ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍ സേവനങ്ങളുടെ അധിക സുരക്ഷയ്ക്കായി പാസ്‌കീ സംവിധാനം അവതരിപ്പിച്ച് മെറ്റ. ഫേസ്‌ബുക്കുള്ള ഐഫോൺ, ആൻഡ്രോയ്‌ഡ് മൊബൈലുകളിൽ പാസ്‌കീകൾ ഉടൻ ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
വരും മാസങ്ങളിൽ മെസഞ്ചറിലേക്കും പാസ്‌കീകൾ ആരംഭിക്കുമെന്ന് മെറ്റ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രഖ്യാപിച്ചു. ഫിംഗർ പ്രിൻ്റ്, ഫേസ് റെക്കഗ്നിഷൻ അല്ലെങ്കിൽ പിൻ ഉപയോഗിച്ച് സ്മാർട്ട് ഫോണുകളിൽ ലോഗിൻ ചെയ്യാവുന്നതാണ്. എന്നാൽ പാസ്കീകൾ വരുന്നതോടു കൂടി പാസ്‌വേർഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിൻ ചെയ്യാനുള്ള സംവിധാനം ലഭ്യമാകും. പാസ്‌വേഡുകളെ അപേക്ഷിച്ച് പാസ്‌കീകൾ മോഷ്ടിക്കാനോ ഹാക്ക് ചെയ്യാനോ വളരെ ബുദ്ധിമുട്ടാണ്.
പാസ്കീകൾ വീണ്ടും ഉപയോഗിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ പാസ്‌കീകൾ മറ്റാർക്കെങ്കിലും മനസിലായാൽ പോലും മറ്റെവിടെയും അത് പ്രവർത്തിക്കില്ല. ലളിതമായി പറഞ്ഞാൽ ലോഗിൻ ചെയ്യാനുള്ള ഏറ്റവും സുരക്ഷിതമായ നടപടിയാണ് പാസ്കീകൾ.
പാസ്‌കീ എങ്ങനെ സജ്ജീകരിക്കാം
ഫോണിൽ Facebook ആപ്പ് തുറക്കുക.
സെറ്റിംഗ്‌സിലേക്ക് പോയി അക്കൗണ്ട്സ് സെൻ്ററിൽ ടാപ്പ് ചെയ്യുക.
പാസ്‌കീ ഓപ്ഷൻ നോക്കി സ്‌ക്രീനിലെ ഘട്ടങ്ങൾ പാലിക്കുക.
നിങ്ങളുടെ പാസ്‌കീ സൃഷ്ടിക്കാൻ നിങ്ങളുടെ ഫോണിൻ്റെ വിരലടയാളം, ഫേസ് സ്‌കാൻ അല്ലെങ്കിൽ പിൻ ഉപയോഗിക്കുക.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, പേപാൽ തുടങ്ങിയവ ഉപഭോക്താക്കളെ സുരക്ഷിതമായി നിലനിർത്താൻ പാസ്‌കീകൾ ഉപയോഗിച്ചു വരുന്നു. കഴിഞ്ഞ വർഷം മുതൽ മെറ്റ വാട്ട്‌സ്ആപ്പിൽ പാസ്‌കീകൾ ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോൾ ഫേസ്ബുക്കും മെസഞ്ചറും അത് പിന്തുടരുന്നു. എന്നാൽ ഇൻസ്റ്റഗ്രാം ഇപ്പോഴും പാസ്‌കീകൾ ഉപയോഗിക്കുന്നില്ല.