

ട്രേഡ് സീക്രട്ട് മോഷ്ടിച്ചുവെന്നാരോപിച്ച് ഓപ്പൺ എഐയ്ക്കും രണ്ട് മുൻ ജീവനക്കാർക്കുമെതിരെ കേസ് ഫയൽ ചെയ്ത് ആപ്പിൾ. ചാറ്റ് ജിപിടി ഉടമയുടെ ഉപഭോക്തൃ ഹാർഡ്‌വെയറിലേക്കുള്ള ഓപ്പൺഎഐയുടെ വ്യാപനം ത്വരിതപ്പെടുത്തുന്നതിനായി തങ്ങളുടെ ട്രേഡ് സീക്രട്ട് ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. ഇരു കമ്പനികളും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് പുതിയ സംഭവം.
ആപ്പിളിൻ്റെ ഉൽപ്പന്ന രൂപകൽപ്പന, നിർമാണ പ്രക്രിയകൾ, വിതരണ ശൃംഖല തന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ മോഷ്ടിക്കാനുള്ള ഏകോപിത ശ്രമം നടക്കുന്നതായാണ് ആരോപണം. അതേസമയം, വിഷയത്തിൽ ഓപ്പൺ എഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുൻ സീനിയർ സിസ്റ്റം ഇലക്ട്രിക്കൽ എഞ്ചിനീയറായ ചാങ് ലിയു, ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയുടെ പ്രൊഡക്റ്റ് ഡിസൈനിൻ്റെ മുൻ വൈസ് പ്രസിഡൻ്റ് ടാങ് യു യാൻ, ഓപ്പൺഎഐ ഫൗണ്ടേഷൻ, ഓപ്പൺഎഐ ഗ്രൂപ്പ് പിബിസി, ഐഒ പ്രൊഡക്‌ട്‌സ് എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തത്. കമ്പനി നൽകിയ വർക്ക് ലാപ്‌ടോപ്പ് ലിയു തിരികെ നൽകിയില്ലെന്നും പിന്നീട് ആപ്പിളിൻ്റെ ഇൻ്റേണൽ നെറ്റ്‌വർക്ക് ആക്സസ് ചെയ്ത ശേഷം ആപ്പിളിൻ്റെ ഡസൻ കണക്കിന് രഹസ്യ ഹാർഡ്‌വെയർ സംബന്ധമായ ഫയലുകൾ ഡൗൺലോഡ് ചെയ്തുവെന്നുമാണ് ആരോപണം.
ഓപ്പൺ എഐയുടെ ഹാർഡ്‌വെയർ മേധാവി ടാൻ, ആപ്പിൾ വിടുന്നതിന് മുമ്പ് ആപ്പിൾ വിതരണക്കാരെക്കുറിച്ചും ആഭ്യന്തര വ്യവസായ സംഗ്രഹങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ സ്വയം ഇമെയിൽ ചെയ്യുകയും ഓപ്പൺ എഐക്ക് പ്രയോജനപ്പെടുന്നതിനായി ആപ്പിളിൻ്റെ രഹസ്യ വിവരങ്ങൾ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഓപ്പൺഎഐയിലെ ജോലി അഭിമുഖങ്ങൾക്കായി വരുന്നവർ ആപ്പിളിൽ നിന്നുള്ള ഭാഗങ്ങൾ കൊണ്ടുവരുവാൻ ടാൻ ആപ്പിളിൽ നിന്നുള്ള ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നതായും ആപ്പിൾ ആരോപിച്ചു. 400-ലധികം മുൻ ആപ്പിൾ ജീവനക്കാർ ഇപ്പോൾ ഓപ്പൺഎഐയിൽ ജോലി ചെയ്യുന്നുണ്ടെന്നും ആപ്പിൾ വ്യക്തമാക്കി. ഒരിക്കൽ ആപ്പിളിന്റെ വ്യാപാര രഹസ്യങ്ങൾ കൈകാര്യം ചെയ്യാൻ ഏൽപ്പിക്കപ്പെട്ട ആളുകളെയാണ് ഓപ്പൺഎഐ ഇപ്പോൾ ജോലിക്കെടുക്കുന്നത് എന്നും പരാതിയിൽ പറയുന്നു.
തങ്ങളുടെ രഹസ്യ വിവരങ്ങൾ ഓപ്പൺഎഐയിലേക്ക് എത്തുന്നുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ച് ഫെബ്രുവരിയിൽ ഓപ്പൺഎഐക്ക് കത്തെഴുതിയതായും വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും ആപ്പിൾ പരാതിയിൽ പറയുന്നു.