
വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ വാശിയേറിയ ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ ജയം ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നറിന്. ലോക ഒന്നാം നമ്പര്‍ താരവും രണ്ടാം നമ്പര്‍ താരവും ഏറ്റുമുട്ടിയില്‍ എന്തു സംഭവിക്കുമെന്ന് പ്രതീക്ഷിച്ചോ അതു തന്നെയാണ് ഇന്നത്തെ ഫൈനലിലും കണ്ടത്. സ്‌കോര്‍: 4-6, 6-4, 6-4 6-4
സെന്റര്‍ കോര്‍ട്ടില്‍ രാത്രി 8.30 ന് തുടങ്ങിയ മത്സരം കഴിഞ്ഞ മാസം നടന്ന ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു. അന്ന് മത്സരം നീണ്ടത് 5.29 മണിക്കൂര്‍. ഇന്ന് മൂന്നര മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരുപത്തിമൂന്നുകാരനായ സിന്നര്‍ തന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. ഒപ്പം ഒരു മധുരപ്രതികാരവും, ഫ്രഞ്ച് ഓപ്പണില്‍ കാർലോസ് അല്‍ക്കരാസ് നേടിയ വിജയത്തിന് വിംബിള്‍ഡണിലൂടെ ഒരു മറുപടി.
148 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഇറ്റാലിയന്‍ താരമാണ് യാനിക് സിന്നര്‍. അതേസമയം, വിംബിള്‍ഡണില്‍ ഹാട്രിക്കെന്ന അല്‍കാരസിന്റെ സ്വപ്‌നവും തകര്‍ത്തു. സിന്നറിന്റെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടത്തിനാണ് ഇന്ന് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. മാത്രമല്ല, ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ അല്‍കാരസിനെ തോല്‍പ്പിക്കുന്ന ആദ്യതാരവും സിന്നറാണ്.
തുടര്‍ച്ചയായി അഞ്ച് ഗ്രാന്‍ഡ്സ്ലാം ഫൈനലുകള്‍ വിജയിച്ചതിന് ശേഷമാണ് അല്‍ക്കരാസ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ തോല്‍ക്കുന്നത്. ഒപ്പം സിന്നറിനെതിരെ തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ക്കു ശേഷമുള്ള ആദ്യ തോല്‍വിയും.