ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സാറ്റ്ലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിൽ, അൺലിമിറ്റഡ് ഇന്റർനെറ്റ് പ്ലാൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. പ്രതിമാസം മൂവായിരം രൂപ മുതലാകും പ്ലാൻ ആരംഭിക്കുകയെന്നാണ് സിഎൻബിസിയുടെ അവാസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനൊപ്പം ഒരു ഒറ്റത്തവണ ഫീസും ഉപയോക്താവിൽ നിന്ന് ഈടാക്കിയേക്കും.
സ്റ്റാർലിങ്ക് അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിലെ വിലയെക്കുറിച്ചുള്ള സൂചനയും കമ്പനി പുറത്തുവിടുന്നുണ്ട്. ഇൻ്റർനെറ്റ് സർവീസിന് ആവശ്യമായ സാറ്റലൈറ്റ് ഡിഷ് ഉപകരണത്തിന് ഏകദേശം 33,000 രൂപയാണ് വില. പ്രതിമാസ അൺലിമിറ്റഡ് ഡാറ്റ പ്ലാനിന് 3,000 രൂപ വരെയും പ്രതീക്ഷിക്കുന്നു.
ലോഞ്ചിൻ്റെ ഭാഗമായി, ഓരോ ഉപകരണം വാങ്ങുമ്പോഴും ഒരു മാസത്തെ സൗജന്യ ട്രയൽ പിരീഡ് വാഗ്ദാനം ചെയ്യാനും സ്റ്റാർലിങ്ക് പദ്ധതിയിടുന്നുണ്ട്. ഇതുവഴി ഉപഭോക്താക്കൾക്ക് പതിവായി പ്രതിമാസ പേയ്‌മെന്റുകൾ നടത്തുന്നതിന് മുമ്പായി സ്റ്റാർലിങ്കിൻ്റെ സേവനം പരീക്ഷിക്കാം.
2018 ഫെബ്രുവരി 22ന് രണ്ട് പരീക്ഷണ സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചുകൊണ്ടായിരുന്നു ഇലോൺ മസ്കിൻ്റെ സ്ഥാപനമായ സ്പേസ് എക്സ് സ്റ്റാർലിങ്കിസ് നെറ്റ്‌വര്‍ക്കിന് തുടക്കമിട്ടത്. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കുന്ന ചെറു കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ഭൂമിയില്‍ എത്തിക്കുന്ന പദ്ധതിയാണിത്. ഫാല്‍ക്കണ്‍ 9 റോക്കറ്റിലൂടെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ സ്പേസ് എക്സ് ബഹിരാകാശത്ത് വിന്യസിക്കുക. 7500-ലധികം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളാണ് ഇതുവരെ വിക്ഷേപിച്ചിരിക്കുന്നത്.