
സംസ്ഥാനത്തെ ആദ്യ ഇ-സ്പോര്‍ട്സ് കേന്ദ്രമാവാൻ ഒരുങ്ങി തലശ്ശേരിയിലെ വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം. പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ദ സംഘം സ്റ്റേഡിയം സന്ദർശിച്ചു. അഡ്വ എ.എൻ. ഷംസീർ എംഎൽഎ, സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടർ വിഷ്ണു രാജ് ഐഎഎസ് എന്നിവർ ഉള്‍പ്പെടെയുള്ള സംഘമാണ് സന്ദര്‍ശിച്ചത്.
രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്തി കിഡ്സ് പ്രോഗ്രാമും ആരംഭിക്കും. ഇതിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഓണത്തിന് മുൻപ് തലശ്ശേരി വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ ഇ-സ്പോർട്സ് ആരംഭിക്കും. ഫുട്ബോൾ സ്റ്റേഡിയം ഉപയോഗപ്പെടുത്തി ഗോൾ പദ്ധതി നടപ്പിലാക്കും, ബാസ്ക്കറ്റ് ബോൾ പരിശീലനത്തിന് മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തുമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി നവീകരിച്ച ജിം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് വിഷ്ണു രാജ് ഐഎഎസ് പറഞ്ഞു. സ്റ്റേഡിയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള കൂടിയാലോചനയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐഎഎസ്. സ്പോർട് കേരള ഫൗണ്ടേഷൻ സിഇഒ ഡോ. കെ. അജയകുമാർ, സ്പീക്കറുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കെ, സ്റ്റേഡിയം മാനേജർ എസ്. മിഥുൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.