
ഏറെ കൊട്ടിഘോഷിക്കപ്പെട്ട 13എസിന് ശേഷം നോർഡ് സീരീസില്‍ പുതിയ ഫോണുകള്‍ അവതരിപ്പിക്കാന്‍ വണ്‍പ്ലസ്. ഒരു വർഷമായി വിപണിയിൽ ഉള്ള നോർഡ് 4, നോർഡ് സിഇ 4 എന്നിവയ്‌ക്കൊപ്പമാകും പുതിയ ഫോണുകളുടെ വരവ്. 2025 ജൂലൈയിലാകും പുതിയ നോർഡ് 5, നോർഡ് എസ്‌ഇ 5 ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരം.
റിപ്പോർട്ടുകള്‍ പ്രകാരം നോർഡ് സീരീസിലെ പുതിയ ഫോണുകള്‍ക്ക് ചില സുപ്രധാന സ്പെസിഫിക്കേഷന്‍ അപ്‌ഗ്രേഡുകള്‍ വണ്‍പ്ലസ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. രണ്ട് ഫോണുകളും വേഗതയേറിയ പ്രോസസറുകളുമായാകും എത്തുക. കൂടാതെ ആകർഷകമായ നിറങ്ങളിലും ഡിസൈനിലുമാകും ഈ നോർഡ് ഫോണുകളുടെ വരവ്. നിലവിലുള്ള മോഡലുകളുടെ അതേ ലോഞ്ചിങ് വില തന്നെ നിലനിർത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കില്‍, നത്തിങ് ഫോണ്‍ (3എ) പ്രോ, സാംസങ് ഗാലക്സി എ36, ഗൂഗിള്‍ പിക്സല്‍ 8എ എന്നിവയ്ക്ക് ശക്തമായ മത്സരമാകും വണ്‍പ്ലസ് നല്‍കുക.
നോർഡ് സിഇ 5, വാല്യൂ ചാംപ്യനോ? വിലയും സവിശേഷതകളും
27,000 രൂപയിൽ താഴെ വില വാഗ്ദാനം ചെയ്യുന്ന ഷവോമി, വിവോ മിഡ്‌റേഞ്ച് ഫോണുകളെ വെല്ലുവിളിക്കുന്ന വിലയിലാകും വൺപ്ലസ് നോർഡ് സിഇ 5 എത്തുക. മീഡിയടെക് ഡിമെൻസിറ്റി 8350 SoC പ്രൊസസറാണ് ഈ ഡിവൈസിന് കരുത്ത് പകരുന്നത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ടാകും.
ഫുൾ എച്ച്ഡി+ പിക്‌സൽ റെസല്യൂഷനും സുഗമമായ 120Hz റിഫ്രഷ് റേറ്റുമാണ് നോർഡ് സിഇ 5 വാഗ്ദാനം ചെയ്യുന്നത്. 6.7 ഇഞ്ച് ഫ്ലാറ്റ് ഒഎൽഇഡി ഡിസ്‌പ്ലേയായിരിക്കും നോർഡ് സിഇ 5-ൽ ഉണ്ടാകുക. ക്യാമറ സ്പെസിഫിക്കേഷനുകൾ വണ്‍പ്ലസിന്റെ പ്രീമിയം മോഡലുകള്‍ക്ക് സമാനമായിരിക്കും. 50 എംപി മെയിൻ സെൻസർ, 8 എംപി അൾട്രാ-വൈഡ് ലെൻസ്, 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ എന്നിവയാണ് പ്രതീക്ഷിക്കുന്നത്.
മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ, നോർഡ് സിഇ 5 ബാറ്ററി സ്റ്റാമിനയിൽ ഗണ്യമായ അപ്‌ഗ്രേഡ് വാഗ്ദാനം ചെയ്യുന്ന മോഡലായിരിക്കും. 80W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 7,100mAh സെല്ലാകും ഉണ്ടാകുക എന്നാണ് റിപ്പോർട്ട്.
നോർഡ് 5 മിഡ് റേഞ്ചില്‍ തരംഗമാകുമോ?
സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പിന്റെ പുതുക്കിയ പതിപ്പായ സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3 SoC യുമായാകും നോർഡ് 5 വരിക. 12 ജിബി വരെ LPDDR5X റാമുമായി സംയോജിപ്പിച്ചാൽ, നോർഡ് 5 ഈ സെഗ്‌മെന്റിലെ ഒരു പ്രധാന ഗെയിമിംഗ് ഫോണായി മാറിയേക്കും.
1.5k പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.77 ഇഞ്ച് ഫ്ലാറ്റ് OLED ഡിസ്പ്ലേയായിരിക്കും നോർഡ് 5ന് ഉണ്ടാകുക. നോർഡ് 4 ന്റെ ഒപ്റ്റിക്സിനെ മറികടക്കുന്ന ക്യാമറ സംവിധാനം പുതിയ ഫോണില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോർഡ് 5ല്‍ OIS ഉള്ള 50MP പ്രൈമറി സെൻസറും 8MP അൾട്രാ-വൈഡ് സെൻസറും ഉണ്ടാകും. 16MP ഫ്രണ്ട് ക്യാമറ സെൽഫി എക്സ്പേർട്ടായിരിക്കും.
ബാറ്ററി ശേഷിയുടെ കാര്യത്തിൽ വണ്‍പ്ലസ് ഫോണുകള്‍ പൊതുവെ പിന്നിലാണെന്ന പേരുദോഷവും നോർഡ് 5ലൂടെ തിരുത്താനാണ് കമ്പനിയുടെ ശ്രമം. അടുത്തിടെ റിയൽമി GT 7T യിൽ കണ്ടതുപോലെ, 7,000mAh ബാറ്ററിയാകും നോർഡ് 5ല്‍ അവതരിപ്പിക്കുക എന്നാണ് അഭ്യൂഹങ്ങള്‍. ഫാസ്റ്റ് ചാർജിങ്ങിനായി വേഗതയേറിയ 80W (അല്ലെങ്കിൽ 100W) വയർഡ് ചാർജിങ്ങാകും വൺപ്ലസ് കൊണ്ടുവരികായെന്നാണ് റിപ്പോർട്ടുകള്‍. 35,000 രൂപയില്‍ താഴെ റേഞ്ചിലാകും ഈ ഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തുക എന്നാണ് പുറത്തുവരുന്ന വിവരം.
ലളിതമായ രൂപകൽപ്പനയാകും നോർഡ് 5നും സിഇ 5നും ഉണ്ടാകുക. പുറത്തുവരുന്ന റിപ്പോർട്ടുകള്‍ ശരിയാണെങ്കില്‍, ചൈനയിൽ ഇറങ്ങിയ വണ്‍പ്ലസ് ഏസ് 5ന് സമാനമായ ഡിസൈനായിരിക്കും നോർഡ് 5ന് ഉണ്ടാകുക. അതിനാൽ, നോർഡ് 5ന് സാംസങ് ഗാലക്സി എ56 നോട് സാമ്യം തോന്നിയാല്‍ അതിശയിക്കേണ്ടതില്ല.