ഹോം ഡെലിവറിയ്ക്കായി ഹ്യൂമനോയിഡ് റോബോട്ടുകളെ അവതരിപ്പിക്കാനൊരുങ്ങി ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ. ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ഡെലിവറി വേഗത്തിലാക്കാൻ കഴിയുമെന്നാണ് ആമസോണിൻ്റെ പ്രതീക്ഷ. അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ്റെ റിപ്പോർട്ട് അനുസരിച്ച്, വാനുകളിൽ നിന്ന് 'ഉയർന്നുവന്നായിരിക്കും' ഈ റോബോട്ടുകൾ ഡെലിവറി ചെയ്യുക.
ഡെലിവറി റോബോട്ടുകളുടെ പരീക്ഷണത്തിനായി ആമസോൺ സാൻ ഫ്രാൻസിസ്കോ ഓഫീസിൽ ഒരു 'ഹ്യൂമനോയിഡ് പാർക്ക്' തന്നെ നിർമിച്ചിട്ടുണ്ട്. ഒരു കോഫി ഷോപ്പിന്റെ വലിപ്പമുള്ള ഇൻഡോർ ഒബ്സ്റ്റക്കിൾ കോഴ്സ് ഉപയോഗിച്ചാണ് റോബോട്ടുകളുടെ ഊർജ്ജസ്വലത പരീക്ഷിക്കുന്നത്. ഹ്യൂമനോയിഡ് പാർക്കിലെ പരിശീലനത്തിന് ശേഷം, റോബോട്ടുകളെ യഥാർഥ ലോകത്തേക്ക് ഫീൽഡ് ട്രിപ്പ് കൊണ്ടുപോകും. ഫീൽഡ് ട്രിപ്പിനിടെ വീടുകളിൽ പാക്കേജ് എത്തിക്കാനും ഇവയെ പരിശീലിപ്പിക്കും.
ആമസോണിൻ്റെ റിവിയൻ വാനുകളിലായിരിക്കും ഹ്യൂമനോയിഡ് റോബോട്ടുകളുടെ സഞ്ചാരം. നിലവിൽ യുഎസിൽ മാത്രം ആമസോണിന് 20,000 റിവിയൻ വാനുകളാണുള്ളത്. കൂടാതെ പരീക്ഷണത്തിനായി ഒരു ടെഹ് വാനിനെയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
റോബോട്ടുകൾക്ക് കരുത്ത് പകരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് നിലവിൽ ആമസോൺ. നിലവിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള ഹാർഡ്‌വെയറുകൾ ഉപയോഗിച്ച് പരീക്ഷണം നടത്താൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും ആമസോൺ വ്യക്തമാക്കി.
കഴിഞ്ഞ വർഷം, യുകെയിൽ മനുഷ്യ നിയന്ത്രണ പരിധിക്കപ്പുറം ഡ്രോണുകൾ പരീക്ഷിക്കാൻ ആമസോണിന് അനുമതി ലഭിച്ചിരുന്നു. ഇതും ഹോം ഡെലിവറിയിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് വഴിയൊരുക്കി. 2020ൽ ഏറ്റെടുത്ത റോബോടാക്സി കമ്പനിയായ സൂക്സിനെ (zoox) ഉൾപ്പെടുത്താനും ആമസോൺ പദ്ധതിയിടുന്നുണ്ട്. വെയർഹൗസ് മുതൽ ഉപഭോക്താവിന്റെ വീട്ടുപടിക്കൽ വരെ എൻഡ്-ടു-എൻഡ് പാക്കേജ് ഡെലിവറി പൂർണമായും ഓട്ടോമേറ്റ് ചെയ്യാൻ സൂക്സ് സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.