

ഓഫീസ് കമ്പ്യൂട്ടറിലോ മറ്റുള്ളവരുമായി പങ്കിടുന്ന ലാപ്ടോപ്പിലോ വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉപയോഗശേഷം വാട്ട്സ്ആപ്പ് ലോഗ്ഔട്ട് ചെയ്യാൻ മറന്നാൽ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളും കോൺടാക്റ്റുകളും ഗ്രൂപ്പ് സംഭാഷണങ്ങളും മറ്റുള്ളവരുടെ കൈകളിലെത്തിയേക്കാം. ഇതുസംബന്ധിച്ച് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ രംഗത്തെത്തി.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് (NCTAU) പുറത്തിറക്കിയ സുരക്ഷാ നിർദേശത്തിലാണ് വാട്ട്സ്ആപ്പ് വെബ് സെഷനുകളുടെ ദുരുപയോഗ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സജീവമായ ഒരു സെഷൻ ഉപയോഗിച്ച് അനധികൃതമായി അക്കൗണ്ടിലേക്ക് പ്രവേശിക്കാനും ഉപയോക്താവിന്റെ പേരിൽ സന്ദേശങ്ങൾ അയക്കാനും സൈബർ കുറ്റവാളികൾക്ക് സാധിച്ചേക്കാം. ഫിഷിങ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാം.
ബ്രൗസർ വിൻഡോയോ ടാബോ അടച്ചതുകൊണ്ട് മാത്രം വാട്ട്സ്ആപ്പ് വെബ് സെഷൻ അവസാനിക്കണമെന്നില്ല. അതിനാൽ ഓരോ തവണ ഉപയോഗം കഴിഞ്ഞാലും സ്വമേധയാ ലോഗ്ഔട്ട് ചെയ്യണമെന്നാണ് നിർദേശം. പ്രത്യേകിച്ച് ഓഫീസ് കമ്പ്യൂട്ടറുകൾ, പൊതു സ്ഥലങ്ങളിലെ കമ്പ്യൂട്ടറുകൾ , മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങൾ എന്നിവയിൽ കൂടുതൽ ജാഗ്രത വേണം.
സൈബർ കഫേകൾ, പൊതുകിയോസ്കുകൾ, ഹോട്ടലുകളിലെ ബിസിനസ് സെന്ററുകൾ, മറ്റുള്ളവരിൽ നിന്ന് കടം വാങ്ങുന്ന കമ്പ്യൂട്ടറുകൾ എന്നിവയിൽ വാട്ട്സ്ആപ്പ് വെബ് ലോഗിൻ ചെയ്യുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കമ്പ്യൂട്ടറിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ഇൻകോഗ്നിറ്റോ അല്ലെങ്കിൽ പ്രൈവറ്റ് ബ്രൗസിങ് മോഡ് ഉപയോഗിക്കാം. എന്നാൽ ഇതുമാത്രം സുരക്ഷയ്ക്ക് മതിയാകില്ലെന്നും ഉപയോഗശേഷം ലോഗ്ഔട്ട് നിർബന്ധമാണെന്നും ഏജൻസി വ്യക്തമാക്കുന്നു.
സർക്കാർ, സാമ്പത്തിക, സംഘടനാ സംബന്ധമായ രഹസ്യവിവരങ്ങളും മറ്റ് സെൻസിറ്റീവ് വിവരങ്ങളും കമ്പ്യൂട്ടറുകളിലെ വാട്ട്സ്ആപ്പ് വെബ് സെഷനുകൾ വഴി കൈമാറരുതെന്നും മുന്നറിയിപ്പുണ്ട്. അക്കൗണ്ടിൽ നിന്ന് അയക്കാത്ത സന്ദേശങ്ങൾ പോകുക, കോൺടാക്റ്റുകളിൽ നിന്ന് അസാധാരണ മറുപടികൾ ലഭിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. സംശയാസ്പദമായ ഫയലുകളും ഡൗൺലോഡുകളും ഒഴിവാക്കുന്നതിനൊപ്പം ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസർ, സുരക്ഷാ സോഫ്റ്റ്വെയർ എന്നിവ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും വേണം.
ഒരു ചെറിയ അശ്രദ്ധ മതി നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ മറ്റൊരാളുടെ കൈകളിലെത്താൻ. അതിനാൽ ഇനി ഓഫീസ് കമ്പ്യൂട്ടറിൽ നിന്ന് ഇറങ്ങുമ്പോഴും മറ്റൊരാളുടെ ലാപ്ടോപ്പിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുമ്പോഴും ലോഗ്ഔട്ട് ചെയ്തെന്ന് ഉറപ്പാക്കുക.