എ.സികളുടെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. നിയന്ത്രണം പ്രാബല്യത്തിൽ വന്നാൽ, കടുത്ത ചൂടിൽ പോലും എ.സി 20 ഡിഗ്രി സെൽഷ്യസിൽ താഴെയായി സജ്ജമാക്കാൻ കഴിയില്ല.
വൈദ്യുതി ലാഭിക്കാനും രാജ്യത്തിൻ്റെ വർധിച്ചുവരുന്ന ഊർജ ആവശ്യതക കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നാണ് ഊർജമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
ഇനി വരാൻ പോകുന്ന ക്രമീകരണം വീട്ടിലെ എ.സികൾക്ക് മാത്രമല്ല,ഹോട്ടലുകൾക്കും കാറുകൾക്കും ബാധകമാകും. ഇന്ത്യയിൽ ഏകദേശം 10 കോടി എ.സികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. 1.5 കോടി അധികം എസികൾ കൂടി സ്ഥാപിക്കപ്പെടുന്നുണ്ട്.
എ.സിയുടെ താപനില 20 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ക്രമീകരിക്കപ്പെടും. 20 ഡിഗ്രി സെൽഷ്യസിന് താഴെ തണുപ്പിക്കാനോ, 28ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാക്കാനോ സാധിക്കില്ല. ഈ മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനമാണ് ഇതെന്നും കേന്ദ്രമന്ത്രിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പല വീടുകളിലും കെട്ടിടങ്ങളിലും താപനില 16 ഡിഗ്രി സെൽഷ്യസ് വരെ ക്രമീകരിക്കപ്പെടുന്നു. ഇത് പവർ ഗ്രിഡിൽ അധിക സമ്മർദം ചെലുത്തുന്നു.
എ.സി താപനിലയിൽ ഓരോ 1°C വർധിപ്പിക്കുമ്പോഴും, ഊർജ ഉപയോഗം 6 ശതമാനം കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.