
വനിത ഏഷ്യ കപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ യുഎഇക്കെതിരെ വമ്പിച്ച ജയവുമായി ഇന്ത്യ. ഇതോടെ ടൂർണമെന്റിൽ ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ ജയം നേടി. ടോസ് നേടിയ യുഎഇ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യക്ക് 78 റണ്‍സിന്റെ ജയം.
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ വനിതകള്‍ നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്. 53ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു ഇന്ത്യൻ വനിതകളുടെ തിരിച്ചുവരവ്. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും തകര്‍പ്പനടികളാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. യുഎഇക്കായി കവിഷ എഗോദഗെ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു.
29 പന്തില്‍ ഒരു സിക്‌സും 12 ബൗണ്ടറിയും ഉൾപ്പെടെ 64 റണ്‍സാണ് റിച്ച നേടിയത്. 47 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും സഹിതം 66 റണ്‍സാണ് ഹര്‍മന്‍പ്രീത് കൗർ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ.ക്കായി ഓപ്പണറും ക്യാപ്റ്റനുമായ ഇഷ രോഹിത് ഒസയും കവിഷ എഗോദഗെയും പൊരുതിനോക്കിയെങ്കിലും ജയം കൈപ്പിടിയിലൊതുക്കാനായില്ല. നാല് ഓവറിൽ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് ഇന്ത്യന്‍ ബൗളര്‍മാരിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍.