

സ്മാര്‍ട്ട് ഫോണുകള്‍ ജീവിതത്തിന്റെ ഭാഗമായ നമുക്ക് ജിപിഎസ് സംവിധാനവും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഒരു സ്ഥലത്തേക്ക് പോകാന്‍ ഈ സംവിധാനം ഇന്ന് പൊതുവെ എല്ലാവരും ഉപയോഗിച്ചു വരുന്നു. എന്നാല്‍ ജിപിഎസ് സംവിധാനം നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടി റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാലോ? ഞെട്ടിയില്ലേ! അങ്ങനെ ഒരു പഠനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
സ്മാര്‍ട്ട് ഫോണുകളിലെ ജിപിഎസ് സംവിധാനം എല്ലാ തരത്തിലും നമ്മളെ നിരീക്ഷിക്കുന്നുവെന്നാണ് പുതിയ പഠനം. ഐഐടി ഡല്‍ഹിയിലെ പ്രൊഫസര്‍ സ്മൃതി ആര്‍ സാരംഗി, എം ടെക്ക് വിദ്യാര്‍ഥി സോഹം നാഗ് എന്നിവരാണ് ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ജിപിഎസ് നമ്മള്‍ കരുതുന്നതിനേക്കാള്‍ ശക്തമാണ് എന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.
അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ ലൊക്കേഷന്‍ പെര്‍മിഷന്‍ നല്‍കി കഴിഞ്ഞാല്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളും ചുറ്റുപാടുമൊക്കെ ജിപിഎസ് നിരീക്ഷിക്കുമെന്നാണ് പറയുന്നത്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തുന്നതിനായുള്ള നാവിഗേഷന്‍ ടൂള്‍ എന്ന നിലയ്ക്കാണ് സാധാരണ ഗതിയില്‍ നമ്മള്‍ ജിപിഎസിനെ കാണാറ്. ഡോപ്ലര്‍ ഷിഫ്റ്റുകള്‍, സിഗ്നല്‍ സ്‌ട്രെങ്ത്ത് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഉപയോഗിച്ച് ചുറ്റുപാടുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്.
പഠനത്തിനായി ഇവര്‍ വികസിപ്പിച്ച 'ആന്‍ഡ്രോ കോണ്‍' എന്ന സംവിധാനത്തിലൂടെ നിങ്ങളുടെ സഞ്ചാര പാത, അത് മെട്രോയിലൂടെയുള്ള യാത്ര, പാര്‍ക്കിലൂടെ നടക്കുന്നത്, അല്ലെങ്കില്‍ ഒരു തിരക്കുള്ള സ്ഥലത്തുകൂടെ നടക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം ഇവയ്ക്ക് മനസിലാക്കാന്‍ സാധിക്കും. അതുമാത്രമല്ല, നമ്മള്‍ തനിച്ച് ഒരു അടച്ചിട്ട മുറിയില്‍ ഇരിക്കുകയാണെങ്കിലും, പടി ഇറങ്ങുകയാണെങ്കിലും, എലിവേറ്ററിലാണെങ്കിലും കൃത്യമായി ജിപിഎസ് സിഗ്നല്‍സ് വഴി മനസിലാക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. എന്തിന് നമ്മള്‍ ഇരിക്കുന്നതും കിടക്കുന്നതും വരെ മനസിലാക്കാനാകുമെന്നാണ് പറയുന്നത്.
40,000 സ്വകയര്‍ കിലോമീറ്റര്‍ വരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വര്‍ഷം നീണ്ട പഠനത്തിലൂടെ 'ആന്‍ഡ്രോ കോണ്‍' നിരവധി മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ 99 ശതമാനം കൃത്യതയോടെ രേഖപ്പെടുത്തിയെന്നും പഠനം പറയുന്നു. ഇത് വലിയ ഒരു കണ്ടെത്തലാണെങ്കിലും ഏറെ ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണെന്ന് കൂടി പറഞ്ഞു വയ്ക്കുന്നു. ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ക്ക് ലൊക്കേഷന്‍ അടക്കമുള്ള അനുമതികള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് ഇതുവഴി നല്‍കുന്നത്.