ഈ ഫോണുകൾ നിങ്ങളോട് ചൂടാകില്ല..! കൂളിങ് സിസ്റ്റവുമായി ഓപ്പോയുടെ പുതിയ ഫോണുകൾ

ഈ രണ്ട് ഫോണുകൾക്കും 7,000mAh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്, ഇത് 80W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു
Oppo K13 Turbo, Oppo K13 Turbo Pro
Oppo K13 Turbo, Oppo K13 Turbo Pro
Published on

കുറച്ചുനേരം ഉപയോ​ഗിച്ചാൽ ഫോണിൽ ദോശ ചുടാമെന്നും, മുട്ട പൊരിക്കാമെന്നുമെല്ലാം പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഫോണുകൾ അത്രയും ഹീറ്റാകുന്നതാണ് പലരുടെയും പ്രധാന പ്രശ്നം. എന്നാൽ അതിന് പരിഹാരം കണ്ടെത്തിയെന്നാണ് പ്രമുഖ മൊബൈൽ ഫോൺ ബ്രാൻഡായ ഓപ്പോ പറയുന്നത്. കമ്പനി പുതുതായി ഇറക്കിയ സ്മാർട്ട്‌ഫോണുകൾ ഇതിന് പ്രതിവിധിയാകുമെന്നും ഓപ്പോ അവകാശപ്പെടുന്നുണ്ട്. ഏതാണ് ഈ ഫോണുകൾ എന്നല്ലേ? അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ K13 ടർബോ, ഓപ്പോ K13 ടർബോ പ്രോ എന്നീ ഫോണുകളാണവ.

ഈ രണ്ട് ഫോണുകൾക്കും 7,000mAh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്, ഇത് 80W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ദീർഘനേരമുള്ള ഉപയോഗത്തിനിടെ ഫോണുകൾ ചൂടാകുന്നത് തടയാൻ 7,000 ചതുരശ്ര മില്ലീമീറ്റർ VC (വേപ്പർ ചേമ്പർ) കൂളിങ് സിസ്റ്റവും ഇവയ്ക്ക് നൽകിയിട്ടുണ്ട്. കൂടാതെ, ഓരോ ഹാൻഡ്‌സെറ്റിലും ബിൽറ്റ്-ഇൻ ഫാൻ യൂണിറ്റുകളും ആക്റ്റീവ് കൂളിങ്ങിനായി എയർ ഡക്റ്റുകളും നൽകിയിരിക്കുന്നുണ്ട്.

രണ്ടു ഫോണുകളിലും 50 മെഗാപിക്സൽ പ്രധാന സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറയാണുള്ളത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നുണ്ട്. IPX6, IPX8, IPX9 റേറ്റിങ്ങുകളുള്ള ഈ ഫോണുകൾ വെള്ളത്തിൽ മുങ്ങിയാൽ പോലും പ്രവർത്തിക്കുന്നവയാണ്. എക്സ്റ്റേണൽ കൂളിംഗിനായി ടർബോ ബാക്ക് ക്ലിപ്പും ഓപ്പോ പുറത്തിറക്കിയിട്ടുണ്ട്. ഇതിനു വില 3,999 രൂപയാണ്.

ഓപ്പോ K13 ടർബോയുടെ 8 ജിബി + 128 ജിബി മോഡലിൻ്റെ ഇന്ത്യയിലെ വില 27,999 രൂപയിൽ ആരംഭിക്കുന്നു. അതേസമയം, 8 ജിബി + 256 ജിബി മോഡലിന് 29,999 രൂപയാണു വില. ഫസ്റ്റ് പർപ്പിൾ, നൈറ്റ് വൈറ്റ്, മിഡ്‌നൈറ്റ് മാവെറിക് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകും, ഓഗസ്റ്റ് 18 മുതലാണ് ഇതിൻ്റെ വിൽപ്പന ആരംഭിക്കുക. ഓപ്പോ K13 ടർബോ പ്രോയുടെ 8 ജിബി + 256 ജിബി മോഡലിന് 37,999 രൂപയും 12 ജിബി + 256 ജിബി മോഡലിന് 39,999 രൂപയുമാണ് വില. മിഡ്‌നൈറ്റ് മാവെറിക്, പർപ്പിൾ ഫാന്റം, സിൽവർ നൈറ്റ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകും.

ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഓപ്പോ K13 ടർബോ സീരീസ് ഫോണുകൾ ലഭിക്കും. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചു വാങ്ങുന്നവർക്ക് 3,000 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളും ലഭ്യമാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com