മനുഷ്യർ പണിയെടുക്കുന്ന പരിപാടിയൊക്കെ ഏകദേശം അവസാനിക്കാറായി. ഇപ്പോൾ പണിയെടുപ്പിക്കുന്നതും പണിയെടുക്കുന്നതുമൊക്കെ റോബോട്ടുകളാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് വന്നതോടു കൂടി നിർമാണ മേഖല കീഴടക്കുകയാണ് റോബോട്ടുകൾ. ഇന്ത്യയുടെ അയൽക്കാരായ ചൈനയാണ് ഇക്കാര്യത്തിൽ മുൻപിലെന്നാണ് ഏറ്റവും പുതിയ കണക്കുകൾ. ചൈനയിലെ ഫാക്ടറികളിൽ 20 ലക്ഷത്തിലധികം റോബോട്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
ഇൻഡസ്ട്രിയൽ റോബോ നിർമിക്കുന്ന നോൺ പ്രോഫിറ്റ് ഗ്രൂപ്പായ അന്താരാഷ്ട്ര റോബോട്ടിക് ഫെഡറേഷൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം മാത്രം 3 ലക്ഷം പുതിയ റോബോട്ടുകളേയാണ് ചൈനീസ് ഫാക്ടറികളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. 2024 -ൽ ലോകം മുഴുവൻ പുറത്തിറക്കിയ റോബോട്ടുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഈ കണക്കുകൾ എന്നതാണ് ഞെട്ടിക്കുന്ന വിവരം. അമേരിക്ക പോലും ഈ കാര്യത്തിൽ ബഹുദൂരം പിന്നിലാണ്. 34,000 റോബോട്ടുകളെയാണ് അമേരിക്ക കഴിഞ്ഞ വർഷം നിർമിച്ച് ഇൻസ്റ്റാൾ ചെയ്തത്.
ലോകത്താകമാനം നിർമാണ മേഖലയിൽ ഉത്പാദനക്ഷമതയിലും വേഗത്തിലുള്ള പ്രവർത്തനങ്ങളിലും ആർട്ടിഫിഷൽ ഇൻ്റലിജൻസും റോബോട്ടുകളും വലിയ പങ്കാണ് വഹിക്കുന്നത്. കാറിൽ വെൽഡ് ചെയ്യുന്ന യന്ത്രങ്ങൾ മുതൽ കൺവെയർ ബെൽറ്റുകളിലേക്ക് ബോക്സുകൾ ഉയർത്തുന്ന പണികൾ വരെ ഫാക്ടറി റോബോട്ടുകളാണ് നിർവഹിക്കുന്നത്. മനുഷ്യാധ്വാനം കുറച്ച് സാങ്കേതിക വിദ്യയിലൂടെ പരമാവധി ഉത്പാദനം ഉണ്ടാക്കിയെടുക്കുകയാണ് ചൈന.
റോബോട്ടിക്സിലും നൂതന സാങ്കേതിക വിദ്യയിലും വലിയ നിക്ഷേപങ്ങൾക്കും വമ്പൻ പദ്ധതികൾക്കും ചൈനീസ് സർക്കാർ നൽകുന്ന പിന്തുണ ഇന്ന് അവരെ ഈ മേഖലയിൽ ആഗോള വമ്പൻമാരാക്കിരിക്കുകയാണ്. ഫാക്ടറികളിൽ കൂടുതൽ റോബോട്ടുകളെ സ്ഥാപിക്കുന്നതിലൂടെ നിർമ്മാണ രംഗത്ത് വലിയ കുതിപ്പാണ് ചൈന ലക്ഷ്യമിടുന്നത്. എഐ, ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ ചൈന കൈവരിച്ച നേട്ടങ്ങൾ യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും ചൈനീസ് കമ്പനികളുടെ വർഷങ്ങളായുള്ള പരിശ്രമത്തിൻ്റെ ഫലമാണെന്നും ചൈനീസ് ടെക് റിസർച്ച് ടീമായ ഒംഡിയ തലവൻ അനലിസ്റ്റ് ലിയാൻ ജെ സു പറഞ്ഞു.
2017 -ന് ശേഷം ചൈനയിൽ ഒരു ലക്ഷത്തി അൻപതിനായിരത്തിലധികം റോബോട്ടുകളേയാണ് ഓരോ വർഷവും ഫാക്ടറികളിൽ ഇൻസ്റ്റാൾ ചെയ്യുന്നത്. ഇത് ഉത്പാദനത്തിൽ വലിയ നേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, ലോകത്ത് റോബോട്ട് ഇൻസ്റ്റാലേഷനുകൾ കുറയുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ കുതിപ്പ്. കഴിഞ്ഞ വർഷം, വലിയ ഫാക്ടറി റോബോട്ട് ഉപയോഗ രാജ്യങ്ങളായ ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ, ജർമനി എന്നിവിടങ്ങളിൽ റോബോട്ട് ഇൻസ്റ്റാലേഷനുകളിൽ കുറവുണ്ടായി. ജപ്പാൻ സ്ഥാപിച്ചത് ആകെ 44,000 റോബോട്ടുകളെയാണ്. സാങ്കേതിക വിദ്യയിലെ ഈ അപ്ഡേഷൻ നിർമാണ മേഖലയിൽ ചൈനയെ ലോകത്തിൻ്റെ പവർഹൗസാക്കി മാറ്റുകയാണ്.
ഈ വർഷം ആദ്യം, ലോകമെമ്പാടുമുള്ള ഉൽപ്പാദന വസ്തുക്കളുടെ മൂന്നിലൊന്ന് ഭാഗവും നിർമ്മിച്ചത് ചൈനയിലെ ഫാക്ടറികളിലാണ്. അമേരിക്ക, ജർമനി, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ എന്നി രാജ്യങ്ങളുടെ ആകെയുള്ള നിർമാണത്തേക്കാളും കൂടുതലാണിത്. മുൻ വർഷങ്ങളിൽ തദ്ദേശീയമായി നിർമിക്കുന്ന റോബോട്ടുകളേക്കാളേറെ ഇറക്കുമതി ചെയ്ത റോബോട്ടുകളാണ് ചൈന ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം രാജ്യത്ത് ഇൻസ്റ്റാൾ ചെയ്ത റോബോട്ടുകളിൽ ഏകദേശം അഞ്ചിൽ മൂന്ന് ഭാഗവും ചൈനയിൽ തന്നെ നിർമിച്ചതാണ്.