എല്ലാ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിടിമുറുക്കുകയാണ്, ഒടുവില്‍ ഡോക്ടര്‍മാര്‍ക്ക് പകരവും AI എത്തുമോ? ഡോക്ടമാരേക്കാള്‍ മികവിലും വേഗതയിലും രോഗനിര്‍ണയവും ചികിത്സയും നടത്താന്‍ എഐയ്ക്ക് ആകുമോ?
ആകും എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. അടുത്തിടെ മൈക്രോസോഫ്റ്റിന്റെ എഐ ടീം നടത്തിയ ഗവേഷണത്തില്‍ ഡോക്ടര്‍മാര്‍ പ്രതിസന്ധിയിലാകുന്ന സങ്കീര്‍ണമായ കേസുകള്‍ കണ്ടെത്താനും പരിഹരിക്കാനും എഐയ്ക്ക് കഴിയുമെന്ന് കണ്ടെത്തിയിരുന്നു.
arXiv-Â ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, മൈക്രോസോഫ്റ്റിന്റെ എഐ അധിഷ്ഠിത മെഡിക്കല്‍ പ്രോഗ്രാമായ Microsoft AI ഡയഗ്‌നോസ്റ്റിക് ഓര്‍ക്കസ്‌ട്രേറ്റര്‍ (MAI-DxO) ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ (NEJM), വിവരിച്ചിരിക്കുന്ന 85 ശതമാനം കേസുകളും ശരിയായി കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തുന്നതിനേക്കാള്‍ നാലിരട്ടി കൃത്യത കൂടുതലാണ് ഇതെന്നാണ് അവകാശവാദം.
ഡോക്ടര്‍മാരെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ ശരിയായ രോഗനിര്‍ണയം നടത്താന്‍ AI ഉപകരണം സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനറേറ്റീവ് എഐയുടെ പ്രാധാന്യത്തിന് അടിവരയിട്ടു കൊണ്ടാണ് മൈക്രോസോഫ്റ്റ് പുതിയ എഐ ടൂള്‍ അവതരിപ്പിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, ഡിസൈനര്‍മാര്‍, എഐ ഗവേഷകര്‍ എന്നിവരുടെ സഹായത്തോടെയാണ് പുതിയ ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്.
വൈദ്യശാസ്ത്രത്തിലെ AI സംവിധാനങ്ങളെ വിലയിരുത്താന്‍ ഉപയോഗിച്ചിരുന്ന ആദ്യകാല മാനദണ്ഡങ്ങളില്‍ ഒന്നായിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷ (USMLE) ചോദ്യങ്ങളും NEJM ലെ കേസുകളും വിലയിരുത്തിയാണ് മൈക്രോസോഫ്റ്റ് എഐ ടൂള്‍ പരീക്ഷിച്ചത്. NEJM പ്രസിദ്ധീകരിച്ച ക്ലിനിക്കല്‍ മെഡിസിനില്‍ സങ്കീര്‍ണവും വെല്ലുവിളി കൂടുതലുള്ളതുമായ 304 കേസുകളാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഈ കേസുകള്‍ ഡോക്ടര്‍മാരും എഐ ടൂളും ഒരേ സമയം ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുന്ന രീതിയിലായിരുന്നു പരീക്ഷണം ക്രമീകരിച്ചത്. വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ സംഘം 20 ശതമാനം കൃത്യതയോടെയാണ് ഈ കേസുകള്‍ പരിഹരിച്ചത്. എന്നാല്‍, എഐ ടൂള്‍ 85 ശതമാനം കൃത്യത കൈവരിച്ചു. അതേസമയം, പുസ്തകങ്ങളുടേയോ സഹപ്രവര്‍ത്തകരുടെയോ എഐ ഉപകരണങ്ങളുടേയെ സഹായമില്ലാതെയാണ് വിദഗ്ധ സംഘം കേസുകള്‍ പരിഹരിച്ചത്.
തങ്ങളുടെ കണ്ടെത്തല്‍ ആരോഗ്യമേഖലയില്‍ ആളുകള്‍ക്കുണ്ടാകുന്ന അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ ലളിതമാക്കാനും സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റ് എഐ ടീം അവകാശപ്പെടുന്നത്.