ഇന്ത്യയുടെ 'പയ്യോളി എക്സ്പ്രസിന്' ഇന്ന് 60-ാം പിറന്നാള്‍

ലോസ് ആഞ്ചല്‍സില്‍ നഷ്ടമായ ഉഷയുടെ ഒളിമ്പിക് വെങ്കല നേട്ടത്തിനും ഈ വർഷം 40 വയസ് തികയും
ഇന്ത്യയുടെ 'പയ്യോളി എക്സ്പ്രസിന്' ഇന്ന് 60-ാം പിറന്നാള്‍
Published on

മലയാളത്തിൻ്റെ സ്വന്തം ഒളിംപ്യൻ പി.ടി ഉഷയ്ക്ക് ഇന്ന് 60-ാം പിറന്നാൾ. ലോക കായിക ഭൂമികയിൽ രാജ്യത്തിൻ്റെ യശ്ശസ്സുയർത്തിയ പി.ടി ഉഷയെ മറികടക്കുന്ന ഒരു താരം ഇനിയും ഉദയംകൊള്ളാൻ ഇരിക്കുന്നതേയുള്ളു. ലോസ് ആഞ്ചല്‍സില്‍ നഷ്ടമായ ഉഷയുടെ ഒളിമ്പിക് വെങ്കല നേട്ടത്തിനും ഈ വർഷം 40 വയസ് തികയും.

നെഞ്ചിടിപ്പുകൾ അടക്കിയാണ് 1984 ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സിനെ രാജ്യം കണ്ടത്. ട്രാക്കിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസ്, ശരവേഗത്തിലോടുന്ന പി.ടി ഉഷയ്ക്ക് ഒരു ശ്വാസഗതിയുടെ വ്യത്യാസത്തിൽ വെങ്കലം നഷ്ടമായി. പക്ഷെ ഉഷയുടെ നഷ്ടമായ ഒളിമ്പിക് നേട്ടത്തെ രാജ്യം കണ്ടത് പൊൻതിളക്കത്തോടെയാണ്. പി.ടി ഉഷയെ തേടി ഇന്ദിര ഗാന്ധിയുടെ വിളിയെത്തി. "ഇത്തവണ നമ്മൾ തോറ്റു. അടുത്തതിൽ വിജയിക്കണം..." ട്രാക്കുകളില്‍നിന്ന് ട്രാക്കുകളിലേക്ക് വിശ്രമമില്ലാതെ കുതിച്ച പി.ടി ഉഷ രാജ്യത്തിനായി തുറന്നുവച്ചത് നേട്ടങ്ങളുടെ വലിയൊരു കണക്കുപുസ്തകമാണ്.

പയ്യോളി എക്സ്പ്രസ്, ഗോൾഡൻ ഗേൾ, ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡിലെ രാജ്ഞി അങ്ങനെ വിശേഷണങ്ങൾ പലതുണ്ട് പി.ടി ഉഷയ്ക്ക്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട് താരം. ഒരു ദശാബ്ദക്കാലത്തിലും ഏറെയാണ് ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ പി.ടി ഉഷ ആധിപത്യം പുലർത്തിയത്.

1964 ജൂൺ 27ന് കോഴിക്കോടിനടുത്ത് പയ്യോളി എന്ന ഗ്രാമത്തിൽ ടി.വി ലക്ഷ്മിയുടെയും എ.പി.എം പൈതലിൻ്റെയും മകളായാണ് പി.ടി ഉഷയുടെ ജനനം. തൃക്കോട്ടൂർ യുപി സ്കൂളിലെ ബാലകൃഷ്ണൻ മാഷാണ് ഉഷയിലെ കായിക താരത്തെ തിരിച്ചറിഞ്ഞത്. സ്കുളിലെ നേട്ടങ്ങൾ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ആവർത്തിച്ചതോടെ കണ്ണൂരിലെ സ്പോർട്സ് സ്കൂളിലേക്ക്. അത്ലറ്റിക് കോച്ച് ഒഎം നമ്പ്യാരുടെ ശിക്ഷണത്തിലായിരുന്നു കരിയറിൽ ഉടനീളമുള്ള പരിശീലനം. 77ൽ കോട്ടയത്ത് നടന്ന സംസ്ഥാന കായിക മേളയിൽ 13 സെക്കൻ്റിൽ 100 മീറ്റർ ഫിനിഷിങ് പോയൻ്റിൽ എത്തിയത് ദേശീയ റെക്കോര്‍ഡായി. തൊട്ടടുത്ത വർഷം ദേശീയ അത്ലെറ്റിക്സ് മീറ്റിൽ ഏഴ് സ്വർണ്ണ മെഡലുകൾ നേടി. 20-ാം വയസിൽ ഒളിമ്പിക്സ് ട്രാക്കിലേക്കും താരമെത്തി. 84ലെ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സിൽ ഉഷയ്ക്കും ഇന്ത്യയ്ക്കും ഉണ്ടായത് ഒരു കുതിപ്പിൻ്റെ വ്യത്യാസത്തിലുണ്ടായ അവിശ്വസനീയമായ നഷ്ടമാണ്.

ആ ഇരുപതുകാരിയുടെ നിശ്ചയദാർഢ്യം തൊട്ടടുത്ത വർഷം ചരിത്രമായി. 1985ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 5 സ്വർണ്ണവും ഒരു വെങ്കലവും കൊണ്ടാണ് അന്ന് ഉഷ ഈ തോൽവിക്ക് കണക്ക് തീർത്തത്. 1984ൽ ഉഷയ്ക്ക് പത്മശ്രീയും അർജുനയും നൽകി രാജ്യം ആദരിച്ചു. പിന്നീട് 85ലും 86ലും ലോക അത്ലറ്റിക്സിലെ മികച്ച പത്ത് താരങ്ങളിൽ ഒരാളായിരുന്നു ഉഷ.

1988-ലെ ഒളിമ്പിക്‌സിൽ പരിക്ക് കാരണം മികച്ച പ്രകടനം നടത്താൻ കഴിയാതെ വന്നപ്പോൾ പി.ടി ഉഷയ്ക്ക് നേരിടേണ്ടി വന്നത് വിമർശനങ്ങളുടെ കുത്തൊഴുക്കാണ്. എന്നാൽ പുത്തൻ വീര്യത്തോടെ ട്രാക്കിൽ വീണ്ടും പറക്കാൻ തന്നെയായിരുന്നു ഉഷയുടെ തീരുമാനം. 1987ലും 1989ലും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉഷ രണ്ട് ഇനങ്ങളിലായി ഏഴ് സ്വർണം നേടി. 1998ൽ ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 100 ​​മീറ്ററിൽ സ്വർണം നേടിയ റിലേ ടീമിൻ്റെ വിജയത്തിൽ നിർണായക പങ്കുകാരിയാകുമ്പോൾ പി.ടി ഉഷയുടെ പ്രായം 34 വയസ്സായിരുന്നു. 2000ത്തിലാണ് പി.ടി ഉഷ കരിയറിന് വിരാമമിടുന്നത്.

ഇന്ന് ഉഷ സ്കൂൾ ഓഫ് അത്ലെറ്റിക്സിലൂടെ ഇന്ത്യയുടെ കായികഭാവി ശോഭനമാക്കാനുള്ള പരിശ്രമത്തിലാണ് പി.ടി ഉഷ. ഏഷ്യൻ അത്‌ലെറ്റിക്സ് ഫെഡറേഷൻ്റെയും ഇന്ത്യൻ അത്‌ലെറ്റിക്സ് ഫെഡറേഷൻ്റെയും നിരീക്ഷകപദവി വഹിച്ചിട്ടുണ്ട്. 2022 ജൂലായിൽ രാജ്യസഭാംഗമായി. ഇതിനിടെ ഗുസ്തി താരങ്ങളുടെ സമരത്തിലെ പ്രസ്താവന വിവാദമായി. നിലവിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റാണ് . ഇന്ത്യൻ അത്‌ലറ്റിക്സിലെ വേഗറാണിക്ക് പിറന്നാൾ ആശംസകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com