ഓപ്പോ റെനോ 14 സീരീസ് ജൂലൈ 3 ന് ഇന്ത്യൻ വിപണിയിലെത്തും. റെനോ 14 , റെനോ 14 പ്രോ സ്മാർട്ട്‌ഫോണുകളുടെ ഇന്ത്യ ലോഞ്ച് ഡേറ്റ് ഓപ്പോ സ്ഥിരീകരിച്ചു. ഡിസൈൻ, പ്രകടനം, ക്യാമറ ശേഷികൾ, AI- പവർ സവിശേഷതകൾ എന്നിവയിൽ നിരവധി അപ്‌ഗ്രേഡുകൾ കൊണ്ടുവരുമെന്നാണ് ഓപ്പോ വാഗ്‌ദാനം ചെയ്യുന്നത്.
1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ , ഉയർന്ന നിലവാരമുള്ള ദൃശ്യാനുഭവം എന്നിവ റെനോ 14 പ്രോയിൽ ഉണ്ടാകുമെന്നാണ് കമ്പനി പറയുന്നത്. ഫുൾ HD+ (1080p) റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.59 ഇഞ്ച് ഡിസ്‌പ്ലേയുമാണ് റെനോ 14യിൽ പ്രതീക്ഷിക്കുന്നത്. ഇത്തവണ ക്യാമറ പ്രകടനത്തിനാണ് ഓപ്പോ കൂടുതൽ ഊന്നൽ നൽകുന്നത്. AI- പവർ ചെയ്ത ക്യാമറ മെച്ചപ്പെടുത്തലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഓപ്പോ സ്ഥിരീകരിച്ചു.
റെനോ 14 പ്രോ : 50MP പ്രധാന ക്യാമറ (ഓമ്‌നിവിഷൻ OV50E സെൻസർ), 50MP അൾട്രാവൈഡ് , 3.5x ഒപ്റ്റിക്കൽ സൂമും 120x ഡിജിറ്റൽ സൂമും ഉള്ള 50MP ടെലിഫോട്ടോ ലെൻസ് (സാംസങ് JN5 സെൻസർ) എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. റെനോ 14 : 50MP പ്രധാന ക്യാമറ (സോണി IMX882 സെൻസർ), 8MP അൾട്രാവൈഡ് , 50MP ടെലിഫോട്ടോ എന്നിവയും ഉൾപ്പെട്ടേക്കാം. ആമസോണിലും ഫ്ലിപ്കാർട്ടിലും ഓപ്പോ റെനോ 14 സീരീസ് ഫോണുകൾ ലഭ്യമാകും.
മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റാണ് റെനോ 14 പ്രോയിൽ പ്രവർത്തിക്കുന്നത്. 12 ജിബി റാമും 512 ജിബി വരെ ഇൻ്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. 80W വയർഡ്, 50W വയർലെസ് ചാർജിംങ്ങിന് പിന്തുണയുള്ള 6200mAh ബാറ്ററിയാണ് ഇതിൽ ഉണ്ടാകുക.
മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്പാണ് റെനോ 14ൽ ഉണ്ടാകുക. 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6000mAh ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പ്രോ വേരിയൻ്റിന് 6.83 ഇഞ്ച് വലിയ ഡിസ്‌പ്ലേ ലഭിക്കാൻ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു.