മോദിയെ സാക്ഷിയാക്കി എഐ ലോകത്തെ 'അയ്യപ്പനും കോശിയും': ഡൽഹി സാക്ഷിയായത് 'എഐ ശീതയുദ്ധത്തിന്'

എഐ മേഖലയിലെ വമ്പന്മാരായ ഒപ്പൺ എഐയും ആന്ത്രോപ്പിക്കും തമ്മിലുള്ള ശീതയുദ്ധം പരസ്യമാകുന്ന ഒരു സന്ദര്‍ഭം എന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിലയിരുത്തുന്നത്.
Awkward Fist Bump at AI Summit Highlights Rivalry Between OpenAI and Anthropic CEOs
Awkward Fist Bump at AI Summit Highlights Rivalry Between OpenAI and Anthropic CEOsNews Malayalam
Published on
Updated on

ന്യൂഡൽഹി: ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിലെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ ഓപ്പൺ എഐ സി.ഇ.ഒ സാം ആൾട്ട്മാനും ആന്ത്രോപ്പിക് സി.ഇ.ഒ ഡാരിയോ അമോഡെയും കൈകോർക്കാൻ വിസമ്മതിച്ച് മുഷ്ടി ചുരുട്ടിപ്പിടിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എഐ മേഖലയിലെ വമ്പന്മാരായ ഒപ്പൺ എഐയും ആന്ത്രോപ്പിക്കും തമ്മിലുള്ള ശീതയുദ്ധം പരസ്യമാകുന്ന ഒരു സന്ദര്‍ഭം എന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിലയിരുത്തുന്നത്.

ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ പ്രമുഖർക്കൊപ്പം ഐക്യം പ്രഖ്യാപിച്ച് കൈകോർത്ത് നിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എല്ലാവരും പരസ്പരം കൈകൾ കോർത്തുപിടിച്ചപ്പോൾ, തൊട്ടടുത്ത് നിന്നിരുന്ന ആൾട്ട്മാനും അമോഡെയും അല്പനേരം മടിച്ചുനിന്ന ശേഷം കൈകൾ കോർക്കുന്നതിന് പകരം മുഷ്ടികൾ ഉയർത്തിപ്പിടിക്കുകയായിരുന്നു. പരസ്പരം കൈകോര്‍ക്കാന്‍ ഇവര്‍ വിസമ്മതിച്ചു.

ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ "എഐ ശീതയുദ്ധം" എന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിശേഷിപ്പിച്ചത്. "എഐ മെഷീനുകൾ നിർമ്മിക്കാൻ ഇവർക്ക് സാധിക്കും, പക്ഷേ പരസ്പരം ഒന്ന് കൈകോർക്കാൻ കഴിയില്ല" എന്ന് ഒരാൾ എക്സിൽ കുറിച്ചു. ഇന്ത്യയുടെ കാര്‍മികത്വത്തില്‍ എഐ ലോകത്ത് മോദിയുടെ ഐക്യദാർഢ്യ ആഹ്വാനത്തെക്കാൾ ആൾട്ട്മാന്റെയും അമോഡെയുടെയും ഈ 'അകൽച്ച' വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.

ശരിക്കും ആൾട്ട്മാന്റെയും അമോഡെയുടെയും അകല്‍ച്ചയ്ക്ക് അഞ്ച് കൊല്ലത്തെ പഴക്കമുണ്ട്. 2021 ല്‍ ഓപ്പൺ എഐയിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു ഡാരിയോ അമോഡെ. എഐ ഡവലപ്മെന്‍റ് വിഭാഗത്തിന്‍റെ വൈസ് പ്രസിഡന്‍റ് ആയിരുന്നു എന്ന് പറയുമ്പോള്‍ തന്നെ കുറഞ്ഞ പദവിയല്ലെന്ന് പറയാം. എന്നാൽ കമ്പനി എഐ സുരക്ഷയേക്കാൾ കൂടുതൽ പ്രാധാന്യം വാണിജ്യവൽക്കരണത്തിന് നൽകുന്നു എന്ന് ആരോപിച്ച് അദ്ദേഹം അവിടെനിന്നും രാജിവെച്ചു. തുടർന്നാണ് സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന 'ആന്ത്രോപ്പിക്' എന്ന കമ്പനി അദ്ദേഹം സ്ഥാപിച്ചത്. ഒപ്പം ഓപ്പണ്‍ എഐയിലെ വലിയൊരു വിഭാഗവും ഇദ്ദേഹത്തിനൊപ്പം കമ്പനി വിട്ടു.

അതിന് പിന്നാലെ രണ്ട് കമ്പനികളും ഇന്ന് എഐ രംഗത്തെ പ്രധാന എതിരാളികളാണ്. ഇരു കമ്പനികളുടെ പ്രൊഡക്ടുകളായ ചാറ്റ് ജിപിറ്റിയും ക്ലോഡും തമ്മിലുള്ള മത്സരത്തിനൊപ്പം മികച്ച പ്രതിഭകളെയും നിക്ഷേപത്തെയും കണ്ടെത്താനും ഇരുവർക്കുമിടയിൽ കടുത്ത പോരാട്ടം നടക്കുന്നുണ്ട്. അതിനാല്‍ ഇരുവര്‍ക്കും ഇടയിലുള്ള അകല്‍ച്ചയാണ് ദില്ലിയില്‍ കണ്ടത് എന്നാണ് സോഷ്യല്‍ മീഡിയ വാദം.

ഫെബ്രുവരി 16 മുതൽ 20 വരെ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സംഘടിപ്പിക്കുന്നതാണ് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്. എഐ മേഖലയിലെ തുല്യനീതിയും സുസ്ഥിര വികസനവുമാണ് ഈ ഉച്ചകോടി ലക്ഷ്യമിടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com