
മഹേന്ദ്ര സിങ് ധോണിയ്‌ക്കെതിരെ ആരോപണങ്ങളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്‍റെ പിതാവ് യോഗ്രാജ് സിങ്. യുവ്‌രാജ് സിങ്ങിന്‍റെ ക്രിക്കറ്റ് കരിയർ തകർത്തത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയാണെന്നായിരുന്നു യോഗ്‌രാജിന്‍റെ പ്രധാന ആരോപണം. ജീവിതാവസാനം വരെ ധോണിക്ക് മാപ്പ് നല്‍കില്ലെന്നും യോഗ്‍രാജ് പറഞ്ഞു. യോഗ് രാജിന്‍റെ പ്രസ്താവന ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
"ധോണിയോട് ഞാന്‍ പൊറുക്കില്ല. അദ്ദേഹം സ്വന്തം മുഖം കണ്ണാടിയിലൊന്ന് നോക്കണം. അദ്ദേഹം വലിയ ഒരു ക്രിക്കറ്ററാണ്. പക്ഷെ എന്‍റെ മകനെതിരെ അദ്ദേഹം പ്രവർത്തിച്ചു. എല്ലാം ഇപ്പോള്‍ പുറത്ത് വരികയാണ്. ഇത് ഈ ജന്മത്ത് മാപ്പാക്കാന്‍ പറ്റുന്നതല്ല. ഞാന്‍ എന്‍റെ ജീവിതത്തില്‍ രണ്ട് കാര്യങ്ങള്‍ ചെയ്തിട്ടില്ല. ഒന്ന്, എന്നോട് തെറ്റ് ചെയ്തവർക്ക് മാപ്പ് നല്‍കിയിട്ടില്ല. രണ്ട്, അവരെ ഞാന്‍ കെട്ടിപ്പിടിച്ചിട്ടില്ല. അതെന്‍റെ കുട്ടികളാകട്ടെ കുടുംബാംഗങ്ങളാകട്ടെ, " യോഗ്‌രാജ് സീ സ്വിച്ച് എന്ന യൂട്യൂബ് ചാനലിലു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇത് ആദ്യമായല്ല യോഗ്‌രാജ് ധോണിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഈ വർഷം ആദ്യം, 2024ലെ ഐപിഎല്ലില്‍ സിഎസ്കെ തോല്‍ക്കാന്‍ കാരണം ധോണിയുടെ തെറ്റായ തീരുമാനങ്ങള്‍ കാരണമാണെന്ന് യോഗ്‍രാജ് ആരോപിച്ചിരുന്നു. ധോണിക്ക് യുവ്‌രാജിനോട് അസൂയയാണെന്നും ഇദ്ദേഹം പറഞ്ഞു.
"2024 ഐപിഎല്ലില്‍ സിഎസ്കെ തോറ്റു. എന്തുകൊണ്ട് തോറ്റു? വിതച്ചതേ കൊയ്യൂ, അതുകൊണ്ട് തോറ്റു. യുവ്‌രാജായിരുന്നു ഐസിസി അംബാസിഡർ. ഇത് ധോണിയ്ക്ക് അസൂയയുണ്ടാക്കി. അദ്ദേഹം യുവ്‍രാജിന് ഷേക്ക് ഹാന്‍ഡ് പോലും കൊടുത്തില്ല, അതാണ് സിഎസ്കെ തോല്‍ക്കാന്‍ കാരണം, വൈറലായ വീഡിയോയില്‍ യോഗ്‌രാജ് പറയുന്നു.
2020 ഓഗസ്റ്റിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. എന്നാല്‍ 43 വയസുള്ള ധോണി ഐപിഎല്ലില്‍ സജീവമാണ്. പക്ഷെ, സിഎസ്കെയിലെ ധോണിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്.