ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലും മുംബൈയിലും നടക്കുന്ന രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുന്നൂറിലധികം സോഷ്യൽ മീഡിയ പോസ്റ്റുകൾ ഡൽഹി പോലീസ് നീക്കം ചെയ്തിരുന്നു. ഇതിന് പുറമേ സമരവുമായി ബന്ധപ്പെട്ട പല പോസ്റ്റുകളും ഇന്ത്യയില്‍ കാണുന്നതില്‍ നിന്നും മെറ്റയും മറ്റും നീക്കം ചെയ്യുന്നുണ്ട്.ഇതോടെ ഓൺലൈൻ ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്ര സർക്കാരിനുള്ള നിയമപരമായ അധികാരങ്ങൾ വീണ്ടും സജീവ ചർച്ചയാകുന്നുണ്ട്. ക്രമസമാധാനത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങൾക്കെതിരായ സർക്കാർ ഏജൻസികളുടെ പരാതികൾക്ക് മുൻഗണന നൽകണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം പ്രധാനമായും രണ്ട് നിയമവഴികളിലൂടെയാണ് സോഷ്യൽ മീഡിയ പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യാൻ സർക്കാരിന് അധികാരമുള്ളത്. ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ ബാധ്യതയിൽ നിന്ന് പ്ലാറ്റ്‌ഫോമുകൾക്ക് സംരക്ഷണം നൽകുന്ന 'സേഫ് ഹാർബർ' വ്യവസ്ഥയിൽ നിന്നുകൊണ്ടാണ് ഈ രണ്ട് സംവിധാനങ്ങളും പ്രവർത്തിക്കുന്നത്.
ഇതിൽ ഒന്നാമത്തെ വഴി ഐടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമുള്ള നേരിട്ടുള്ള എക്സിക്യൂട്ടീവ് ബ്ലോക്കിംഗ് ഉത്തരവുകളാണ്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, പൊതു ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന ഘട്ടങ്ങളിൽ കേന്ദ്ര സർക്കാരിന് നേരിട്ട് ഒരു ഉള്ളടക്കമോ ആപ്പോ വെബ്‌സൈറ്റോ ബ്ലോക്ക് ചെയ്യാൻ ഉത്തരവിടാം. 2009-ലെ ബ്ലോക്കിംഗ് ചട്ടങ്ങൾ പ്രകാരം ഐടി മന്ത്രാലയത്തിലെ പ്രത്യേക സമിതി ഇതിൽ വാദം കേൾക്കുകയും കേന്ദ്ര ഐടി സെക്രട്ടറിയുടെ അന്തിമ അനുമതിയോടെ ഉത്തരവിറക്കുകയും വേണം. ഈ ഉത്തരവുകൾ ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാം. എന്നാൽ റൂൾ 16 പ്രകാരം സെക്ഷൻ 69എ ഉത്തരവുകൾ അതീവ രഹസ്യമായി സൂക്ഷിക്കപ്പെടുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഒക്ടോബർ 10-ലെ സമരത്തിന് മുന്നോടിയായി 'ബിറ്റ്ചാറ്റ്' എന്ന മെസ്സേജിംഗ് ആപ്പ് സെക്ഷൻ 69എ പ്രകാരം ബ്ലോക്ക് ചെയ്തതിനെതിരെ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ രംഗത്തെത്തിയിരുന്നു.
രണ്ടാമത്തെ വഴി ഐടി നിയമത്തിലെ സെക്ഷൻ 79(3)(ബി), 2021-ലെ ഐടി ചട്ടങ്ങൾ എന്നിവ പ്രകാരമുള്ള ടേക്ക്ഡൗൺ അറിയിപ്പുകളാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് മൂന്നാം കക്ഷി ഉള്ളടക്കങ്ങളിൽ ലഭിക്കുന്ന നിയമ പരിരക്ഷ (സേഫ് ഹാർബർ) നിലനിൽക്കണമെങ്കിൽ, ഒരു പോസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവിലൂടെയോ അംഗീകൃത സർക്കാർ ഏജൻസി വഴിയോ അറിയിപ്പ് ലഭിച്ചാൽ അത് ഉടനടി നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം പോസ്റ്റിന്റെ പേരിൽ പ്ലാറ്റ്‌ഫോമിനെതിരെയും ക്രിമിനൽ നടപടിയെടുക്കാം.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്‍റെ 'സഹയോഗ്' പോർട്ടൽ വഴിയാണ് ഏജൻസികൾ ഈ നോട്ടീസുകൾ കൈമാറുന്നത്. ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ്, ടെലിഗ്രാം തുടങ്ങിയ 38 പ്രമുഖ കമ്പനികൾ ഇതിന്റെ ഭാഗമായെങ്കിലും എക്സ് ഇതിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2025 ജൂലൈയിൽ ഏതൊരു സാധാരണ ഉദ്യോഗസ്ഥനും ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള നോട്ടീസുകൾ അയക്കാൻ അനുവാദം നൽകുന്നത് അപകടകരമാണെന്ന് എക്സിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ വാദിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചതിനെത്തുടർന്ന് നോട്ടീസ് അയക്കുന്നത് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര ഐടി മന്ത്രാലയം 2025 ഒക്ടോബറിൽ റൂൾ 3(1)(ഡി) ഭേദഗതി ചെയ്തു.
ഇതനുസരിച്ച് കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ജോയിന്റ് സെക്രട്ടറിമാർക്കോ തത്തുല്യ പദവിയിലുള്ള ഉദ്യോഗസ്ഥർക്കോ, ജോയിന്റ് സെക്രട്ടറി ഇല്ലാത്ത വകുപ്പുകളിൽ ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥർക്കോ മാത്രമേ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള ഔദ്യോഗിക അറിയിപ്പുകൾ ഇനി നൽകാനാകൂ. കൂടാതെ ഡിഐജി റാങ്കിലോ അതിനു മുകളിലോ ഉള്ള പോലീസ് ഉദ്യോഗസ്ഥർക്കും ഇത്തരം നോട്ടീസുകൾ അയക്കാം. താഴെത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം നോട്ടീസുകൾ നേരിട്ട് അയക്കാൻ അധികാരമില്ല. ഓരോ അറിയിപ്പിലും ഏത് നിയമപ്രകാരമാണ് നടപടിയെന്നും, എന്ത് നിയമവിരുദ്ധ പ്രവർത്തനമാണ് നടന്നതെന്നും വ്യക്തമാക്കുന്ന കൃത്യമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കണം. സെക്രട്ടറി തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥൻ എല്ലാ മാസവും ഈ നോട്ടീസുകൾ പരിശോധിച്ച് വിലയിരുത്തുകയും ചെയ്യും. ഈ പുതിയ ഭേദഗതികൾ 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.
കൂടാതെ, 2026 ഫെബ്രുവരിയിലെ പുതിയ ഭേദഗതി അനുസരിച്ച് സർക്കാർ നോട്ടീസ് ലഭിച്ചാൽ വെറും മൂന്ന് മണിക്കൂറിനകവും, അശ്ലീലതയോ വ്യക്തിഹത്യയോ ആണെങ്കിൽ രണ്ട് മണിക്കൂറിനകവും പ്ലാറ്റ്‌ഫോമുകൾ ഉള്ളടക്കം നീക്കം ചെയ്യണമെന്നതാണ് കർശന വ്യവസ്ഥ.