കാലിഫോർണിയ: സെപ്റ്റംബറിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണായ ഐഫോൺ 18, ഐഫോൺ 18 പ്രോ തുടങ്ങിയ മോഡലുകളുടെ ഡിസൈനിലും ഫീച്ചറുകളിലും നിർണായക മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. വ്യത്യസ്തമായ ബോർഡ് കളറുകളിലും ഐഫോൺ 18 സീരീസ് മോഡലുകൾ ലഭ്യമാകുമെന്ന് വിവരം.
ഡാർക്ക് ഗ്രേ, സിൽവർ, സ്കൈ ബ്ലൂ തുടങ്ങിയ ഷേഡുകൾക്കൊപ്പം ആകർഷകമായ ഡാർക്ക് ചെറി കളർ ഓപ്ഷനിനും ഐഫോൺ 18 സീരീസ് ലഭ്യമായേക്കുമെന്നാണ് വിവരം. ഡിസ്പ്ലേയിലെ ഡൈനാമിക് ഐലൻഡ് കൂടുതൽ നേർത്തതാകും എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
ഐഫോണുകളുടെ ചരിത്രത്തിലെ വമ്പൻ ക്യാമറ അപ്ഗ്രേഡുകൾക്കും ഐഫോൺ 18 സീരീസ് സാക്ഷ്യം വഹിച്ചേക്കും. പ്രധാന സെൻസറിലെ വേരിയബിൾ അപ്പേർച്ചർ ആണ് ഇതിൽ ഏറ്റവും പ്രധാനം. ഇത് ഡെപ്ത് ഓഫ് ഫീൽഡ് കൃത്യമായി അഡ്ജസ്റ്റ് ചെയ്യാൻ സഹായിക്കും. കൂടാതെ, ലോ-ലൈറ്റ് ഫോട്ടോഗ്രാഫി കൂടുതൽ മികച്ചതാക്കാൻ വൈഡർ അപ്പേർച്ചറുള്ള ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ടാകും. 4X, 8X സൂം ഓപ്ഷനുകൾക്കൊപ്പം ക്യാമറ കൺട്രോൾ ബട്ടണും കൂടുതൽ സൗകര്യപ്രദമായി ആപ്പിൾ റീഡിസൈൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.
ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും പവർഫുൾ ബാറ്ററിയായിരിക്കും ഐഫോൺ 18 പ്രോയിൽ ഉൾപ്പെടുത്തുക. പുത്തൻ എ20 പ്രോ ചിപ്പിന്റെ സാന്നിധ്യം ബാറ്ററിയുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തും.