വൈറലാവാൻ ചൈനയുടെ സീഡ് ഡ്രീം 4.0 എത്തി. ഗൂഗിളിൻ്റെ നാനോ ബനാനയെ വെല്ലുവിളിച്ചാണ് എഐ ഇമേജ് ജനറേഷൻ ടൂളായ സീഡ് ഡ്രീമിൻ്റെ വരവ്. ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാൻസ് അവതരിപ്പിച്ച എഐ ഇമേജ് ജനറേഷൻ ടൂളാണ് സീഡ് ഡ്രീം 4.0. പ്രൊഫഷണലുകളെ ലക്ഷ്യം വെച്ച് സൃഷ്ടിച്ച സീഡ് ഡ്രീം പുത്തൻ ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്.
രണ്ട് സെക്കൻഡിനുള്ളിൽ അൾട്രാ-ഷാർപ്പ് 2K-റെസല്യൂഷൻ ഇമേജുകൾ നിർമിക്കാൻ ഇതിന് കഴിയും. കൂടാതെ വിഷ്വൽ ഐഡന്റിറ്റി നിലനിർത്തുന്നതിന് ഉപയോക്താക്കളെ ആറ് റഫറൻസ് ഇമേജുകൾ വരെ അപ്‌ലോഡ് ചെയ്യാൻ ഇത് അനുവദിക്കുന്നു. ഏറ്റവും വേഗത്തിൽ ഇമേജ് ജനറേറ്റ് ചെയ്യുന്നതു കൊണ്ട് തന്നെ മറ്റ് എഐ ടൂളുകളിൽ നിന്ന് ഇത് വ്യത്യസ്തമാകുന്നു. നാനോ ബനാനയും സീഡ് ഡ്രീമും വ്യത്യസ്ത പ്രേക്ഷകരെയാണ് ലക്ഷ്യം വെയ്ക്കുന്നത്.
സാധാരണക്കാരായവർക്ക് മൊബൈൽ ഉപയോഗിച്ച് ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ നാനോ ബനാനയിലൂടെ സാധിക്കുമ്പോൾ ഉയർന്ന നിലവാരമുള്ള അൾട്രാ ഷാർപ്പ് ഇമേജുകളാണ് സീഡ് ഡ്രീം നൽകുന്നത്. ഇത് ബിസിനസ് ആവശ്യങ്ങൾക്കായ് ഡിസൈനർമാർക്കാണ് കൂടുതൽ പ്രയോജനപ്പെടുക. ടിക് ടോക്കിൻ്റെ മാതൃസ്ഥാപനമാണ് ചൈനയിലെ ബൈറ്റ്ഡാൻസ്. ഇന്ത്യയിൽ ഇത് ലഭ്യമാകുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഭാവിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.