
പാകിസ്ഥാനിൽ 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായി കൊളംബോയിൽ നിർണായക യോഗം ചേർന്ന് ഇൻ്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ. വാർഷിക ജനറൽ ബോഡി യോഗത്തിൽ അന്താരാഷ്ട്ര ടൂർണമെന്റിനായി 65 മില്ല്യൺ ഡോളർ വകമാറ്റിയിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വാശി പിടിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാന് പുറത്തുള്ള വേദിയിൽ വെച്ച് ഏതാനും മത്സരങ്ങൾ നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇതിനായി ഫണ്ട് വകമാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുക.
ആവശ്യമെങ്കിൽ ഏതാനും മത്സരങ്ങൾ രാജ്യത്തിന് പുറത്തുവെച്ച് നടത്താൻ തയ്യാറാണെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ഐസിസി ഒപ്പുവെച്ച കരാറിൽ നിബന്ധന വെച്ചിട്ടുണ്ട്. ഇത് ബിസിസിഐയുടെ സമ്മർദ്ദത്തെ തുടർന്നാണ് ഈ നീക്കം. അതേസമയം, എവിടെ വെച്ചാകും മത്സരങ്ങൾ നടത്തുകയെന്ന് വെളിപ്പെടുത്താൻ ഐസിസി വൃത്തങ്ങൾ തയ്യാറായിട്ടില്ല.