
സ്മാര്‍ട്ട് ഫോണ്‍ നിരയിലേക്ക് റിയല്‍മിയുടെ പുതിയ മോഡലായ റിയല്‍മി 15ടി ഉടന്‍ ലോഞ്ച് ചെയ്യും. പുതിയ മോഡലിന്റെ പ്രമോഷണല്‍ ചിത്രങ്ങളില്‍ ഫോണിന്റെ ഡിസൈനും വിലയും മറ്റു ഫീച്ചറുകളും വ്യക്തമാക്കുന്ന സൂചനകള്‍ നല്‍കുന്നുണ്ട്. റിയല്‍മി 14ടിക്ക് പിന്നാലെയാണ് പുതിയ മോഡല്‍ പുറത്തിറക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുമെന്നാണ് സൂചന. റിയല്‍മി 15ടി മൂന്ന് നിറങ്ങളില്‍ ലഭ്യമാകുമെന്നാണ് ടെക് വിദഗ്ധരും ടെക്ക് ഇന്‍ഫ്‌ളുവന്‍സര്‍മാരും നല്‍കുന്ന സൂചന. സില്‍വര്‍, സില്‍ക്ക് ബ്ലൂ, സ്യൂട്ട് ടൈറ്റാനിയം എന്നീ നിറങ്ങളിലായിരിക്കും ലഭ്യമാവുക.
പുറത്തുവന്ന ചിത്രങ്ങളില്‍ ചതുരാകൃതിയിലുള്ള ഫ്രെയിമിലാണ് ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്. റിയല്‍മിയുടെ എല്ലാ ഫോണുകളിലുമെന്ന പോലെ ഇടതുഭാഗത്ത് മുകളിലായാണ് ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്.
മൂന്ന് സ്റ്റോറേജ് ഓപ്ഷന്‍സാണ് ഫോണിലുള്ളത്. 8 ജിബി റാമും 128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമുള്ള ഫോണിന് 20,999 രൂപയാകുമെന്നാണ് സൂചന. അതേസമയം 8 ജിബി റാം, 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് വില 22,999 ആവും. ടോപ് എന്‍ഡില്‍ വരുന്ന ഫോണിന് 24,999 രൂപയാകുമെന്നാണ് കരുതുന്നത്. ഈ ഫോണില്‍ 12 ജിബി റാമും 256 ജിബി സ്‌റ്റോറേജ് സ്‌പേസുമാണ് നല്‍കിയിരിക്കുന്നത്.
6.57 ഇഞ്ച് വരുന്ന എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. സ്ലിം മോഡലില്‍ വരുന്ന ഫോണ്‍ 7.79 എംഎം കനത്തില്‍ 181 ഗ്രാം ആണ് ഭാരം. ഐഫോണ്‍ 16 പ്രോയുമായാണ് റിയല്‍മി 15ടിയുടെ ബോഡി താരതമ്യം ചെയ്തിരിക്കുന്നത്. 16 പ്രോയുടെ കനം 8.25 എംഎം ആണ്. ഇതിനേക്കാള്‍ നേരിയ വ്യത്യാസമാണ് റിയല്‍മി 15 ടിക്ക് നല്‍കിയിരിക്കുന്നത്.
മീഡിയടെക് ഡൈമെന്‍സിറ്റി 6400 മാക്‌സ് ചിപ്‌സെറ്റ് ആണ് ഡിവൈസിന് നല്‍കിയിരിക്കുന്നത്. ഒപ്പം 12ജിബി റാമും 256 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും നല്‍കിയിരിക്കുന്നു. ഫോണിലെ ചൂട് നിയന്ത്രിക്കാന്‍ 6,050 സ്‌ക്വയര്‍ എംഎം കൂളിങ് സിസ്റ്റവും നല്‍കിയിരിക്കുന്നു. 60 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്ന 80 വാട്ട് ചാര്‍ജര്‍ ആണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. റിവേഴ്‌സ് ചാര്‍ജിങ്ങും ബൈപാസ് ചാര്‍ജിങ്ങും ഉണ്ടാകുമെന്ന സൂചനകളും നല്‍കുന്നു.
ഫോണില്‍ നിരവധി എഐ ഫീച്ചറുകളും നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഐഐ ഗ്ലെയര്‍ റിമൂവല്‍, എഐ ലാന്‍ഡ്‌സ്‌കേപിങ്ങ്, എഐ ലൈവ് ഫോട്ടോ എന്നീ ഫീച്ചറുകളും ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ എന്നാണ് പുതിയ മോഡല്‍ ലോഞ്ച് ചെയ്യുക എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കിലും ചിത്രങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ ലോഞ്ച് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.