

കാലിഫോർണിയ : പരസ്യങ്ങളില്ലാത്ത വ്യക്തിഗത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏജന്റ എന്ന പേരില്‍ ജനകീയമാകുന്ന മ്യൂസിലൂടെ പരസ്യ ബിസിനസില്‍ നേട്ടമുണ്ടാക്കുകയാണ് സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ. ഇന്‍സ്റ്റഗ്രാമിലെ ഉപയോക്താക്കളുടെ പതിവ് ഉപയോഗ രീതികളെ പ്രയോജനപ്പെടുത്തിയാണ് കമ്പനിയുടെ പുതിയ നീക്കം.
ഇന്‍സ്റ്റഗ്രാമില്‍ ഉപഭോക്താക്കള്‍ സേവ് ചെയ്യുന്ന പോസ്റ്റുകള്‍ മ്യൂസിലൂടെ ക്രമീകരിക്കാനും പിന്നീട് അവ എളുപ്പത്തില്‍ കണ്ടെത്താനും കഴിയുന്ന സംവിധാനമാണ് മെറ്റ പ്രോത്സാഹിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ 20 ശതമാനം ഉപയോക്താക്കളും ഓരോ ദിവസവും ഒരു പോസ്റ്റെങ്കിലും സേവ് ചെയ്യുന്നുണ്ടെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഇതില്‍ വലിയൊരു വിഭാഗം കച്ചവടവുമായി ബന്ധപ്പെട്ടതാണ്.
മ്യൂസില് നിലവില്‍ പരസ്യങ്ങള്‍ വരുന്നില്ലെങ്കിലും മെറ്റയുടെ പരസ്യ ബിസിനസിന് വലിയ മൂല്യം നല്‍കുന്നുണ്ടെന്നാണ് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നത്.
ഉപയോക്താക്കള്‍ക്ക് താത്പര്യമുള്ള ഉത്പന്നങ്ങള്‍ പിന്നീട് വീണ്ടും കണ്ടെത്താനും വാങ്ങാനും സഹായിക്കുകയാണ് മ്യൂസ് ചെയ്യുന്നത്. ഇതിലൂടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതിലെ തടസ്സങ്ങള്‍ കുറയ്ക്കുകയും പരസ്യങ്ങള്‍ വഴി ലഭിക്കുന്ന വില്‍പ്പനയുടെ നിരക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.
മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കമ്പനിയുടെ ഏറ്റവും പുതിയ വരുമാന അവലോകന യോഗത്തില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മ്യൂസ് ഉപയോഗിക്കുന്നവരില്‍ 25 ശതമാനം പേരും ഷോപ്പിങ്ങിനായി മ്യൂസിനെ പ്രയോജനപ്പെടുത്തുന്നുണ്ട്. മ്യൂസിന്റെ ഏറ്റവും ജനപ്രിയമായ ഉപയോഗവും ഷോപ്പിങ്ങാണ്.
മ്യൂസ് വഴി നടത്തുന്ന ഒരു ശരാശരി പര്‍ച്ചേസിന്റെ മൂല്യം 200 ഡോളറിലധികമാണെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
എഐ പ്ലാറ്റ്ഫോം വഴി സാധ്യമാകുന്ന ഇടപാടുകളില്‍ നിന്ന് ചെറിയൊരു ഫീസ് ഈടാക്കാനും മെറ്റ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ പരസ്യവരുമാനത്തിന് പുറമെ പുതിയൊരു വരുമാന സ്രോതസ്സ് കൂടി കമ്പനിക്ക് ലഭിക്കും.
കഴിഞ്ഞ ആഴ്ചയില്‍ എഐ ഏജന്റുകള്‍ വഴി നടന്ന മൊത്തം ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ 51 ശതമാനവും മ്യൂസ് വഴിയായിരുന്നു എന്ന് ഫോര്‍ട്ടര്‍ ഇന്റലിജന്‍സ് പുറത്തുവിട്ട കണക്കുകള്‍ മെറ്റയുടെ കുതിപ്പിനെയാണ് കാണിക്കുന്നത്.
അതേസമയം, സ്പേസ് എക്സിന്റെ ഗ്രോക്ക് 24 ശതമാനവും ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി 22 ശതമാനവും വിപണി വിഹിതം നേടി. ഗൂഗിളും ഇന്സ്റ്റിങ്ടും ചേര്‍ന്നാണ് ശേഷിക്കുന്ന മൂന്ന് ശതമാനം കൈവരിച്ചത്.
എഐ ഏജന്റുകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയും താരതമ്യം ചെയ്യുകയും വാങ്ങുകയും ചെയ്യുന്ന രീതിക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതിനിടെ, മ്യൂസിലും ഭാവിയില്‍ പരസ്യങ്ങള്‍ അവതരിപ്പിക്കാന്‍ മെറ്റ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, അതിനായി അത് അത്രപെട്ടന്ന് ഉണ്ടാകില്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്കുന്ന സൂചന. ന്യൂസ് ഫീഡിന് സമാനമായ സംവിധാനത്തില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താനായിരിക്കും ശ്രമം.
ആദ്യം വലിയൊരു ഉപയോക്തൃ ശൃംഖല സൃഷ്ടിക്കുകയും പിന്നീട് പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്ന രീതിയാണ് മെറ്റ സാധാരണയായി പിന്തുടരുന്നത്.
ഇന്‍സ്റ്റഗ്രാമിലെ ഉപയോക്തൃ ഇടപെടലുകളെയും ഷോപ്പിങ് താല്പര്യങ്ങളെയും മ്യൂസുമായി ബന്ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ കൃത്യമായ പരസ്യങ്ങള്‍ നല്‍കാനും പരസ്യദാതാക്കളുടെ നിക്ഷേപത്തിന് മികച്ച നേട്ടം ഉറപ്പാക്കാനുമാണ് മെറ്റ ലക്ഷ്യമിടുന്നത്.