
ആപ്പിൾ എന്ന ബ്രാൻഡിനൊപ്പം എല്ലാക്കാലത്തും ഓർമവരിക സ്റ്റീവ് ജോബ്സ് എന്ന ധിഷണാശാലിയായ മനുഷ്യനെയാണ്. 'പേഴ്സണൽ കംപ്യൂട്ടർ' എന്ന ആശയത്തെ ജനകീയമാക്കിയതും ആപ്പിൾ എന്ന കമ്പനിക്ക് തുടക്കമിട്ടതും ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്നാണ്. ഇന്ന് നമ്മൾ കാണുന്ന ആപ്പിളിന്റെ സ്വകാര്യ അഹങ്കാരമായ ഐഫോണിന്റെ ആദ്യ രൂപം 2007ൽ അവതരിപ്പിച്ചതും സ്റ്റീവ് ജോബ്സ് തന്നെ. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ദിവസംപ്രതി പുതിയ അപ്ഡേറ്റുകൾ കൊണ്ടുവരുമ്പോഴും എങ്ങനെയാണ് ഐഫോൺ കാലത്തെ അതിജീവിച്ചത്? ഐഫോൺ മുന്നോട്ടുവയ്ക്കുന്ന സ്വകാര്യതയേക്കാൾ അതിന്റെ രൂപവും ഘടനയുമാണ് അതിനു കാരണം. അവിടെയാണ് ജോണി ഐവ് എന്ന പേര് കടന്നുവരുന്നത്.
ആപ്പിളിന്റെ ഐക്കോണിക്ക് ഡിസൈനിന് പിന്നിൽ ജോണി ഐവ് എന്ന ചീഫ് ഡിസൈനർ ആണ്. 29 വർഷം നീണ്ട ആ ബന്ധം അവസാനിപ്പിച്ച് 2019ൽ ഐവ് ആപ്പിൾ വിട്ട് സ്വന്തമായി ലവ്ഫ്രം എന്ന കമ്പനി ആരംഭിച്ചു. ഐവിന്റെ കമ്പനിയും ആപ്പിളും ദീർഘകാലാടിസ്ഥാനത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഒരു കരാർ രൂപീകരിച്ചിരുന്നു. ആ കരാർ പുതുക്കേണ്ടതില്ലെന്നാണ് ആപ്പിൾ എടുത്ത തീരുമാനം. "After Steve: How Apple Became a Trillion-Dollar Company and Lost Its Soul" എന്ന തന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി ട്രിപ്പ് മിക്കിൾ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ ഐവിന്റെ പടിയിറക്കത്തിന്റെ കാരണമായി പറയുന്നത് ഡിസൈൻ കേന്ദ്രീകൃതമായിരുന്ന കമ്പനി പ്രയോജനവാദത്തിലേക്ക് വഴിമാറിയെന്നും ആപ്പിളിന് ആത്മാവ് നഷ്ടമായെന്നുമാണ്. വർഷങ്ങളായുള്ള നിരാശയ്ക്ക് ഒടുവിലാണ് താൻ പടിയിറങ്ങുന്നതെന്നും ജോണി ഐവിനെ ഉദ്ധരിച്ച് ലേഖനത്തിൽ പറയുന്നു. സിഇഒ ടിം കൂക്കുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഐവ് ആപ്പിൾ വിടാൻ കാരണമെന്ന് പറയാതെ പറയുകയായിരുന്നു ട്രിപ്പ് മിക്കിൾ.
ജോണി ഐവ് ഓപ്പൺ എഐയുമായി ചേർന്നു പ്രവർത്തിക്കുന്നുവെന്ന് സിഇഒ സാം ആൾട്ട്മാൻ ഔദ്യോഗികമായി പ്രസ്താവനയിറക്കിയതോടെ ടെക് ലോകം ആകെ അമ്പരുന്നു. ഇതോടെ സ്മാർട്ട്ഫോൺ രംഗത്ത് മറ്റൊരു ക്രിയേറ്റീവ് മത്സരത്തിന് കളമൊരുങ്ങുകയാണ്. ഇത്തവണ ആപ്പിളിന് എതിരാളി സാംസങ്ങല്ല. മറ്റൊരു സ്മാർട്ട്ഫോൺ നിർമാതാവുമല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ്. അതിനൊപ്പം ഐവ് കൂടിച്ചേരുമ്പോൾ മത്സരം കടുക്കും. അതിന്റെ ഗുണഭോക്താക്കൾ കഴിഞ്ഞ പതിറ്റാണ്ടിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ മാത്രം കണ്ട് ശീലിച്ച ഉപഭോക്താക്കളാണ്. സമൂലമായ മാറ്റത്തിനാണ് പുതിയ സംരംഭത്തിലൂടെ ശ്രമിക്കുന്നതെന്നാണ് ആൾട്ട്മാന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.
എന്താണ് ജോണി ഐവും ആൾട്ട്മാനും ചേർന്ന് സൃഷ്ടിക്കാൻ പോകുന്നത്? ടെക് ലോകം മുഴുവൻ ഇതറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഇത് ഒരു അസാധാരണ നിമിഷമാണ്. കമ്പ്യൂട്ടറുകൾ ഇപ്പോൾ കാണുകയും ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഈ അഭൂതപൂർവമായ കഴിവ് ഉണ്ടായിരുന്നിട്ടും, പരമ്പരാഗത ഉൽപ്പന്നങ്ങളും ഇന്റർഫേസുകളുമാണ് നമ്മുടെ അനുഭവങ്ങൾ രൂപപ്പെടുത്തുന്നത്. രണ്ട് വർഷം മുമ്പ്, ജോണി ഐവും ലവ്ഫ്രം എന്ന ക്രിയേറ്റീവ് കൂട്ടായ്‌മയും, ഓപ്പൺ എഐയുമായി സഹകരിക്കാൻ തുടങ്ങി. സൗഹൃദം, ജിജ്ഞാസ, മൂല്യങ്ങൾ എന്നിവയിലൂടെ കെട്ടിപ്പടുത്ത സഹകരണം വേഗത്തിൽ വളർന്നു. ആ ആശയങ്ങൾ മൂർത്തമായ ഡിസൈനുകളായി പരിണമിച്ചു -സാം ആൾട്ട്മാൻ കുറിച്ചു.
എന്താണ് ജോണി ഐവും ആൾട്ട്മാനും ചേർന്ന് സൃഷ്ടിക്കാൻ പോകുന്നത്? ടെക് ലോകം മുഴുവൻ ഇതറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി രൂപകൽപ്പന ചെയ്ത ഡിവൈസുകൾ ആകും ഓപ്പൺ എഐയും ഐവും ചേർന്ന് സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. 6.5 ബില്യൺ ഡോളറാണ് ഐവിന്റെ സ്വപ്നപദ്ധതിക്കായി ഓപ്പൺ എഐ ചെലവാക്കുന്നത്. ലോകം വീണ്ടും ജോണി ഐവിലേക്ക് തിരിയുന്നു. നമ്മളെ കേൾക്കുന്ന, അറിയുന്ന, മനസിലാക്കുന്ന, പ്രതികരിക്കുന്ന ഡിവൈസുകൾ സ്മാർട്ട് ഫോണുകളെ മറികടക്കുമോ? അതിന് ഇനിയും കാത്തിരിക്കണം.
ആരാണ് ജോണി ഐവ്?
ബ്രിട്ടീഷ് വംശജനായ ജോണി ഐവ് 1992 മുതൽ ആപ്പിൾ ജീവനക്കാരനായിരുന്നു. ന്യൂകാസിൽ പോളിടെക്നിക്കിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ഐവ് ആപ്പിളിലേക്ക് എത്തിയത്. ടാൻജറിൻ എന്ന പേരിൽ സ്വന്തം ഡിസൈൻ സ്ഥാപനം ആരംഭിച്ചാണ് ഐവ് കരിയർ ആരംഭിച്ചത്. സ്റ്റീവ് ജോബ്സിനെ ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കിയ കാലഘട്ടത്തിലാണ് ഐവ് കമ്പനിയിൽ എത്തുന്നത്. ഗിൽ അമേലിയോ ആയിരുന്നു അപ്പോൾ സിഇഒ. സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രത്തിൽ പറയുന്നതനുസരിച്ച്, ഗിൽ അമേലിയോയുടെ നേതൃത്വത്തിലുള്ള ജോലി ഐവിന് മടുത്തിരുന്നു. ലാഭത്തിലായിരുന്ന ആപ്പിളിന്റെ ശ്രദ്ധ. ഡിവൈസുകളുടെ ഉൾവശത്തെ കംപോണന്റുകൾ നിർമിക്കുന്നതിന് വിലകുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കാനും പുറംഭാഗങ്ങൾക്കായി അമിതവിലയുള്ള വസ്തുക്കൾ ഉപയോഗിക്കാനുമായിരുന്നു ഡിസൈനർമാർക്ക് കിട്ടിയിരുന്ന നിർദേശം. ഇത് ജോണി ഐവിന് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല.
1997ൽ സ്റ്റീവ് ജോബ്‌സ് ആപ്പിൾ സിഇഒ ആയി തിരിച്ചെത്തിയതോടെ സ്ഥിതിഗതികൾ മാറി. പണം സമ്പാദിക്കുക മാത്രമല്ല, മികച്ച ഉൽപ്പന്നങ്ങൾ നിർമിക്കുക കൂടിയാണ് ആപ്പിളിന്റെ ലക്ഷ്യം എന്ന് സ്റ്റീവ് ജോബ്സ് ജീവനക്കാരോട് പറഞ്ഞു. സ്റ്റീവിന്റെ ഈ ആശയം ഐവിനെ പിടിച്ചുനിർത്തി. ഐവിൽ സമാനമനസ്കനായ ഒരു ഇന്നൊവേറ്ററെയാണ് സ്റ്റീവ് ജോബ്സ് കണ്ടത്. അവർ പെട്ടെന്ന് അടുത്തു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ 15 വർഷങ്ങൾ എന്നാണ് ജോണി ഐവ് ആ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. ഐവ് കണ്ട ഏറ്റവും കൗതുകം നിറഞ്ഞ മനുഷ്യജീവി ആയിരുന്നു സ്റ്റീവ് ജോബ്സ്. അയാൾ എല്ലാം നോക്കി പഠിച്ചു. ഒപ്പം ജോണി ഐവും. ഉച്ചനേരങ്ങളിൽ അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ശേഷം ഡിസൈൻ സ്റ്റുഡിയോയിലെ മൗനത്തിലേക്ക് രണ്ട് പേരും ഉൾവലിഞ്ഞു. ആ സ്റ്റുഡിയോയിൽ നിന്നാണ് ആപ്പിളിന് പുതിയ രൂപവും ഭാവവും ആശയങ്ങളും ഉണ്ടായിവന്നത്.
ആപ്പിൾ എന്ന ബ്രാൻഡിനെ ഇതിഹാസമാക്കി മാറ്റിയ പല ഡിവൈസുകളുടെയും മേൽനോട്ടം വഹിച്ച ശേഷമാണ് 2019ൽ ഐവ് കമ്പനിയുടെ പടിയിറങ്ങിയത്.
ഐവിന്റെ കഴിവുകൾ അദ്ദേഹത്തെ 90കളുടെ അവസാനത്തിൽ തന്നെ ആപ്പിളിന്റെ ഇൻഡസ്ട്രിയൽ ഡിസൈനിങ്ങിന്റെ വൈസ് പ്രസിഡന്റാക്കി. 2015ൽ ഐവ് ആപ്പിളിന്റെ ഡിസൈൻ ഹെഡായി. സ്റ്റീവ് ജോബ്‌സിന്റെ മരണശേഷം ഏകദേശം ഒരു പതിറ്റാണ്ട് കൂടെ ഐവ് ആപ്പിളിൽ തുടർന്നു. ഐമാക്, ഐപോഡ്, ഐഫോൺ, ആപ്പിൾ വാച്ച് എന്നിങ്ങനെ ആപ്പിൾ എന്ന ബ്രാൻഡിനെ ഇതിഹാസമാക്കി മാറ്റിയ പല ഡിവൈസുകളുടെയും മേൽനോട്ടം വഹിച്ച ശേഷമാണ് 2019ൽ ഐവ് കമ്പനിയുടെ പടിയിറങ്ങിയത്.
സ്റ്റീവ് ജോബ്സിന്റെ പാഠശാലയിൽ നിന്നും സാം ആൾട്ട്മാന്റെ എഐ ലോകത്തിലേക്ക് എത്തുമ്പോൾ നമ്മൾ കണ്ടുപരിചയിച്ച ആശയവിനിമയ സങ്കൽപ്പങ്ങളെ ഐവ് മാറ്റിമറിച്ചേക്കാം. പുറത്തു വരുന്ന അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ ഒരു സ്ക്രീൻരഹിത എഐ ഡിവൈസ് ആണ് പണിപ്പുരയിൽ ഒരുങ്ങുന്നത്. വിഷ്വൽ ഇന്റർഫേസുകൾ ഇല്ലാതെ സന്ദർഭോചിതമായി പ്രതികരിക്കുന്ന ഒരു ഉപകരണം. ആപ്പിളിന്റെ ടാപ്‌റ്റിക് എഞ്ചിൻ സാങ്കേതികവിദ്യക്ക് പകരം അതിലും നൂതനമായ സംവിധാനമായിരിക്കും ഈ പുതിയ ഡിവൈസിലുണ്ടാകുക. ആഗോള മാർക്കറ്റിനെ ലക്ഷ്യംവയ്ക്കുന്നതിനാൽ ഗണ്യമായ കമ്പ്യൂട്ടേഷണൽ പവറും മെമ്മറിയും ഈ സംവിധാനത്തിന് ആവശ്യമായി വരും. അതുകൊണ്ടുതന്നെ വലിയ ഒരു ലാംഗ്വേജ് മോഡലായിരിക്കും ഈ സീക്രട്ട് എഐ ഫോണിൽ ഉപയോഗിക്കുക. സീക്രട്ട് എഐ ഫോൺ എന്ന് ഇതിനെ വിശേഷിപ്പിക്കാമോ എന്ന് അറിയില്ല. എല്ലാം കേൾക്കുന്ന, എല്ലാം അറിയുന്ന, പ്രതികരിക്കുന്ന ഒരു ഇലക്ട്രോണിക്-എഐ ഡിവൈസ്. ഇത് വരമാകുമോ ശാപമാകുമോ എന്ന ചർച്ചകൾ ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു.
ഈ എഐ കംപാനിയന്റെ ഉപയോഗക്ഷമതയെ പരിമിതപ്പെടുത്തുന്ന ഒരുപാട് ആശങ്കകൾ നിലനിൽക്കുന്നെങ്കിലും ജോണി ഐവ് ഒരു പ്രതീക്ഷയാണ്. വിപ്ലവകരമായ ഒരു മൊബൈൽ ഫോൺ, ഒരു വിപ്ലവകരമായ ഇന്റർനെറ്റ് ആശയവിനിമയ ഉപകരണം എന്ന് സ്റ്റീവ് ജോബ്സ് ആദ്യ ഐഫോൺ അവതരിപ്പിച്ച് പറയുമ്പോൾ ഉണ്ടായതിലും നൂറിരട്ടി ഞെട്ടലായിരിക്കും ഐവ് തന്റെ രഹസ്യ എഐ ഉപകരണം പുറത്തിറക്കുമ്പോൾ ഉണ്ടാകുക. മനുഷ്യർ ആദ്യം കയ്യടിക്കും. പിന്നെ സംശയങ്ങളും ചർച്ചകളും ഉണ്ടാകും. മാറ്റങ്ങളുടെ മാറ്റുരയ്ക്കാൻ കാലത്തിന് മാത്രമേ സാധിക്കൂ. ഈ പുതിയ സംരംഭത്തിന് പരിഹാരം കണ്ടെത്തേണ്ടിവരിക വർത്തമാനകാല ആശങ്കകൾക്ക് മാത്രമാകില്ല. ഐഫോണിനെപ്പോലെ ഭാവിയിലെ ചോദ്യങ്ങൾക്കും ഉത്തരമായെങ്കിൽ മാത്രമേ ഐവിന്റെ സ്വപ്നപദ്ധതി അതിജീവിക്കൂ. ഒരു കാര്യം ഉറപ്പാണ് ജോണി ഐവ് ഒരു സ്വപ്നജീവിയല്ല.