കാനായി പാകിസ്ഥാന്‍ കായിക ബോര്‍ഡും കായിക മന്ത്രാലയവും തമ്മിൽ നടത്തിയ തർക്കവും വലിയ ചർച്ചയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com