
ഫേസ്ബുക്കിന് വെല്ലുവിളി ഉയര്‍ത്തുന്നു എന്ന വിശേഷണത്തോടെ എത്തിയ 'അറാട്ടൈ' എന്ന ആപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. സോഹോ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ തദ്ദേശീയ ആപ്പ് എന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രിമാര്‍ അടക്കം ഇതിനെക്കുറിച്ച് പരാമര്‍ശിച്ചതതോടെയാണ് ഈ ആപ്പ് ട്രെന്റായത്.
'അറാട്ടൈ' എന്നത് ഒരു തമിഴ് വാക്കാണ് 'സംസാരം' എന്നാണ് അര്‍ത്ഥം. പേര് സൂചിപ്പിക്കുന്നതുപോലെ ചാറ്റിങ് ആപ്പ് തന്നെയാണ് ഇത്. 2021-ല്‍ പുറത്തിറങ്ങിയതാണെങ്കിലും, അടുത്തിടെ കേന്ദ്ര മന്ത്രിമാരടക്കം സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പിന്തുണയാണ് 'അറാട്ടൈ'യെ പെട്ടെന്ന് ജനപ്രിയമാക്കിയത്.
അടുത്തിടെ യുഎസ് തരീഫ് പ്രശ്‌നത്തിന് പിന്നാലെ കേന്ദ്രം സ്വദേശിവത്കരണത്തിന് പ്രധാന്യം നല്‍കുന്ന നയത്തിലേക്ക് നീങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആപ്പ് സ്വിച്ചിങ്ങും അതിന് പിന്നാലെ ഈ ചാറ്റിങ് ആപ്പിന് കിട്ടിയ ജനപ്രീതിയും.
എന്നാല്‍ ഈ ആപ്പിനെക്കുറിച്ചുള്ള നല്ല സംസാരങ്ങള്‍ എല്ലാം നടക്കുന്നതിനിടെ ചില ആശങ്കകളും സാങ്കേതിക ലോകത്തെ പ്രമുഖര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. സ്വകാര്യതയെക്കുറിച്ച് ബോധമുള്ള ചില ഉപയോക്താക്കള്‍ വാട്ട്സ്ആപ്പുമായും ലഭ്യമായ മറ്റ് മെസേജിംഗ് ആപ്പുകളുമായും താരതമ്യപ്പെടുത്തുമ്പോള്‍ അറാട്ടൈയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു സവിശേഷത ഇല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. അത് ഡിഫോള്‍ട്ട് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ് (E2EE).
മെസേജിങ് ആപ്പുകളില്‍ ഉപയോഗിക്കുന്ന സുരക്ഷാ സാങ്കേതിക വിദ്യയാണ്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. ഒരു സന്ദേശം അയക്കുന്ന ഡിവൈസില്‍ നിന്ന് എന്‍ക്രിപ്റ്റ് ചെയ്ത രൂപത്തിലാണ് (കോഡ് രൂപത്തിലേക്ക്) സന്ദേശം സെന്റ് ചെയ്യപ്പെടുക, സന്ദേശം ഇടയില്‍ നിന്നും (സെര്‍വര്‍, നെറ്റ്വര്‍ക്ക് മുതലായിടങ്ങളില്‍ നിന്നും) ആര്‍ക്കും വായിക്കാന്‍ കഴിയില്ല. ഈ സന്ദേശം ഡിക്രിപ്റ്റ് ചെയ്യുന്നത് സന്ദേശം സ്വീകരിക്കുന്ന അവസാന ഡിവൈസില്‍ മാത്രമായിരിക്കും.
അതായത്, അയച്ചയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമേ സന്ദേശത്തിന്റെ ഉള്ളടക്കം വായിക്കാന്‍ കഴിയൂ. വാട്ട്‌സ്ആപ്പ്, സിഗ്‌നല്‍, ഐമെസേജ്, ടെലഗ്രാം പോലുള്ള ആപ്പുകളില്‍ ഇത് ഉപയോഗിക്കുന്നു. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നു ഒരു രീതിയാണ് ഇത്.
സ്വകാര്യതയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന സേവനമായാണ് എന്നാണ് സോഹോ 'അറാട്ടൈ'യെ വിശേഷിപ്പിക്കുന്നത്. എല്ലാ ഉപയോക്തൃ ഡാറ്റയും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുന്നു എന്ന് അവര്‍ പറയുന്നു. വോയ്സ്, വീഡിയോ കോളുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണെന്ന് പറയുന്ന ഇവര്‍. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് സന്ദേശങ്ങള്‍ക്ക് നിലവില്‍ ഈ സംവിധാനം ഇല്ലെന്ന് പറയുന്നു.
എന്നിരുന്നാലും, ഒരു 'സീക്രട്ട് ചാറ്റ്' ഓപ്ഷന്‍ സുരക്ഷിതമായ സന്ദേശമയയ്ക്കല്‍ വാഗ്ദാനം ചെയ്യുന്നു, കൂടാതെ പൂര്‍ണ്ണ എന്‍ക്രിപ്ഷന്‍ ഉടന്‍ വരും എന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും ഇത് വരുന്നത് വരെ സര്‍ക്കാര്‍ തലത്തില്‍ പോലും ഇത് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് എത്രത്തോളം സുരക്ഷിതം എന്ന ചോദ്യമാണ് ഉയരുന്നത്.
അതേസമയം ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും രാജ്യത്തെ ആപ്പ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഇപ്പോള്‍ വാട്ട്സ്ആപ്പുമായി 'അറാട്ടൈ'യെ താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ലെന്നും വാദമുണ്ട്. ഇപ്പോഴത്തെ ട്രെന്റ് എത്രത്തോളം ഈ 'ഇന്ത്യന്‍ആപ്പിന്' നിലനിര്‍ത്താന്‍ സാധിക്കും എന്നതും ചോദ്യമാണ്. മുന്‍പ് ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ട കാലത്ത് വന്ന ചില ഷോര്‍ട്ട് വീഡിയോ ആപ്പുകള്‍ പിന്നീട് പോയ വഴി ആര്‍ക്കും ഓര്‍മ്മയില്ല. കൂ എന്ന എക്‌സിന് ബദലായ ആപ്പ് വലിയ പ്രചാരത്തില്‍ വന്നെങ്കിലും ഇന്ന് എവിടെയും കേള്‍ക്കാനെ ഇല്ല.
എന്നാല്‍ സോഹോ പോലെ ഇതിനകം സോഫ്റ്റ് വെയര്‍ സര്‍വീസ് രംഗത്ത് സ്ഥാനം ഉറപ്പിച്ച കമ്പനി ഇത്തരം ഒരു അവസരം വെറുതെ വിടില്ലെന്ന് കരുതാം. ഇന്ത്യയില്‍ വാട്ട്‌സ്ആപ്പിന് 500 മില്ല്യണ്‍ ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതില്‍ ബദലാകുവാന്‍ പറ്റിയാല്‍ 'അറാട്ടൈ'യ്ക്ക് അത് വലിയ നേട്ടം തന്നെ സമ്മാനിക്കും.