
നാല് വര്‍ഷം മുന്‍പ് വെംബ്ലിയിലെ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ കൈവിട്ട കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലീഷ് പടയിറങ്ങുന്നത്. 58 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാന്‍ ഇംഗ്ലണ്ട് ലക്ഷ്യമിടുമ്പോള്‍, കരിയറിലെ ആദ്യ കിരീടമാണ് ഹാരി കെയ്ന്‍ ഉന്നംവയ്ക്കുന്നത്. വ്യക്തിഗത നേട്ടങ്ങളില്‍ മുന്നിലാണെങ്കിലും ഒരു കിരീടമെന്ന സ്വപ്നം എന്നും കെയ്ന് അകലെയായിരുന്നു.
വൈകി നേടിയ ഗോളുകളിലൂടെ സ്ലൊവാക്കിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് ടീമുകളെ മറികടന്ന ഇംഗ്ലണ്ടിന്, സ്‌പെയിനിനെ പിടിച്ചുകെട്ടാന്‍ ഇത് മതിയാവണമെന്നില്ല. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ അവസാനം കലമുടയ്ക്കുന്ന പതിവ് ഇംഗ്ലണ്ട് പരിശീലകന് തലവേദനയാണ്. മികച്ച ഫോമിലുള്ള ബെല്ലിംഗാം ഫില്‍ ഫോഡന്‍, ബൂക്കായോ സാക്ക എന്നിവര്‍ക്ക് മത്സരത്തില്‍ താളം കണ്ടെത്താനായാല്‍ ഒളിംപിയ സ്റ്റേഡിയത്തില്‍ സൗത്ത് ഗേറ്റിനും സംഘത്തിനും ചരിത്രം കുറിക്കാം.
നാലാം യൂറോ കിരീടം നാട്ടിലെത്തിക്കാനാണ് സ്‌പെയിനിറങ്ങുന്നത്. ആറ് തുടര്‍ ജയങ്ങളുമായി യൂറോയില്‍ ചരിത്രം കുറിച്ചാണ് സ്പാനിഷ് പടയുടെ ഫൈനല്‍ പ്രവേശനം. മിന്നും ഫോമിലുള്ള ലാമിന്‍ യമാല്‍, നീക്കോ വില്യംസ്, ഡാനി ഒല്‍മോ അടങ്ങുന്ന യുവനിരയാണ് സ്പാനിഷ് പടയുടെ പ്രതീക്ഷ. ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ കരുത്തരായ എതിരാളികളെ ആധികാരിക ജയത്തോടെ പുറത്താക്കിയ സ്‌പെയിന്‍ ആത്മവിശ്വാസത്തിലാണ്.
വമ്പന്മാര്‍ കൊമ്പു കോര്‍ക്കുമ്പോള്‍ ആവേശകരമായ ഫൈനല്‍ പോരിനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. കിരീടത്തിലാര് മുത്തമിട്ടാലും, അത് ചരിത്രലിപികളില്‍ എഴുതിചേര്‍ക്കപ്പെടും.