
വെറും 5.6 മില്ലിമീറ്റര്‍ കനം, വളയുമോ ഒടിയുമോ തുടങ്ങിയ സംശയങ്ങളാണ് ഐഫോണ്‍ എയര്‍ പുറത്തിറക്കിയതിനു പിന്നാലെ ഉയര്‍ന്ന സംശയങ്ങള്‍. അതിശയിപ്പിക്കുന്ന കനംകുറഞ്ഞ രൂപകല്‍പ്പനയില്‍ എത്തിയ ഐഫോണ്‍ എയര്‍ പക്ഷെ നിസ്സാരക്കാരനല്ല, അമ്പരപ്പിക്കുംവിധം പവര്‍ഫുളാണ്.
ആപ്പിളിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും കനം കുറഞ്ഞ ഐഫോണാണ് എയര്‍. വെറും 165 ഗ്രാം ആണ് ഭാരം. ഭാരം കുറവായതിനാല്‍ തന്നെ കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതാണ് ഏറ്റവും വലിയ സവിശേഷത. ടൈറ്റാനിയം ഫ്രെയിം ഡിവൈസിന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നു.
കനം കുറവായതിനാല്‍ ബലം കുറയുമോ എന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല. ബലമുണ്ടെന്ന് പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടു. ശക്തിയില്‍ വളച്ചാല്‍ അല്‍പം വളയുമെങ്കിലും ഉടനെ പൂര്‍വസ്ഥിതിയിലാകുമെന്നും ഉപയോഗിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. വ്യോമയാന മേഖലയില്‍ ഉപയോഗിക്കുന്ന ഭാരം കുറഞ്ഞതും എന്നാല്‍ ശക്തിയുള്ളതുമായ ഗ്രേഡ് 5 ടൈറ്റാനിയം ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.
പെര്‍ഫോമന്‍സിലും പിന്നിലല്ല എയര്‍. ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ഉപയോഗിക്കുന്ന A19 പ്രോ ചിപ്പാണ് ഐഫോണ്‍ എയറിലും ഉപയോഗിച്ചിരിക്കുന്നത്. വേഗതയിലും കുറവില്ല. എല്ലാത്തരം ആപ്ലിക്കേഷനുകളും ഗെയിമുകളും ഈസിയായി ഐഫോണ്‍ എയറില്‍ പ്രവര്‍ത്തിക്കുന്നു.
6.5 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ റെറ്റിന XDR ആണ് എയറിനുള്ളത്. സ്‌ക്രീനിന്റെ റിഫ്രഷ് റേറ്റ് 120Hz വരെ ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന പ്രോമോഷന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രോ മോഡലുകള്‍ക്ക് സമാനമായ വ്യക്തതയും തെളിച്ചവും ഈ ഡിസ്പ്ലേ നല്‍കുന്നു.
ഫോണിന്റെ മുന്‍ഭാഗത്തേയും പിന്‍ഭാഗത്തേയും പ്രതലങ്ങള്‍ സെറാമിക് ഷീല്‍ഡ് 2 ഉപയോഗിച്ചാണ് നിര്‍മിച്ചത്. ആപ്പിള്‍ ഇതുവരെ ഉപയോഗിച്ചതില്‍ ഏറ്റവും കടുപ്പമേറിയ ഗ്ലാസാണിത്. ഫോണില്‍ പോറല്‍ വീഴുന്നതും പൊട്ടുന്നതും തടയാന്‍ ഇത് സഹായിക്കും.
ക്യാമറയിലേക്ക് വന്നാല്‍ ഫോണിന് സിംഗിള്‍ 48MP മെയിന്‍ ക്യാമറ മാത്രമാണുള്ളത്. പ്രോ മോഡലുകളിലുള്ള അള്‍ട്രാ വൈഡ്/ ടെലിഫോട്ടോ സൂം ലെന്‍സുകള്‍ ഇതിലില്ല. സാധാരണ ഫോട്ടോ എടുക്കുന്നവര്‍ക്ക് ഇതൊരു പ്രശ്‌നമല്ലെങ്കിലും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇതൊരു പരിമിതിയാകും.
ഒരു സ്പീക്കര്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ ഓഡിയോ ക്വാളിറ്റി കുറവാണ്. മീഡിയ ഉപയോഗിക്കുമ്പോള്‍ ഓഡിയോ ക്വാളിറ്റി അല്‍പം പ്രശ്‌നമാകും. ഫിസിക്കല്‍ സ്ലിം സ്ലോട്ടില്ല എന്നത് കൂടി ശ്രദ്ധിക്കണം. ഇ-സിം മാത്രമേ ഡിവൈസ് പിന്തുണയ്ക്കുന്നുള്ളൂ.
ചെറിയ ചില പോരായ്മകളുണ്ടെങ്കിലും വിലയില്‍ ആ കുറവൊന്നും ഇല്ല. പ്രീമിയം മോഡലായി അവതരിപ്പിച്ച ഐഫോണ്‍ എയറിന്റെ വില ഐഫോണ്‍ 17 നേക്കാളും കൂടുതലാണ്. ഇന്ത്യയിൽ 1,19,900 രൂപയാണ് വില.
ആര്‍ക്ക് വേണ്ടിയാണ് ഐഫോണ്‍ എയര്‍
സ്‌കൈ ബ്ലൂ, ക്ലൗഡ് വൈറ്റ്, സ്‌പേസ് ബ്ലാക്ക് നിറങ്ങളില്‍ രൂപകല്‍പ്പനയ്ക്കും ഹാന്‍ഡി ഉപയോഗത്തിനും പ്രാധാന്യം നല്‍കുന്നവര്‍ക്ക് അനുയോജ്യമാണ് ഐഫോണ്‍ എയര്‍. മള്‍ട്ടിപ്പിള്‍ ക്യാമറകള്‍ ആവശ്യമില്ല, ഭംഗിയും ഫാഷനുമാണ് മുന്‍തൂക്കം നല്‍കുന്നതെങ്കില്‍ ഐഫോണ്‍ എയര്‍ തിരഞ്ഞെടുക്കാം. ഐഫോണിന്റെ ക്യാമറയാണ് നിങ്ങളെ ആകര്‍ഷിക്കുന്നതെങ്കില്‍ ഐഫോണ്‍ എയര്‍ ഒരു ഓപ്ഷനേ അല്ല.
ഐഫോണ്‍ ഉപയോക്താക്കളുടെ ഏറ്റവും വലിയ ടെന്‍ഷന്‍ ബാറ്ററിയാണല്ലോ, പ്രോ മോഡലുകളില്‍ പോലും ബാറ്ററി നില്‍ക്കാതാകുമ്പോള്‍ മെലിഞ്ഞ ഐഫോണ്‍ എയറിന്റെ അവസ്ഥ എന്താകും? 17 പ്രോ മാക്‌സിനേക്കാള്‍ 12 മണിക്കൂര്‍ കുറവാണ് എയറിന്റെ ബാറ്ററി ലൈഫ്. മാത്രമല്ല, 16 പ്രോ മാക്‌സിനേക്കാള്‍ 6 മണിക്കൂര്‍ കുറവാണ്.