ഗൂഗിള്‍ ക്രോമിന് 34.5 ബില്യണ്‍ ഡോളര്‍ വില പറഞ്ഞ് മുന്‍ ജീവനക്കാരന്‍; ആരാണ് അരവിന്ദ് ശ്രീനിവാസ്?

പെര്‍പ്ലെക്‌സിറ്റി എഐയുടെ സിഇഒയും സഹ സ്ഥാപകനുമാണ് അരവിന്ദ് ശ്രീനിവാസ്
അരവിന്ദ് ശ്രീനിവാസ് -Image: Wikipedia
അരവിന്ദ് ശ്രീനിവാസ് -Image: Wikipedia
Published on

ഗൂഗിള്‍ ക്രോം വാങ്ങാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യക്കാരനായ അരവിന്ദ് ശ്രീനിവാസ് നേതൃത്വം നല്‍കുന്ന എഐ കമ്പനിയായ പെര്‍പ്ലെക്‌സിറ്റി. 34.5 ബില്യണ്‍ ഡോളര്‍ നല്‍കി ഗൂഗിള്‍ ക്രോം വാങ്ങാം എന്നാണ് സുന്ദര്‍ പിച്ചൈയ്ക്ക് മുന്നില്‍ അരവിന്ദ് ശ്രീനിവാസ് വെച്ച ഓഫര്‍. ഇതോടെ ടെക് ലോകത്ത് ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് അരവിന്ദ് ശ്രീനിവാസും പെര്‍പ്ലെക്‌സിറ്റിയും.

പെര്‍പ്ലെക്‌സിറ്റിയുടെ ആസ്തിയേക്കാള്‍ ഇരട്ടി തുകയ്ക്ക് മുകളിലാണ് അരവിന്ദ് ശ്രീനിവാസ് സുന്ദര്‍ പിച്ചെയ്ക്ക് മുന്നില്‍ വെച്ച ഡീല്‍ എന്നതാണ് ചര്‍ച്ചകള്‍ക്ക് പ്രധാന കാരണം. 14 ബില്യണ്‍ ഡോളറാണ് പെര്‍പ്ലെക്‌സിറ്റിയുടെ മൂല്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നങ്ങളില്‍ ഒന്നില്‍ തന്നെ കണ്ണ് വെക്കാന്‍ അരവിന്ദ് ശ്രീനിവാസന് ആത്മവിശ്വാസമുണ്ടായതെങ്ങനെയെന്നാണ് കൗതുകങ്ങളിലൊന്ന്.

ലോകത്തെമ്പാടുമായി മൂന്ന് ബില്യണ്‍ ആളുകളാണ് ക്രോം ഉപയോഗിക്കുന്നത്. ഇത്രയും വലിയ ക്രോമിനെ സ്വന്തമാക്കാന്‍ വെറും മൂന്ന് വര്‍ഷം മാത്രം പ്രായമുള്ള പെര്‍പ്ലെക്‌സിറ്റിക്ക് എങ്ങനെ സാധിക്കും? ഇതോടെ പെര്‍പ്ലെക്‌സിറ്റിയും അരവിന്ദ് ശ്രീനിവാസും ട്രെന്റിങ് ടോപ്പിക്കുകളിലൊന്നായി.

ആരാണ് അരവിന്ദ് ശ്രീനിവാസ്?

പെര്‍പ്ലെക്‌സിറ്റി എഐയുടെ സിഇഒയും സഹ സ്ഥാപകനുമാണ് അരവിന്ദ് ശ്രീനിവാസ്. ചെന്നൈയില്‍ ജനിച്ച ശ്രീനിവാസ് ഐഐടി മദ്രാസില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഉന്നത പഠനത്തിനായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെത്തി. പ്രശസ്ത എഐ ഗവേഷകനായ യോഷ്വ ബെന്‍ജിയോയ്‌ക്കൊപ്പവും പിന്നീട് ഗൂഗിളിലും ശ്രീനിവാസ് ജോലി ചെയ്തിട്ടുണ്ട്. ഇതിനു ശേഷമാണ് പെര്‍പ്ലെക്‌സിറ്റി ആരംഭിക്കുന്നത്.

2022 ലാണ് ഡെനീസ് ഡെനിസ് യാരറ്റ്‌സ്, ജോണി ഹോ, ആന്‍ഡി കോണ്‍വിന്‍സ്‌കി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് അദ്ദേഹം പെര്‍പ്ലെക്‌സിറ്റി ആരംഭിക്കുന്നത്. റിയല്‍ടൈം വിവരങ്ങള്‍ ഉള്‍പ്പെടുത്തി സംഭാഷണ രീതിയിലുള്ള മറുപടികള്‍ നല്‍കുന്ന സെര്‍ച്ച് എഞ്ചിനാണ് പെര്‍പ്ലെക്‌സിറ്റി. പുറത്തിറങ്ങി കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ വലിയ സ്വീകാര്യത പെര്‍പ്ലെക്‌സിറ്റി നേടിയിട്ടുണ്ട്.

ഗൂഗിള്‍ അവരുടെ ചരിത്രത്തിലെ വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് പെര്‍പ്ലെക്‌സിറ്റിയുടെ ഓഫര്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഗൂഗിളിന്റെ ആധിപത്യത്തിനെതിരെ യുഎസ് കോടതി ഈ മാസം വിധി പുറപ്പെടുവിക്കാനിരിക്കുകയാണ്.

ഉപകരണങ്ങളിലും ബ്രൗസറുകളിലും ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി തുടരാന്‍ വലിയ തുകകള്‍ നല്‍കിക്കൊണ്ട് ഗൂഗിള്‍ നിയമവിരുദ്ധമായി തങ്ങളുടെ സെര്‍ച്ച് കുത്തക നിലനിര്‍ത്തിയിട്ടുണ്ടെന്ന് യുഎസ് ജില്ലാ ജഡ്ജി അമിത് പി മേത്തയുടെ കണ്ടെത്തല്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com