എഐ പണിയാവുന്നു..ബജറ്റ് ഫോണുകളുടെ വില കുതിക്കുന്നു

ബജറ്റ് ഫോണുകളെയാണ് വിലക്കയറ്റം വലിയതോതിൽ ബാധിച്ചത്
എഐ പണിയാവുന്നു..ബജറ്റ് ഫോണുകളുടെ വില കുതിക്കുന്നു
Published on
Updated on

രാജ്യത്ത് ഇലക്ടോണിക് ഗാഡ്‌ജെറ്റുകളുടെ വില കുത്തനെ ഉയരുകയാണ്. സ്മാർട്ട്ഫോണുകളുടെ ശരാശരി വിപണി വിലയിൽ 8% മുതൽ 12% വരെയാണ് വർധന ഉണ്ടായിട്ടുള്ളത്. സാധാരണക്കാർ ആശ്രയിക്കുന്ന 20,000 രൂപയ്ക്ക് താഴെയുള്ള ബജറ്റ് ഫോണുകളെയാണ് വിലക്കയറ്റം വലിയതോതിൽ ബാധിച്ചത്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും, ക്ലൗഡ് ഡാറ്റ സെൻ്ററുകളുടെയും വളർച്ചയുടെ ഭാഗമായി ആഗോളതലത്തിൽ റാം, മെമ്മറി ചിപ്പുകളുടെ ഡിമാൻഡ് വർധിച്ചുവരികയാണ്. ചിപ്പ് നിർമാതാക്കൾ ലാഭം കൂടിയ AI സെർവറുകൾക്കായി ചിപ്പുകൾ നിർമിക്കാൻ തുടങ്ങിയതോടെ സാധാരണ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ആവശ്യമായ ചിപ്പുകളുടെ വില ഇരട്ടിയിലധികമായി വർധിച്ചു. കൂടാതെ ഇൻബിൽറ്റ് AI ഫീച്ചറുകളും മികച്ച പ്രൊസസ്സറുകളും പുതിയ ഗാഡ്‌ജെറ്റുകളിൽ ഉൾപ്പെടുത്തുന്നത് വഴി നിർമാണച്ചെലവ് 25% വരെ ഉയർന്നിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സ്മാർട്ട്ഫോൺ പാർട്സുകൾക്ക്, രൂപയുടെ മൂല്യത്തകർച്ചയും അന്താരാഷ്ട്ര ഗതാഗത നിരക്കുകളിലെ വർധനവും കാരണം കൂടുതൽ തുക നൽകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

മുൻപ് നിർമാണച്ചെലവ് കൂടുമ്പോൾ ലാഭവിഹിതം കുറച്ച് കമ്പനികൾ വിപണി വില പിടിച്ചുനിർത്തുമായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ ബ്രാൻഡുകൾപോലും നഷ്ടം നികത്താൻ തങ്ങളുടെ ഫോണുകളുടെ വില 1,000 രൂപ മുതൽ 6,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com