

ആപ്പിളിൻ്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോണിൻ്റെ വരവ് ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഇതിനെ കുറിച്ച് കാര്യമായ ഒരു അപ്ഡേറ്റുകളും വന്നിരുന്നില്ല. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ ഫോൾഡിൽ ഫിസിക്കൽ സിം കാർഡ് സ്ലോട്ട് പൂർണമായും ഒഴിവാക്കി ഇ സിം മാത്രം ഉൾപ്പെടുത്തിയിട്ടുള്ലുവെന്നാണ് പുറത്തു വരുന്ന വിവരം. ഐഫോൺ 17 സീരീസ് ആഗോളതലത്തിൽ ഇ സിം ഡിസൈനുകൾ മാത്രമേ പുറത്തിറക്കുന്നുള്ളുവെന്ന് ഏറെക്കുറെ ഉറപ്പിച്ച സ്ഥിതിക്ക് ഐഫോൺ ഫോൾഡും അതേ പാത തന്നെ പിന്തുടരാനാണ് സാധ്യത. വെയ്ബോയിലെ ചൈനീസ് ടിപ്സ്റ്ററാ ഇൻസ്റ്റൻ്റ് ഡിജിറ്റലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
പുറത്തു വരുന്ന വിവരം സത്യമാണെങ്കിൽ ഇന്ത്യൻ ഉപയോക്താക്കൾ ഇനി സിം ട്രേ ഇല്ലാത്ത ഫോണുകളുമായി പൊരുത്തപ്പെട്ട് തുടങ്ങേണ്ടി വരും. യുഎസിലെ ഐഫോൺ 15 സീരീസ് നിലവിൽ സിം കാർഡ് സ്ലോട്ട് ഇല്ലാതെയാണ് പുറത്തിറങ്ങുന്നത്. അടുത്ത തലമുറയായ ഐഫോൺ 17, ഇ സിം മാത്രമാക്കി ആഗോള തലത്തിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിളിനെ സംബന്ധിച്ചിടത്തോളം, സിം സ്ലോട്ട് നീക്കം ചെയ്യുന്നത് ഫോണിന് ഉള്ളിൽ സ്ഥലം ലാഭിക്കാൻ സഹായിക്കുന്നതോടൊപ്പം, അത് വലിയ ബാറ്ററി ഉൾക്കൊള്ളിക്കാനോ, അധിക ഘടകങ്ങൾക്കോ ഉപയോഗിക്കാം. കൂടാതെ, ഇത് ഡിസൈൻ ലളിതമാക്കുകയും ഈട് കൂട്ടുകയും ചെയ്യുന്നു. ഇത് ഫോണിനുള്ളിൽ പൊടിയോ വെള്ളമോ പ്രവേശിക്കാനുള്ള സാധ്യതയേയും കുറയ്ക്കും.
2026 അവസാനം വരെ ഐഫോൺ ഫോൾഡ് വിപണിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും പുതിയ അപ്ഡേറ്റുകൾ അനുസരിച്ച് അത് ഒടുവിൽ യാഥാർഥ്യത്തിലേക്ക് അടുക്കുന്നുവെന്നാണ് സൂചന. ഇന്ത്യൻ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഫോൾഡബിൾ സ്ക്രീനല്ല മറിച്ച് സിം സ്ലോട്ടിൻ്റെ അഭാവമായിരിക്കാം കൂടുതൽ പ്രശ്നമാവുക. എന്നാൽ, ജിയോ, എയർടെൽ, വിഐ എന്നിവയുൾപ്പെടെ മിക്ക പ്രധാന കാരിയറുകളും ഇതിനകം തന്നെ ഇ-സിം ആക്ടിവേഷൻ പിന്തുണച്ച് തുടങ്ങിയതോടെ ചൈനയെ അപേക്ഷിച്ച് ഇന്ത്യയിൽ ഇത് കുറച്ചു കൂടി സുഗമമായേക്കാനാണ് സാധ്യത.