
യുവേഫ നേഷൻസ് ലീഗിൽ ഇന്ന് കരുത്തർ നേർക്കുനേരിറങ്ങും. ബെൽജിയം ഫ്രാൻസിനേയും ജർമനി നെതർലൻഡ്‌സിനേയും നേരിടും. ഇറ്റലി, തുർക്കി ടീമുകളും ഇന്ന് കളത്തിലിറങ്ങും. രാത്രി 12.15നാണ് മത്സരങ്ങൾ.
യൂറോപ്യൻ വമ്പൻമാർ തമ്മിലുള്ള സൂപ്പർ പോരാട്ടത്തിനാണ് ഇന്ന് നേഷൻസ് ലീഗ് വേദിയാകുന്നത്. മുൻ ചാംപ്യൻമാരായ ഫ്രാൻസിന് ബെൽജിയമാണ് എതിരാളികൾ. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലീഗ് എയിലെ ബി ഗ്രൂപ്പിൽ, രണ്ടും മൂന്നും സ്ഥാനത്താണ് ഇരു ടീമുകളും.
ആദ്യ മത്സരത്തിൽ അടിപതറിയ ഫ്രാൻസ് പിന്നീടുള്ള രണ്ട് മത്സരങ്ങളും ജയിച്ചാണ് ബെൽജിയത്തെ നേരിടാനൊരുങ്ങുന്നത്. ലീഗിൽ ആദ്യം നേർക്കുനേർ വന്നപ്പോൾ രണ്ട് ഗോളുകൾക്കാണ് എംബാപ്പെയും കൂട്ടരും ബെൽജിയത്തെ തകർത്തുവിട്ടത്. എന്നാൽ ഇനിയുള്ള മത്സരങ്ങൾ വിജയിച്ച് സെമി ബെർത്ത് ഉറപ്പിക്കാനാണ് കെവിൻ ഡിബ്രൂയിൻ്റെയും സംഘത്തിന്‍റെയും ലക്ഷ്യം.
കന്നി കിരീടം ലക്ഷ്യമിട്ടാണ് ജർമനിയും നെതർലാൻഡ്സിനും വിമാനം കയറിയത്. ഗ്രൂപ്പ് ചാംപ്യൻമാരായി മുന്നേറാനാണ് ഇരുവരുടെയും ലക്ഷ്യം. മൂന്ന് മത്സരങ്ങളിൽ നിന്നായി ജർമനി ഒൻപത് ഗോളുകളും ഡച്ച് പട എട്ട് ഗോളുകളും എതിർവലയിൽ അടിച്ചുകയറ്റിയിട്ടുണ്ട്. നെതർലൻഡ്സ് അഞ്ച് ഗോളുകൾ വഴങ്ങിയപ്പോൾ, മൂന്ന് ഗോളുകൾ മാത്രമാണ് ജർമൻ വലയിലേക്ക് കയറിയത്. ഇറ്റലിക്ക് ഇസ്രയേലും തുർക്കിക്ക് ഐസ്‌ലൻഡുമാണ് എതിരാളികളായി കളത്തിലിറങ്ങുക.